കൊലക്കേസില്‍ ഒളിവിലായിരുന്ന പ്രതി ജീവനൊടുക്കി പ്രതിയുടെ മാതാപിതാക്കള്‍ റിമാന്‍ഡില്‍
തൊടുപുഴ: മൂലമറ്റം മൂന്നുങ്കവയല്‍ ജോമോന് (31) കൊലക്കേസിലെ മുഖ്യപ്രതി ജീവനൊടുക്കിയ നിലയില്‍. മൂന്നുങ്കവയല്‍ തോട്ടുചാലില്‍ ജെറീഷാണ് (32) ജീവനൊടുക്കിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇടതൊട്ടിയില്‍ ജോമോനെ സുഹൃത്തും ബന്ധുവുമായ ജെറീഷ് ദാരുണമായി കൊലപ്പെടുത്തി തോട്ടില്‍ തള്ളിയത്.
കൊലക്കേസില്‍ അറസ്റ്റിലായ ജെറീഷിന്റെ പിതാവ് തോമസും മാതാവ് ലീലാമ്മയും റിമാന്‍ഡിലാണ്. ഒളിവിലായിരുന്ന ജെറീഷിനായി പൊലിസ് അന്വേഷണം നടത്തി വരുമ്പോഴാണ് തൃശൂരിലെ ബന്ധുവീട്ടില്‍ ഇയാള്‍ ജീവനൊടുക്കിയ വിവരം ലഭിച്ചത്. ജെറീഷിന്റെ മാതാവ് ലീലാമ്മയുടെ പീച്ചിയിലുള്ള ബന്ധു വീട്ടില്‍ പ്രതി ശനിയാഴ്ച രാത്രിയിലാണ് എത്തിയത്. പിറ്റേന്ന് രാവിലെ പറമ്പിലെ കശുമാവില്‍ ജെറിഷ് തൂങ്ങി നില്ക്കുന്നതു കാണുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ജെറീഷ് ജോമോനെ വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ടുപോയി കുത്തി കൊലപ്പെടുത്തിയത്.
ജെറീഷിന്റെ പിതാവ് ലോട്ടറി വില്പനക്കാരിയായ പട്ടികജാതിക്കാരി സ്ത്രീയെ തലയ്ക്ക് ചുറ്റികൊണ്ടടിച്ച് പരുക്കേല്പിച്ച കേസില്‍ ജാമ്യം നില്ക്കാന് ജോമോന് വിസമ്മതിച്ചതാണ് കൊലപാതകത്തിനു കാരണമായതെന്ന് പൊലിസ് പറയുന്നു. വെള്ളിയാഴ്ച ഇവരുടെ വീട്ടിലെത്തിയ പൊലിസ് പിതാവിനോടും മാതാവിനോടും വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ ജെറീഷ് ഇവിടെയില്ലെന്നും എവിടെയാണെന്ന് അറിയില്ലെന്നും പറഞ്ഞിരുന്നു.
ഇരുവരും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. വീട് പൊലിസ് പരിശോധിച്ചപ്പോള്‍ തറയില്‍ രക്തം കാണുകയും രക്തം പുരണ്ട തുണി സമീപത്ത് കിടക്കുന്നതും കണ്ടിരുന്നു. പരിശോധനക്കിടെ സമീപമുള്ള തോടിനടുത്ത് ഒരു ലുങ്കിയും കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തോട്ടില്‍ നിന്ന് ജോമോന്റെ മൃതദേഹവും ലഭിക്കുകയായിരുന്നു. സമീപത്ത് രക്തം പുരണ്ട ഷര്‍ട്ടും കണ്ടെത്തി.
പൊലിസ് ഉടന്‍ ജെറീഷിന്റെ വീട്ടിലെത്തി പിതാവ് തോമസിനെയും മാതാവ് ലീലാമ്മയെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു.
ജെറീഷ് ജോമോനെ കൊന്നതാണെന്നും താനും മകനും കൂടി മൃതദേഹം വലിച്ചുകൊണ്ടുവന്ന് തോട്ടില്‍ ഇടുകയായിരുന്നുവെന്നും തോമസ് സമ്മതിച്ചു.
മുറിയിലെ രക്തക്കറ മാതാവ് കഴുകിക്കളഞ്ഞതാണെന്നും പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."