HOME
DETAILS

ലഹരിപൂക്കുന്ന മനസ്സുകള്‍

  
backup
December 20 2017 | 00:12 AM

about-sexual-mind-spm-today-articles

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള ലൈംഗികമായ അതിക്രമങ്ങളുടെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ ദിനംപ്രതി മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന കാലമാണിത്. കേട്ടും കണ്ടും മനസ്സു തഴമ്പിച്ചതുകൊണ്ടാകാം അത്തരം വാര്‍ത്തകളോടു നിസ്സംഗമായി പ്രതികരിക്കാനും ഇപ്പോള്‍ നമ്മള്‍ പഠിച്ചു. അധമപ്രവൃത്തികളുടെ വളരെച്ചെറിയ ചിത്രം മാത്രമേ പുറംലോകത്തെത്തുന്നുള്ളൂ. പലപ്പോഴും ഭയംകൊണ്ട് ഇരകള്‍ പീഡനം പുറത്തുപറയാറില്ല.
മനുഷ്യന്‍ ഉത്ഭവിച്ച കാലംതൊട്ടു ലൈംഗികതയുമുണ്ടല്ലോ. എന്നാല്‍, അടുത്തകാലത്താണു ലൈംഗികാതിക്രമങ്ങള്‍ വല്ലാതെ വര്‍ധിച്ചത്. ആദി ജീവിതരീതികളില്‍ നിന്നു മാനവകുലം നേടിയെന്ന് അവകാശപ്പെടുന്ന പരിഷ്‌കാരങ്ങളുടെയും മേന്മകളുടെയും അന്തഃസത്ത ഇല്ലാതാക്കുന്നു ഇപ്പോള്‍ കണ്ടുവരുന്ന ജീര്‍ണതകള്‍.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നു ഭരണകൂടങ്ങളും നയപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നവരും ആലോചിക്കേണ്ടതാണ്. സമൂഹത്തിന്റെ മൂല്യബോധത്തെ സ്വാധീനിക്കുന്ന വിദ്യാഭ്യാസസംവിധാനങ്ങള്‍ ഉണ്ടാക്കുന്നവരും നിയമജ്ഞരും മാധ്യമപ്രവര്‍ത്തകരും ഇക്കാര്യം ചിന്തിക്കേണ്ടിയിരിക്കുന്നു. നമുക്ക് എവിടെയോ തെറ്റുപറ്റിയിട്ടുണ്ട്. മലയാളിത്തം നഷ്ടമായപ്പോള്‍ സംഭവിച്ച വീഴ്ചകളില്‍ നിന്നു പാഠം പഠിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ആവിഷ്‌കാരസ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം തുടങ്ങി പടിഞ്ഞാറന്‍ ലോകം മുന്നോട്ടുവച്ച പല ആശയങ്ങളുണ്ട്. ഇവയില്‍ പലതും കേള്‍ക്കാന്‍ ഭംഗിയുള്ളവയാണ്. നല്ല വാക്കുകളില്‍ അവതരിപ്പിക്കപ്പെട്ടവയുമാണ്. എന്നാല്‍, പ്രായോഗികതലത്തിലെത്തുമ്പോള്‍ ഇവ അപകടകാരികളായി മാറുന്നു. അറിഞ്ഞോ അറിയാതെയോ ഇവയെ വാരിപ്പുണര്‍ന്ന നമ്മളും സാംസ്‌കാരികച്യുതിയില്‍ അകപ്പെട്ടുപോകുന്നു.
പല കാര്യങ്ങളിലും ലോകോത്തര മാതൃക സൃഷ്ടിച്ച കേരളവും മലയാളികളും ആഗോളതലത്തില്‍ നടക്കുന്ന തിന്മകളെ ഇന്നു മറ്റ് ഇന്ത്യന്‍പ്രദേശങ്ങളേക്കാള്‍ പുണരുന്നുവെന്നു തോന്നിയിട്ടുണ്ട്. സാംസ്‌കാരികപുരോഗതി നേടിയെന്നു നമ്മള്‍ അവകാശപ്പെടുന്നുണ്ടല്ലോ. അതിനു വിപരീതമാണ് ഇപ്പോള്‍ കണ്ടുവരുന്ന ലൈംഗികാതിപ്രസരം. അച്ഛനമ്മമാരില്‍ നിന്നുതന്നെ മക്കള്‍ ഉപദ്രവങ്ങള്‍ക്കിരയാകുന്നു. മാതൃസഹോദരി, അമ്മാവന്‍, സഹോദരന്‍ തുടങ്ങിയവരൊക്കെ പീഡിപ്പിക്കുകയോ കൂട്ടുനില്‍ക്കുകയോ ചെയ്ത സംഭവങ്ങള്‍ ഏറെയുണ്ടായി.
പലപ്പോഴും ഈ വിഷയം അവതരിപ്പിക്കപ്പെടുന്നത് ഒരൊറ്റ ആശയത്തില്‍ ഊന്നിനിന്നു കൊണ്ടാണ്. പെണ്‍കുട്ടിയും അവളുടെ വേഷവുമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന തരത്തിലാണു ചര്‍ച്ചകള്‍ ഉയരാറുള്ളത്. അതില്‍ കഴമ്പില്ലെന്നല്ല. വലിയ അളവോളം പെണ്‍കുട്ടിയുടെ വേഷം അവളെ രക്ഷിക്കുന്നു. ചിലപ്പോള്‍ അത് അവളെ ശിക്ഷിക്കുകയും ചെയ്യുന്നു.
മുസ്‌ലിംപെണ്‍കുട്ടികളുടെ കാര്യം വരുമ്പോള്‍ പലപ്പോഴും മതം തന്നെ പ്രതിസ്ഥാനത്തു നിര്‍ത്തപ്പെടുന്നതാണ് കാണുന്നത്. എന്നാല്‍, വേഷത്തിന്റെ കാര്യത്തില്‍ പുരുഷനോടും സ്ത്രീയോടും ഒരേ ഭാഷയാണ് ഇസ്‌ലാം ഉപയോഗിച്ചിട്ടുള്ളത്, ഔറത്ത് അഥവാ നഗ്നത മറയ്ക്കുക. അല്ലാഹു പറയുന്നതു നോക്കൂ: 'വിശ്വാസികളായ പുരുഷന്മാരോട് അവരുടെ നോട്ടം നിയന്ത്രിക്കാനും ലൈംഗികതയുള്ള ഭാഗങ്ങള്‍ മറയ്ക്കാനും പറയുക'(സൂറതുന്നൂര്‍ 30). ഇത് ആണിനോടുള്ള കല്‍പ്പനയാണ്.
തൊട്ടടുത്ത സൂക്തം പെണ്ണിനോടും ഇതേകാര്യം ആവശ്യപ്പെടുന്നു. പുരുഷനോടു പൊതുവായി ഇക്കാര്യം പറയുമ്പോള്‍ സ്ത്രീയോടു പ്രത്യേകമായി അവള്‍ ശ്രദ്ധിക്കേണ്ട സ്ഥലങ്ങളും വ്യക്തികളും എടുത്തു പറയുന്നുവെന്നു മാത്രം. ഖുര്‍ആന്റെ ഭാഷ്യം വളരെ ശ്രദ്ധേയമാണ്. ലൈംഗികപരതയുള്ള ഭാഗങ്ങളാണു നഗ്നതയെന്ന പരിധിയില്‍ വരുന്നത്.
പുരുഷനും സ്ത്രീയും തുല്യവക്തികള്‍ തന്നെയെന്നതില്‍ എതിരഭിപ്രായമില്ല. പക്ഷേ, പുരുഷശരീരം പോലെയാണോ സ്ത്രീശരീരം. ശാസ്ത്രീയമായി തന്നെ വിഭിന്നമാണത്. അതുകൊണ്ട് സ്ത്രീ അല്‍പ്പംകൂടി ശ്രദ്ധിക്കണമെന്ന് ഇസ്‌ലാമും മറ്റു മതങ്ങളും പറയുന്നു.
ഇപ്പോള്‍ നടക്കുന്ന ലൈംഗികജീര്‍ണതയ്ക്കു കാരണം സഹോദരിമാരുടെ വേഷം മാത്രമാണെന്നു പറയുന്നതു ശരിയല്ല. പര്‍ദയിട്ടവളും പീഡിപ്പിക്കപ്പെടുന്നുണ്ട്. പിഞ്ചുകുട്ടികളും വൃദ്ധകളും ആണ്‍കുട്ടികളും ലൈംഗികജീര്‍ണതയ്ക്ക് ഇരകളാവുന്നു. കേരളത്തിലെ സാമൂഹികാവസ്ഥ പരിതാപകരമായ അവസ്ഥയിലെത്തിയത് മനഃപൂര്‍വമായ ചില ആസൂത്രണങ്ങളുടെ ഭാഗമായാണെന്നു തോന്നിയിട്ടുണ്ട്. മാര്‍ക്കറ്റ് കൈയാളുന്നവര്‍ക്കും ധനം ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്കും ഇക്കാര്യത്തില്‍ വലിയ പങ്കുണ്ട്. വീട്ടില്‍നിന്നും വസ്ത്രത്തില്‍നിന്നും പെണ്ണു പുറത്തിറങ്ങലാണ് എല്ലാ പ്രശ്‌നത്തിനുമുള്ള പരിഹാരമെന്നു നിരന്തരം വാദിച്ചും അതിനാവശ്യമായ മണ്ണൊരുക്കിയും മാര്‍ക്കറ്റും അതു നിയന്ത്രിക്കുന്നവരും നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിജയം കാണുന്നുവെന്നു വേണം കരുതാന്‍.
നമ്മുടെ നാട്ടില്‍ നടക്കുന്ന മറ്റു ചിലതും കാണാതിരുന്നുകൂടാ. ഒന്ന് ലഹരിയുടെ അമിതോപയോഗമാണ്. ലൈംഗികസംതൃപ്തി മാത്രമാണ് പുരുഷന് ആവശ്യമുള്ളതെങ്കില്‍ അതു സ്ത്രീശരീരത്തെ ഉപദ്രവിക്കാതെയും വേദനപ്പെടുത്താതെയും നടത്താന്‍ കഴിയും. എന്നാല്‍, പലപ്പോഴും പീഡനക്കേസുകളില്‍ ശാരീരികോപദ്രവം വലിയ അളവില്‍ കാണാം. ഡല്‍ഹിയിലെ നിര്‍ഭയകേസും മലയാളക്കരയെ ഞെട്ടിച്ച ജിഷാവധക്കേസും ഉദാഹരണം. ഇരയെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തുകയെന്നതാണു സംഭവിച്ചത്.
ഇത്തരത്തില്‍ ക്രൂരമായി പീഡിപ്പിക്കുന്നതിനു പിന്നില്‍ ലഹരി തന്നെയാണുള്ളത്. സ്വബോധത്തോടെ ഒരു മനുഷ്യനും ചെയ്യാനാവാത്ത ക്രൂരത ലഹരിയുടെ നിറവില്‍ പ്രതി ചെയ്യുന്നു. ഒരച്ഛനും സഹോദരനും മകളോടോ പെങ്ങളോടോ സ്വബോധത്തോടെ തെറ്റു ചെയ്യില്ല. കള്ളും കഞ്ചാവുമുപയോഗിച്ചു ബുദ്ധി മരവിക്കുമ്പോള്‍ മനുഷ്യന്‍ മൃഗമായി മാറും. അവന്റെ ഉള്ളിലെ കാമത്തെ മാത്രമല്ല, അധികാരബോധത്തെയും സാഡിസത്തെയും പുരുഷമേധാവിത്വബോധത്തെയും തൃപ്തിപ്പെടുത്താനായി ബലാത്സംഗത്തെ ഉപയോഗിക്കും.
ആരോഗ്യമുള്ള സമൂഹം വേണമെന്നാഗ്രഹിക്കുന്നവര്‍ സമ്പൂര്‍ണ മദ്യനിരോധനത്തിനും ലഹരിനിരോധനത്തിനും വേണ്ടി ശബ്ദമുയര്‍ത്തേണ്ടതാണ്. ഭരിക്കുന്നവര്‍ക്കു മദ്യം വരുമാനമാര്‍ഗമാണ്. സമൂഹത്തിന് അതുണ്ടാക്കുന്ന ക്ഷതം അവഗണിക്കാനാവില്ല. ലഹരിയുടെ അഗ്നിനാളങ്ങള്‍ ഒരു തലമുറയെ എരിച്ചുതീര്‍ക്കുമ്പോള്‍ വല്യേട്ടനും അപ്ഫന്‍ തിരുമേനിയും കളിച്ചുകളയുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടത്. കഴിഞ്ഞ സര്‍ക്കാര്‍ ഭാഗികമായെങ്കിലും നടപ്പാക്കിയ മദ്യനിരോധന നയം അട്ടിമറിച്ചതിലൂടെ ഇപ്പോഴത്തെ സര്‍ക്കാരിനു പണം കൂടുതല്‍ കിട്ടുന്നുണ്ടാവാം. എന്നാല്‍, അതു മനുഷ്യന്റെ തലച്ചോറു തന്നെ ഊറ്റിയെടുത്ത രക്തമാണെന്നു മറക്കരുത്.
രണ്ടാമത്തെ കാരണം ഇതിലും തീവ്രമാണ്. പീഡനങ്ങളിലേക്കും നിഷ്ഠൂരമായ ബലാത്സംഗങ്ങളിലേക്കും ചെന്നെത്തുന്നത് സാധാരണമനുഷ്യര്‍ തന്നെയാണല്ലോ. പലപ്പോഴും മധ്യവയസ്‌കരും വൃദ്ധരുംവരെ പ്രതിസ്ഥാനത്തു നില്‍ക്കുന്നുണ്ട്. ആയുസ്സില്‍ അതുവരെ ഇത്തരം പാപങ്ങള്‍ ചെയ്യാത്തവരാണ് ഇവരൊക്കെ. പൊതുസമൂഹത്തില്‍ ജീവിക്കുന്നവര്‍. ഇവിടെയാണു മലയാളിയുടെ നിത്യജീവിതത്തില്‍ സാങ്കേതികവിദ്യയുണ്ടാക്കിയ മാറ്റം നമ്മള്‍ മനസ്സിലാക്കാതെ പോകുന്നത്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇന്റര്‍നെറ്റ് ലോകവ്യാപകമായി ലഭ്യമാകുന്ന സാഹചര്യമുണ്ടായി. എല്ലാം ലഭ്യമാക്കുന്ന ഇന്റര്‍നെറ്റ് പാപത്തിന്റെ ലഹരിയും വ്യാപകമായി വിതരണം ചെയ്തു. അതുവരെ സ്വകാര്യമെന്നു കരുതപ്പെട്ടതെല്ലാം ഇന്റര്‍നെറ്റില്‍ സുലഭമായി. പണക്കാരുടെ വീട്ടിലെ കംപ്യൂട്ടറില്‍നിന്ന് ഇന്റര്‍നെറ്റ് കഫേകളിലേക്ക് ഈ ഭൂതം കുടിയേറി. പിന്നീടത് ഓരോരുത്തരുടെയും കൈയിലെ മൊബൈല്‍ ഫോണിലേക്കും വന്നു.
അടച്ചിട്ട മുറിയിലിരുന്നു ഭാര്യയും ഭര്‍ത്താവും ചെയ്യേണ്ട ലൈംഗികത പല പേരിലും രീതിയിലും ഓരോരുത്തരുടെയും കൈയിലേക്കു വന്നിരിക്കുന്നു. അതെല്ലാം ഡൗണ്‍ലോഡ് ചെയ്ത് കണ്ടുകണ്ടു മനസ്സില്‍ മറ്റൊരു ചിന്തയ്ക്കും ഇടമില്ലതായിരിക്കുന്നു. ഇന്റര്‍നെറ്റ് ദാതാക്കള്‍ മനംമയക്കുന്ന ഓഫറുകളുമായി മാര്‍ക്കറ്റില്‍ നിറയുന്നു. റീചാര്‍ജ് ചെയ്തു കണ്ടും അറിഞ്ഞും കാമം ഉള്ളില്‍ നുര ചിന്തുന്നു. അവസരം കിട്ടുമ്പോള്‍ അതു പ്രയോഗിക്കുന്നു. നിഷേധിക്കപ്പെടുമ്പോള്‍ പൊട്ടിത്തെറിക്കുന്നു. പീഡനമെന്നും ബലാത്സംഗമെന്നും ഒറ്റവാക്കില്‍ പേരിട്ടു മാധ്യമങ്ങളും ഈ കളിയില്‍ കാര്യമായ പങ്കു വഹിക്കുന്നു.
മൂല്യങ്ങളുടെ എല്ലാ അതിര്‍വരമ്പും ലംഘിച്ചുകൊണ്ടുള്ള ലൈംഗികത പച്ചയായി വിളമ്പുന്ന ധാരാളം കഥകള്‍ വിവിധസൈറ്റുകളില്‍ ലഭ്യമാണ്. പെണ്ണിനെ വളയ്ക്കുന്നതും ഉപയോഗിക്കുന്നതുമായ കാര്യങ്ങള്‍ പൊടിപ്പും തൊങ്ങലും വച്ച് അവതരിപ്പിക്കുന്ന ഇത്തരം കഥകള്‍ വ്യക്തിയെ ഭീകരമായ മാനസികാവസ്ഥയിലേക്കാണ് എത്തിക്കുന്നത്. പല പീഡനക്കേസുകളും കാണുമ്പോള്‍ പ്രതിക്ക് അമ്മയെയും പെങ്ങളെയും തിരിച്ചറിയില്ലേയെന്നു നമ്മള്‍ സ്വാഭാവികമായി ചോദിക്കാറുണ്ട്. യഥാര്‍ഥത്തില്‍ അവരുടെ മുന്നില്‍ അമ്മയും സഹോദരിയുമില്ലെന്നതു തന്നെയാണു സത്യം.
അവരുടെ മുന്നിലുള്ളതു പെണ്ണു മാത്രമാണ്. ഭോഗിക്കാനും കാമപൂര്‍ത്തീകരണത്തിനുമുള്ള കേവലം ഉപകരണം മാത്രം. മകളെയും പെങ്ങളെയും അമ്മയെയും ഉപയോഗിക്കുന്ന കഥകള്‍ നിരന്തരം വായിച്ചും കേട്ടും മനസ്സ് പിടിവിട്ടു പോകുന്നു. അവസരം കിട്ടുമ്പോള്‍ തെറ്റിലേക്കു പതിക്കുന്നു. രതി പാപമല്ലെന്നും വ്യഭിചാരം ശരിയാണെന്നുമുള്ള മാനസികാവസ്ഥയിലേക്കു വ്യക്തിയെ മാറ്റുകയാണ് ഇത്തരം കഥകള്‍ ചെയ്യുന്നത്.
ഇത്തരം വിഷയത്തില്‍ നടക്കുന്ന പഠനങ്ങള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണു പുറത്തുകൊണ്ടുവരുന്നത്. കേരളത്തിലെ 100 കൗമാരക്കാരായ ആണ്‍കുട്ടികളില്‍ 66 പേരും പോണ്‍ഫിക്ഷന്‍ വായിക്കുകയും വിഡിയോ കാണുകയും ചെയ്യുന്നുണ്ട്. പെണ്‍കുട്ടികളില്‍ ഇത് 28 ആണ്. സ്‌കൂളുകളിലും കോളജുകളിലും ആണ്‍കുട്ടികള്‍ പോണ്‍സൈറ്റുകളും വിഡിയോകളും കഥകളും എല്ലാം പെണ്‍കുട്ടികള്‍ക്കും പങ്കുവയ്ക്കുന്നു. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ക്കായി പെണ്‍കുട്ടികള്‍ സഹപാഠികളായ ആണ്‍കുട്ടികളുടെ സഹായം ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ക്കായി സഹായം ചെയ്യുന്ന മൊബൈല്‍ ഷോപ്പുകളും ഇന്റര്‍നെറ്റ് കടകളും വ്യാപകമാണ്. റാക്കറ്റുകളും നെറ്റ്‌വര്‍ക്കുകളും മാഫിയാസംഘങ്ങളും ഇത്തരം കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നുവെന്നത് ഇന്ന് എല്ലാവര്‍ക്കുമറിയാം. പലപ്പോഴും കേസുകളും അന്വേഷണങ്ങളും ആവശ്യമായ ഫലം ചെയ്യുന്നില്ലെന്നതാണു സത്യം. പാശ്ചാത്യമനഃശാസ്ത്രജ്ഞരും മറ്റും രൂപപ്പെടുത്തിയെടുക്കുന്ന തട്ടിക്കൂട്ട് നിയമങ്ങളുടെ മറപറ്റി നമ്മളും സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു.
ലിവിങ് ടുഗെദര്‍ പോലെയുള്ള അപകടകരമായ ആശയങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നു. മിശ്രവിവാഹങ്ങള്‍ക്കു സര്‍ക്കാര്‍ ധനസഹായം നല്‍കുന്നു. നമ്മുടെ നികുതിപ്പണമാണ് മിശ്രവിവാഹമടക്കമുള്ള കാര്യങ്ങള്‍ക്കു സഹായം നല്‍കാന്‍ ഗവണ്‍മെന്റ് ഉപയോഗിക്കുന്നത്. പ്രണയവും ഒന്നിച്ചുള്ള ജീവിതവുമാണ് ശരിയെന്ന തരത്തില്‍ ചിന്തിക്കുന്നതു വളരെക്കുറച്ച് ആളുകളാണ്. എന്നാല്‍, അത്തരക്കാരാണ് നാട്ടിലുള്ളതെല്ലാമെന്ന തരത്തിലാണു നിയമങ്ങളും കോടതിയും സംവിധാനങ്ങളും പോകുന്നത്. വ്യക്തിസ്വാതന്ത്ര്യമെന്ന പേരില്‍ നടത്തപ്പെടുന്ന ആഭാസങ്ങള്‍ക്കു കുടപിടിക്കുന്ന തരത്തിലാണു കാര്യങ്ങള്‍ പോകുന്നത്.
പൊതുസമൂഹത്തിന് ഇവിടെ ഒരുപാടു കാര്യങ്ങള്‍ ചെയ്യാനുണ്ട്. മദ്യവും മയക്കുമരുന്നും മനുഷ്യനെ നശിപ്പിക്കുകയാണ്. ഇന്റര്‍നെറ്റിന്റെ ദുരുപയോഗം എല്ലാ പരിധികളും ലംഘിച്ചു തുടങ്ങിയിരിക്കുന്നു. മദ്യത്തിനും മയക്കുമരുന്നിനും ലഹരിക്കും എതിരേ നാടൊട്ടുക്കും പ്രതികരണങ്ങളും ബോധവത്കരണങ്ങളും നടക്കുന്നതുപോലെ ഇന്റര്‍നെറ്റിന്റെ ദുരുപയോഗത്തിനെതിരെയും ബഹുമുഖബോധവത്കരണങ്ങള്‍ നടക്കണം. അശ്ലീലം വില്‍പ്പന നടത്തുന്ന സൈറ്റുകള്‍ നിരോധിക്കേണ്ടതാണ്. അതുപോലെ ലൈംഗികകുറ്റകൃത്യങ്ങള്‍ക്ക് ഉചിതവും മാതൃകാപരവുമായ ശിക്ഷ നടപ്പാക്കപ്പെടുന്ന സാഹചര്യവും ഉണ്ടാവണം.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാനവ്യാപകമായി ലഹരിക്കും മറ്റ് അഡിക്ഷന്‍സിനുമെതിരേ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ പോലെ പൊതുസമൂഹത്തിലെ ക്ലബ്ബുകളെയും സംവിധാനങ്ങളെയുമെല്ലാം ഉപയോഗിച്ച് അടിസ്ഥാനപരമായ മാറ്റത്തിനു ശ്രമിക്കേണ്ട സമയം വൈകിയിരിക്കുന്നു. അല്ലാത്തപക്ഷം മൂല്യബോധം നഷ്ടപ്പെട്ടു ജീര്‍ണിച്ച, ഒരു നിയന്ത്രണത്തിനും വഴങ്ങാത്ത തലമുറയാകും വളര്‍ന്നുവരിക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  10 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  10 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  10 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  10 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  10 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  10 days ago
No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  10 days ago
No Image

66.5 ഏക്കർ ദേവസ്വം ഭൂമി എൻ.എസ്.എസ് കൈയേറി; തിരിച്ചുപിടിക്കാൻ നടപടികളുമായി മലബാർ ദേവസ്വം

Kerala
  •  10 days ago
No Image

സുസ്ഥിര ജലസ്രോതസ്സുകള്‍ ഉറപ്പാക്കാന്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സഊദി കിരീടാവകാശി

Saudi-arabia
  •  10 days ago
No Image

യുഎഇ കാലാവസ്ഥ; താപനില 7 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞേക്കും

uae
  •  10 days ago