വയനാട് ഫ്‌ളവര്‍ഷോയ്ക്ക് ഇന്ന് തിരിതെളിയും
കല്‍പ്പറ്റ: കല്‍പ്പറ്റ ഇന്നുമുതല്‍ പുഷ്‌പോത്സവ ലഹരിയിലേക്ക്. വയനാട് ഫ്‌ളവര്‍ഷോയ്ക്കുള്ള ഒരുക്കങ്ങളെല്ലാം ബൈപ്പാസ് മൈതാനിയില്‍ പൂര്‍ത്തിയായി. ഇന്നു മുതല്‍ ജനുവരി ഏഴുവരെയാണ് ഫ്‌ളവര്‍ഷോ നടക്കുന്നത്. അഞ്ചര ഏക്കറില്‍ വിവിധതരത്തിലുള്ള ഒരുലക്ഷം ചെടികളാണ് ഷോയുടെ ഭാഗമായി പ്രദര്‍ശനത്തിന് ഉണ്ടാകുക.
ഇതിനായി അമ്പലവയല്‍, സുല്‍ത്താന്‍ ബത്തേരി, കാക്കവയല്‍, ഗുണ്ടല്‍പ്പേട്ട, ബംഗളുരു, മുബൈ, പുനെ എന്നിവിടങ്ങളിലെ നഴ്‌സറികളില്‍നിന്നും ചെടികള്‍ എത്തിക്കഴിഞ്ഞു.
ബൈപ്പാസ് മൈതാനത്ത് തന്നെ കൃഷിചെയ്ത പച്ചക്കറി തോട്ടങ്ങളാണ് ഇത്തവണത്തെ മേളയുടെ പ്രത്യേകത. വെളുത്തുള്ളി, ചെറിയുള്ളി, ബീറ്റ് റൂട്ട്, കാരറ്റ്, കാപ്്‌സിക്കം തുടങ്ങിയവാണ് മൈതാനത്ത് കൃഷിചെയ്ത വിളകള്‍. പ്രദര്‍ശനത്തില്‍ 60 ഇനം വ്യത്യസ്ത പൂക്കളാണുണ്ടാകുക. ഫ്‌ളവര്‍ഷോയ്ക്ക് ഒപ്പം വിവിധതരം കൃഷികളുടെ പ്രദര്‍ശനവും ഇത്തവണത്തെ ഷോയുടെ പ്രത്യേകതയാണ്.
വിവിധ കലാപരിപാടികളും നടക്കും. കുട്ടികള്‍ക്കായി വിവിധ വിനോദോപാധികളും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകിട്ട് ആറു മുതല്‍ സ്‌റ്റേജ് ഷോകളും വൈകുന്നേരം അഞ്ചുമുതല്‍ കാര്‍ഷിക ക്വിസ് മത്സരവും നടക്കും. പൊളാരിസ് വാഹനവും ഫ്‌ളവര്‍ഷോക്ക് മാറ്റ് കൂട്ടും.
അമ്പലവയല്‍ ചുള്ളിയോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സത്യം ചാരിറ്റബിള്‍ ട്രസ്റ്റാണ് ഫ്‌ളവര്‍ഷോ നടത്തുന്നത്. രണ്ടാം തവണയാണ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഫ്‌ളവര്‍ഷോ നടത്തുന്നതെങ്കിലും ഇത്തവണ മുതലാണ് വയനാട് ഫ്‌ളവര്‍ഷോ എന്നപേരില്‍ നടത്തുന്നത്. ട്രേഡ്മാര്‍ക്ക് എടുത്തതിനാല്‍ വരും വര്‍ഷങ്ങളിലും ഇനി വയനാട് ഫ്‌ളവര്‍ഷോ എന്ന പേരിലായിരിക്കും പരിപാടി നടക്കുക. മുതിര്‍ന്നവര്‍ക്ക് 30രൂപയും കുട്ടികള്‍ക്ക് 20രൂപയുമാണ് പ്രവേശന ഫീസ്.
എല്ലാദിസവും രാവിലെ 9.30 മുതല്‍ രാത്രി 9.30വരെയാണ് പ്രവേശമെന്നും ഫ്‌ലവര്‍ഷോക്കുള്ള ഒരുക്കം പൂര്‍ത്തിയായതായും മാനേജിങ് ട്രസ്റ്റി സിബി ജോസഫ്, ഫ്‌ലവര്‍ഷോ കണ്‍വീനര്‍ ജോബി ജോണി, ട്രസ്റ്റി ഇ.യു.എം ബഷീര്‍, ട്രസ്റ്റി അബ്ദുല്‍ സലീം എന്നിവര്‍ അറിയിച്ചു. ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."