സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കല്‍; നടി പാര്‍വതിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചു
കൊച്ചി: സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി നടി പാര്‍വതി നല്കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്കും എറണാകുളം റെയ്ഞ്ച് ഐ.ജി പി. വിജയനും കഴിഞ്ഞ ദിവസമാണ് പാര്‍വതി പരാതി നല്‍കിയത്. ഐ.ജിയുടെ നിര്‍ദേശ പ്രകാരം എറണാകുളം സൗത്ത് പൊലിസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അപവാദ പ്രചാരണം നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്തവരുടെ വിവരങ്ങള്‍ ഉള്‍പ്പടെയാണ് പാര്‍വതി പരാതി നല്‍കിയത്. വ്യക്തിഹത്യ നടത്താന്‍ സംഘടിത ശ്രമം നടക്കുന്നതിനൊപ്പം ഭീഷണി സന്ദേശങ്ങള്‍ രണ്ടാഴ്ചയായി തുടരുന്നതായും പരാതിയില്‍ പറയുന്നു. കൊച്ചി സൈബര്‍ സെല്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹ്യ മാധ്യമങ്ങളില്‍ നിന്നുള്ള വിശദാംശങ്ങള്‍ ശേഖരിച്ചുതുടങ്ങി. കസബ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ പാര്‍വതി ഐ.എഫ്.എഫ്.കെയുടെ ഓപ്പണ്‍ ഫോറത്തില്‍ വച്ച് വിമര്‍ശിച്ചിരുന്നു. ഇതിനെതിരേ ഒരുവിഭാഗം സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."