വിദേശികള്‍ക്കുള്ള പുതിയ ലെവി പിന്‍വലിക്കില്ല: ധനമന്ത്രാലയം
ജിദ്ദ: സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ജനുവരി മുതല്‍ നടപ്പാക്കിയ പുതിയ ലെവി പിന്‍വലിക്കില്ലെന്ന് സഊദി ധനമന്ത്രാലയം. ഇതോടെ സ്വദേശികള്‍ കുറവുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശികള്‍ക്ക് ഓരോ മാസവും ഈടാക്കുന്ന ലെവി അടുത്ത മാസം മുതല്‍ ഇരട്ടിയാകും.
നിലവിലുള്ള 200 റിയാലിന് പകരം നാനൂറ് റിയാലാണ് അടക്കേണ്ടത്. ഇഖാമ പുതുക്കുന്ന സമയത്ത് ഒരു വര്‍ഷത്തേക്കുള്ള തുകയായ 4800 റിയാല്‍ ഒന്നിച്ചടക്കണം. ഇതോടെ കുറഞ്ഞ ശമ്പളമുള്ള പ്രവാസികളുടെ ജീവിതം ദുരിതത്തിലാകും.
പുതിയ ലെവിയുടെ കാര്യങ്ങള്‍ 2018ലെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ലെവി നടപ്പാക്കുന്നതിന്റെ രീതിയെക്കുറിച്ച് ഇപ്പോഴും വ്യക്തമായ അറിയിപ്പ് ലഭിച്ചിട്ടില്ല. അതേസമയം ജനുവരി മുതല്‍ റീ എന്‍ട്രി അടിക്കുമ്പോഴോ ഇഖാമ പുതുക്കുമ്പോഴോ ആയിരിക്കും സ്ഥാപനങ്ങള്‍ ലെവി അടയ്‌ക്കേണ്ടത്. തൊഴിലാളികളല്ല മറിച്ച് സ്ഥാപനങ്ങളാണ് ലെവി അടയ്‌ക്കേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
വിദേശികളുടെ ആശ്രിതര്‍ക്ക് ഏര്‍പ്പെടുത്തിയ മാസാന്ത ലെവി ഇരട്ടിക്കുന്നത് കുടുംബമായി കഴിയുന്നവര്‍ക്ക് കനത്ത തിരിച്ചടിയാണ്. രണ്ടു മക്കളും ഭാര്യയുമുള്ളവര്‍ക്ക് അടക്കേണ്ടി വരിക 7200 റിയാലാണ്. ഇതോടെ ശരാശരി ശമ്പളക്കാരെല്ലാം തങ്ങളുടെ കുടുംബത്തെ നാട്ടിലേക്ക് മടക്കി അയക്കേണ്ടി വരും.
എണ്ണവിലയിലും വൈദ്യുതി നിരക്കിലുമുണ്ടാകുന്ന വില വര്‍ധനവും ജനുവരി മുതല്‍ നടപ്പിലാകുന്ന വാറ്റും പ്രാബല്യത്തിലാകുന്നതോടെ ഉല്‍പന്നങ്ങളുടെ വിലയില്‍ അഞ്ചുശതമാനം വര്‍ധനയുണ്ടാകുന്നതും ശരാശരി ശമ്പളത്തിന് ജോലിയെടുക്കുന്ന വിദേശികളുടെ നടുവൊടിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."