മികച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുരസ്‌കാരം നല്‍കുന്നു
ഫണ്ട് ചെലവഴിച്ചതും നികുതി പിരിവും മാനദണ്ഡം
സ്വന്തം ലേഖകന്‍കൊണ്ടോട്ടി: സംസ്ഥാനത്തെ മികച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുരസ്‌കാരം നല്‍കുന്നു. 2016-17 വര്‍ഷത്തെ പ്രവര്‍ത്തനം അടിസ്ഥാനമാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നല്‍കുന്നത്. അപേക്ഷ സമര്‍പ്പിക്കുന്ന പഞ്ചായത്തുകള്‍ മൊത്തം വികസന ഫണ്ടിന്റെ 80 ശതമാനം ചെലവഴിച്ചിരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
തങ്ങളുടേതല്ലാത്ത കാരണത്താല്‍ ഫണ്ട് ചെലവഴിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ കാരണം തെളിയിക്കുന്ന രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. നികുതി പിരിവ് 90 ശതമാനവും മെയിന്റന്‍സ് ഫണ്ട് 80 ശതമാനവും പൂര്‍ത്തിയാക്കണം. ആശ്രയ പദ്ധതി രണ്ടാംഘട്ടം നടപ്പാക്കിയവര്‍ക്കും മൂന്ന് ഗ്രാമസഭകള്‍ കൂടിയവര്‍ക്കും സാമ്പത്തിക ക്രമക്കേട് നടത്താത്ത ജീവനക്കാരുമുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
പദ്ധതി തുകയുടെ വിനിയോഗം നന്നായി നടത്തിയ പഞ്ചായത്തുകള്‍ക്ക് 16 മാര്‍ക്ക് ലഭിക്കും. കുട്ടികള്‍ക്കുള്ള ഫണ്ട് ചെലവഴിച്ചവര്‍ക്ക് 9 മാര്‍ക്കും നികുതി പിരിവ് പൂര്‍ത്തിയാക്കിയവര്‍ക്കും ശുചിത്വ പദ്ധതി നടപ്പാക്കിയവര്‍ക്കും എട്ടുമാര്‍ക്ക് വീതവും പഞ്ചായത്ത് കമ്മിറ്റി സമയബന്ധിതമായി ചേര്‍ന്നവര്‍ക്ക് ആറുമാര്‍ക്കും ലഭിക്കും. ശേഷിക്കുന്ന പ്രവര്‍ത്തികള്‍ക്ക് ഒന്നുമുതല്‍ അഞ്ചുവരെ മാര്‍ക്കുകള്‍ നല്‍കിയാണ് മികച്ച പഞ്ചായത്തുകളെ തെരഞ്ഞെടുക്കുക.
ജില്ലാപഞ്ചായത്തുകള്‍ അനുവദിച്ച ഫണ്ടിന്റെ 70 ശതമാനം ചെലവഴിച്ചിരിക്കണം. സാമ്പത്തിക ക്രമക്കേട് നടന്ന സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. പദ്ധതി ചെലവുകള്‍ക്ക് 36 മാര്‍ക്കാണ് ലഭിക്കുക. നൂതന പദ്ധതി നടപ്പാക്കല്‍, ടി.എസ്.പി പ്രൊജക്ടുകളുടെ ചെലവ്, ഐ.എസ്.ഒ അംഗീകാരം, ലോക്കല്‍ ഫണ്ട് ഓഡിറ്റ്, മെയിന്റനന്‍സ് ചെലവ് തുടങ്ങിയവക്കെല്ലാം അഞ്ചുമാര്‍ക്ക് വീതം ലഭിക്കും.
അര്‍ഹതാ മാനദണ്ഡങ്ങള്‍ പാലിച്ച ജില്ലാ പഞ്ചായത്തുകളുടെ അപേക്ഷകള്‍ മാത്രം പരിഗണിച്ചായിരിക്കും പുരസ്‌കാരം നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."