2020 ലെ ഒളിംപിക്സിനായി ഡാമില്‍ പരിശീലനം നടത്തുന്ന പതിനാറുകാരി
റാഞ്ചി: റിയോ ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് മെഡലുകള്‍ പലതും വഴുതിപോവുകയാണ്. ആകാംഷയോടെ കാത്തിരുന്ന പല ഇനങ്ങളിലും നിരാശയാണ് ഫലം. എന്നാല്‍ റിയോയില്‍ താരങ്ങള്‍ മത്സരിക്കുമ്പോള്‍ ഭാവിയുടെ നീന്തല്‍ താരങ്ങള്‍ ഇവിടെ ജാര്‍ഖണ്ഡില്‍ പരിശീലനത്തിലാണ്. ഇവര്‍ പരിശീലനം നടത്തുന്നത് രാജ്യാന്തര തലത്തിലുള്ള സ്വിമിങ് പൂളുകളിലല്ല. പകരം സമീപത്തെ കരകവിഞ്ഞൊഴുകുന്ന ഡാമിലാണ്.
16 കാരിയായ രേഖാകുമാരിയും സംഘവും എല്ലാ ദിവസവും രാവിലെ പരിശീലനത്തിനായി എത്തും. റാഞ്ചിയില്‍ നിന്നും 10 കിലോമീറ്റര്‍ ഉള്ളിലായുള്ള ഒരു ഡാമിലാണ് ഇവരുടെ പരിശീലനം.
അവര്‍ക്ക് വേറെ മാര്‍ഗങ്ങളില്ല. സ്വിമിങ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ രാജ്യവ്യാപകമായി പാവപ്പെട്ട കുട്ടികള്‍ക്കായി നടത്തുന്ന പരിശീലനത്തിന്റെ ഭാഗമാണ് ഇവരും. ഇവരെ രാജ്യാന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും ഉയര്‍ത്തിക്കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇവര്‍ക്ക് ആവശ്യമായ ഒരു സ്വിമിങ് പൂള് ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല.
കിലോമീറ്ററുകള്‍ക്കകലെ 2011 ലെ ദേശീയ ഗെയിംസിന്റെ ഭാഗമായി നിര്‍മിച്ച സ്വിമിങ് കോംപ്ലക്സ് ഉണ്ടെങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷമായി ഇത് പൂട്ടിക്കിടക്കുകയാണ്.
മതിയായ ഡൈവിങ് പോയിന്റുകളില്ലെങ്കിലും ഇവര്‍ക്ക് ഊര്‍ജം നല്കി കോച്ച് ഉമേഷ് കൂടെതന്നെയുണ്ട്.
"അതെ ഞങ്ങള്‍ക്ക് പേടിയുണ്ട്. പക്ഷേ 2020ലെ ഒളിംപിക്സ് മെഡല്‍ സ്വന്തമാക്കണമെങ്കില്‍ പേടി കൂടാതെ ഞങ്ങളിത് ചെയ്തേ പറ്റു." രേഖ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."