കരിപ്പൂര്‍: വിമാനങ്ങളുടെ ലാന്റിങ്, പാര്‍ക്കിങ് നിരക്കുകള്‍ വര്‍ധിപ്പിച്ചു
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അന്താരാഷ്ട്ര- ആഭ്യന്തര വിമാനങ്ങള്‍ക്കുള്ള ലാന്റിങ്, പാര്‍ക്കിങ് നിരക്കുകള്‍ വര്‍ധിപ്പിച്ചു. നിലവിലുളള ശൈത്യകാല ഷെഡ്യൂള്‍ മുതല്‍ 2021 മാര്‍ച്ച് വരെയുളള നിരക്കുകളാണ് എയര്‍പോര്‍ട്ട് അതോറിറ്റി വര്‍ധിപ്പിച്ചത്.
2018 മാര്‍ച്ച് വരെ ഒരു നിരക്കും തുടര്‍ന്ന് ഓരോ വര്‍ഷവും നാലുശതമാനം വര്‍ധിപ്പിച്ച നിരക്കുമാണ് ഈടാക്കുക. ഇതനുസരിച്ച് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കുകളും ഉയര്‍ത്തും.
2018 മാര്‍ച്ചിലെ ശൈത്യകാല ഷെഡ്യൂള്‍ അവസാനിക്കുന്നതുവരെ 25 മെട്രിക് ടണ്‍ ഭാരമുള്ള അന്താരാഷ്ട്ര വിമാനം കരിപ്പൂരിലിറങ്ങിയാല് 6000 രൂപയാണ് നല്‍കേണ്ടത്. ഒരു മെട്രിക് ടണ്ണിന് 240 രൂപയാണ് ഈടാക്കുന്നത്. 25 മെട്രിക് ടണ്‍ മുതല്‍ 50 മെട്രിക് ടണ്‍ വരെ ഭാരമുള്ള വിമാനങ്ങള്‍ 17,250 രൂപ നല്‍കണം.
450 രൂപയാണ് ഓരോ മെട്രിക് ടണ്ണിനും അധികം നല്‍കേണ്ടത്. 50 മുതല്‍ 100 വരെ മെട്രിക് ടണ്‍ ഭാരമുള്ളവക്ക് 520 രൂപ അധികം നല്‍കണം. 43,250 രൂപയാണ് ലാന്റിങ് നിരക്ക്. 200 മെട്രിക് ടണ്‍വരെ ഒരു മെട്രിക് ടണ്ണിന് 600 രൂപ അധികം നല്‍കണം. ഇതനുസരിച്ച് 1,03,250 രൂപ നല്‍കണം.200ന് മുകളില്‍ 720 രൂപയാണ് കിലോക്ക് നല്‍കേണ്ടി വരിക.
ആഭ്യന്തര നിരക്കില്‍ ഒരു മെട്രിക് ടണ്ണിന് 160 രൂപയാണ് ഈടാക്കുക.25 മെട്രിക് ടണ്ണിന് 2018 മാര്‍ച്ച് വരെ 4000 രൂപയാണ് നല്‍കേണ്ടത്.
25 മെട്രിക് ടണ്ണിന് മുകളില്‍ ഓരോ മെട്രിക് ടണ്ണിനും 280 രൂപ നിരക്ക് വച്ചും 50 മുതല്‍ 100വരെ 320 രൂപ വച്ചും 100 മുതല്‍ 200 വരെ 390 രൂപയും 200 മുകളില്‍ 440 രൂപയും അധികം നല്‍കണം.സമയ ബന്ധിതമായി നിരക്ക് അതോറിറ്റിക്ക് നല്കിയാല് ഭാരത്തിനനുസരിച്ച് ഒരു ശതമാനം മുതല്‍ അഞ്ചു ശതമാനം വരെ നിരക്ക് കുറച്ച് നല്കിയാല് മതി.
2019 മാര്‍ച്ച് 31 ന് ശേഷം 2021 വരെ ഓരോ വര്‍ഷവും ഒരു മെട്രിക് ടണ്ണിന് വീണ്ടും നാലു ശതമാനം വീതം വര്‍ധനയുണ്ടാകും. വിമാനങ്ങള്‍ റണ്‍വെ ഏപ്രണില്‍ നിര്‍ത്തിയിടുന്നതിന് മണിക്കൂറിനുള്ള നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."