'മിസ്റ്റര്‍ ട്രംപ്, നിങ്ങളുടെ ചില്ലി ഡോളറുകള്‍ കൊണ്ട് തുര്‍ക്കിയുടെ ജനാധിപത്യത്തെ വാങ്ങാനാവില്ല': പൊട്ടിത്തെറിച്ച് ഉര്‍ദുഗാന്‍
അങ്കാറ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പാഠം പഠിപ്പിക്കണമെന്ന ആഹ്വാനവുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ജറൂസലമിനെ ഇസ്‌റാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച യു.എസ് നടപടിക്കെതിരെ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ഉര്‍ദുഗാന്റെ പരാമര്‍ശം.
അമേരിക്കയുടെ തീരുമാനത്തിനെതിരെ വോട്ടു ചെയ്യുന്നവര്‍ക്കെതിരെ ഭീഷണിയുമായി യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലെ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ഇതിനു മറുപടിയായാണ് ഉര്‍ദുഗാന്റെ പ്രസ്താവന. സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്നും തങ്ങള്‍ക്കെതിരെ വോട്ടുചെയ്യുന്നവരെ നോക്കിവയ്ക്കുമെന്നും നിക്കി ഹാലെ ഭീഷണിപ്പെടുത്തിയിരുന്നു.
''മിസ്റ്റര്‍ ട്രംപ്, നിങ്ങളുടെ ഡോളറുകള്‍ കൊണ്ട് തുര്‍ക്കിയുടെ ജനാധിപത്യത്തെ വാങ്ങാനാവില്ല. ഞങ്ങളുടെ തീരുമാനം വ്യക്തമാണ്''- ഉര്‍ദുഗാന്‍ പ്രസ്താവിച്ചു.
''ഞാന്‍ ലോകത്തെ എല്ലാവരോടും പറയുകയാണ്: ചില്ലി ഡോളറിനു വേണ്ടി നിങ്ങളുടെ ജനാധിപത്യ പോരാട്ടത്തെ അടിയറ വയ്ക്കരുത്''- ഉര്‍ദുഗാന്‍ തുടര്‍ന്നു.
''യു.എന്നില്‍ നിന്ന് യു.എസ് പ്രതീക്ഷിക്കുന്ന വോട്ടുകള്‍ ലഭിക്കരുതെന്ന് ഞാന്‍ ആശിക്കുന്നു. അതിലൂടെ യു.എസിന് നല്ലൊരു പാഠം പഠിപ്പിക്കാനാവും''- ശക്തമായ ഭാഷയില്‍ ഉര്‍ദുഗാന്‍ പറഞ്ഞു.
ഡിസംബര്‍ ആറിനായിരുന്നു ട്രംപിന്റെ വിവാദ പ്രഖ്യാപനം. ജറൂസലമിനെ ഇസ്‌റാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചതിനെതിരെ അന്താരാഷ്ട്ര സമൂഹം വ്യക്തമായ നിലപാടോടെ രംഗത്തുവന്നു. പിന്നാലെ, ഈജിപ്തിന്റെയും തുര്‍ക്കിയുടെയും നേതൃത്വത്തില്‍ അമേരിക്കന്‍ തീരുമാനത്തിനെതിരെ പ്രമേയവും കൊണ്ടുവന്നു.
യു.എന്‍ സുരക്ഷാ സമിതിയില്‍ വോട്ടിനു വച്ച പ്രമേയം അമേരിക്ക വീറ്റോ ചെയ്തിരുന്നു. പിന്നാലെയാണ്, യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പ്രമേയം വോട്ടിനു വയ്ക്കാന്‍ പാലസ്തീന്‍ അനുകൂല രാഷ്ട്രങ്ങള്‍ നീക്കം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."