റോഡപകടം: അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ ട്രോമാകെയര്‍ ശൃംഖല
തിരുവനന്തപുരം: റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ ട്രോമാകെയര്‍ ശൃംഖല രൂപീകരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പദ്ധതി നടപ്പാക്കുന്നത്. അപകടങ്ങളില്‍പ്പെടുന്നവരെ നിമിഷങ്ങള്‍ക്കകം ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കുന്ന ട്രോമ റെസ്‌ക്യൂ ഇനീഷ്യേറ്റീവ് (ട്രയ്) പദ്ധതി ആദ്യഘട്ടമെന്നനിലയില്‍ തിരുവനന്തപുരം നഗരത്തിലാണ് നടപ്പാക്കുന്നത്.
അപകടം നടന്നയുടന്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ വിവരമറിയിക്കണം. തിരുവനന്തപുരം സിറ്റി പൊലിസ് കണ്‍ട്രോള്‍ റൂം ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 100മായി ഏകോപിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഈ നമ്പറില്‍ വിളിച്ചാലുടന്‍ പൊലിസ് കണ്‍ട്രോള്‍ റൂമിലെ ട്രയ് മോണിറ്ററില്‍ സംഭവംനടന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള ആംബുലന്‍സ് ഏതാണെന്ന് വ്യക്തമാകും. തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവറുടെ മൊബൈലില്‍ പൊലിസിന്റെ സന്ദേശമെത്തും. ആംബുലന്‍സിലുള്ള നഴ്‌സ് നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ കഴിയുന്ന തൊട്ടടുത്തുള്ള ആശുപത്രി ഏതാണെന്ന സന്ദേശവും ഉടന്‍ ലഭിക്കും. വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യം ഉറപ്പാക്കിയായിരിക്കും ആശുപത്രിയുടേ പേര് നിര്‍ദേശിക്കുക. ഇങ്ങനെയൊരു രോഗി എത്തുന്നകാര്യം ആശുപത്രിയെയും അറിയിക്കും.
പൊതുജനങ്ങള്‍ക്ക് ട്രോമാ കെയര്‍ സംവിധാനത്തില്‍ നേരിട്ട് ബന്ധപ്പെടുന്നതിനായി പ്രത്യേക സോഫ്റ്റ്‌വെയറും പ്രവര്‍ത്തനസജ്ജമാക്കും. പേര്, വിലാസം തുടങ്ങിയ വിവരങ്ങള്‍ രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കിയാല്‍ അത്യാഹിതമുണ്ടാകുമ്പോള്‍ ഒറ്റ ബട്ടണില്‍ കണ്‍ട്രോള്‍ റൂമില്‍ വിവരങ്ങള്‍ നല്‍കാം. ഇതിന്റെ ഭാഗമായി ഐ.എം.എ നെറ്റ്‌വര്‍ക്ക് ഫോര്‍ ട്രോമ ആന്‍ഡ് എമര്‍ജന്‍സി കെയറിന്റെ (ഇന്‍ടെക്) നേതൃത്വത്തില്‍ ആംബുലന്‍സ് ജീവനക്കാര്‍ക്കും വളന്റിയര്‍മാര്‍ക്കും പരിശീലനം നല്‍കും.
സമഗ്ര റോഡപകട ജീവന്‍രക്ഷാ സംവിധാനമായ 'ട്രോമ റെസ്‌ക്യൂ ഇനീഷ്യേറ്റിവ് തിരുവനന്തപുരം', 'ഐ.എം.എ നെറ്റ്‌വര്‍ക്ക് ഫോര്‍ ട്രോമ ആന്‍ഡ് എമര്‍ജന്‍സി കെയര്‍' (ഇന്‍ടെക്) എന്നീ പദ്ധതികള്‍ 21ന് വൈകിട്ട് 5.30ന് കനകക്കുന്ന് കൊട്ടാരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഡോ. രമേഷ് കുമാര്‍ ഫൗണ്ടേഷനും സംഭാവനചെയ്യുന്ന അത്യാധുനിക ആംബുലന്‍സിന്റെ താക്കോല്‍ദാനവും മുഖ്യമന്ത്രി നിര്‍വഹിക്കും. ആംബുലന്‍സ്, ട്രോമ ആശുപത്രി ശൃംഖലയുടെ ഉദ്ഘാടനം എന്നിവ മന്ത്രി കെ.കെ ശൈലജയും ട്രയ് സോഫ്റ്റ്‌വെയറിന്റെ പ്രകാശനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ട്രയ് ലോഗോ സ്റ്റിക്കര്‍ പ്രകാശനം മേയര്‍ അഡ്വ. വി.കെ പ്രശാന്തും നിര്‍വഹിക്കും. പൊലിസിന്റെയും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."