ലോകം ആഗ്രഹിക്കുന്നത് മിസൈലുകളല്ല സഹിഷ്ണുതയാണ് -ഡോ.അഹമ്മദ് അബ്ദുല്‍ മാലിക്
ദോഹ: ലോകം ആഗ്രഹിക്കുന്നത് സഹിഷ്ണുതയാണെന്നും മിസൈലുകളെയല്ലെന്നും ഖത്തരി എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഡോ. അഹമ്മദ് അബ്ദുല്‍ മാലിക് പറഞ്ഞു. ഇന്ത്യന്‍ മീഡിയ ഫോറം (ഐ.എം.എഫ്) ഏര്‍പ്പെടുത്തിയ പ്രത്യേക മാധ്യമ പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസ് ആലപ്പുഴ ചീഫ് റിപ്പോര്‍ട്ടര്‍ ടി വി പ്രസാദിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെ നയിക്കുന്നവരാണ് ബുദ്ധിജീവികള്‍. രണ്ടാം ലോക മഹായുദ്ധത്തിനും യൂറോപ്പിന്റെ ഉദയത്തിനും ശേഷമുള്ള കാര്യങ്ങള്‍ ഇതാണ് വ്യക്തമാക്കുന്നത്. ലോകത്തെയും ലോക നേതാക്കളെയും നയിച്ചത് സൈന്യങ്ങളല്ല ബുദ്ധിജീവികളായിരുന്നുവെന്നും ഡോ. അഹമ്മദ് അബ്ദുല്‍ മാലിക് പറഞ്ഞു.
സമാധാനമാണ് ലോകജനതയെ ഒരുമിപ്പിക്കുന്നത്. ബ്രിട്ടീഷ് സൈന്യത്തെ തന്റെ സഹിഷ്ണുതകൊണ്ട് ചെറുത്തു നിന്ന ഗാന്ധിയുടെ വിവേകത്തെ താന്‍ വിലമതിക്കുന്നു. സംസ്‌കാരത്തെയും കലയെയും രാഷ്ട്രീയത്തില്‍ നിന്നു ഭിന്നമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യന്‍ മീഡിയാ ഫോറം പോലുള്ള കൂട്ടായ്മകള്‍ ഇന്ത്യന്‍ സമൂഹത്തിന് ഗൃഹാതുരത്വം പകര്‍ന്നു നല്‍കുന്നതാണ്. ഇന്ത്യന്‍ സമൂഹം വളരെയധികം കഠിനാധ്വാനം ചെയ്യുന്നവരാണെന്ന് അവര്‍ക്കൊപ്പം ഏറെക്കാലം പ്രവര്‍ത്തിച്ച തനിക്ക് അറിയാം. അവര്‍ വിശ്വസ്തരും സഹായമനസ്‌കരുമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം നാടുവിട്ടുള്ള ഇന്ത്യക്കാരന്റെ വീടാണ് ഖത്തറെന്ന് ഐ.സി.സി പ്രസിഡന്റ് മിലന്‍ അരുണ്‍ പറഞ്ഞു. അവിടെ വച്ചു ആദരവു ലഭിച്ചുവെന്നതില്‍ പ്രസാദിന് അഭിമാനിക്കാം. ഇന്ത്യയില്‍ നിന്ന് ഏറെ അകലെയുള്ള ഈ രാജ്യത്തു വച്ച് ഇത്തരമൊരു പുരസ്‌കാരം ലഭിക്കുമെന്നു പ്രസാദ് പ്രതീക്ഷിച്ചിട്ടു പോലുമുണ്ടാകില്ലെന്നും മിലന്‍ അരുണ്‍ പറഞ്ഞു.
ഒട്ടേറെ ഭീഷണികള്‍ക്കു നടുവില്‍ നിന്നാണ് മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട വാര്‍ത്താ പരമ്പര ചെയ്തതെന്നു മറുപടി പ്രസംഗത്തില്‍ ടി വി പ്രസാദ് പറഞ്ഞു. തനിക്കു ലഭിച്ച എല്ലാ വിവരങ്ങളും വാര്‍ത്തയാക്കിയിട്ടില്ല. ഭൂമിയിലുള്ള നിയമലംഘനം മാത്രമാണ് വാര്‍ത്തയാക്കിയത്. സത്യമാണെന്ന് അന്വേഷിച്ചു ബോധ്യപ്പെട്ട കാര്യങ്ങള്‍ മാത്രമാണു റിപ്പോര്‍ട്ട് ചെയ്തതെന്നും ടി വി പ്രസാദ് പറഞ്ഞു.
റിപ്പോര്‍ട്ടിംഗിനിടയില്‍ ഒട്ടേറെ പ്രതിബന്ധങ്ങളുണ്ടായി. വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ട പല ഫയലുകളും ഓഫിസുകളില്‍ നിന്നു പൂഴ്ത്തി ഉദ്യോഗസ്ഥരില്‍ പലരും ഈ നിയമലംഘനങ്ങള്‍ക്കു കൂട്ടുനിന്നു. അവരില്‍ ചുരുക്കം ചില ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രമേ അച്ചടക്ക നടപടികളുണ്ടായിട്ടുള്ളൂ. പല ഉദ്യോഗസ്ഥരും ഇപ്പോഴും നേരത്തേ വഹിച്ച പദവികളില്‍ തുടരുകയാണെന്നും പ്രസാദ് പറഞ്ഞു.
ഐ എം എഫ് ജനറല്‍ സെക്രട്ടറി മുജീബുര്‍റഹ്മാന്‍ കരിയാടന്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ആര്‍ റിന്‍സ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുജീബുര്‍റഹ്മാന്‍ ആക്കോട് പുരസ്‌കാര ജേതാവ് ടി വി പ്രസാദിനേയും ഡോ. അഹമ്മദ് അബ്ദുല്‍ മാലിക്കിനേയും പരിചയപ്പെടുത്തി. ഐ എം എഫിന്റെ പ്രവര്‍ത്തനങ്ങള്‍, മാധ്യമ മേഖലയിലെ ടി വി പ്രസാദിന്റെ നേട്ടങ്ങള്‍ എന്നിവയെ കുറിച്ചുള്ള ഹ്രസ്വ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഐ എം എഫ് ട്രഷറര്‍ ഐ എം എ റഫീക്ക് നന്ദി പറഞ്ഞു.
കോഴിക്കോടു നിന്നുള്ള തെരുവു ഗായക കുടുംബമായ ബാബു ശങ്കര്‍, ഭാര്യ ലത, മകള്‍ കൗസല്യ എന്നിവര്‍ക്ക് ഐ എം എഫിന്റെ ഉപഹാരം മിലന്‍ അരുണ്‍ സമ്മാനിച്ചു. സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്റര്‍ കഥകും സ്വസ്തി അക്കാദമി തിരുവാതിരയും കനല്‍ നാടന്‍പാട്ടും സമീര്‍ കണ്ണൂര്‍, മൈഥിലി ഷേണായി എന്നിവര്‍ ഗാനങ്ങളും അവതരിപ്പിച്ചു. മഞ്ജു മനോജ് അവതാരകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."