താമരശ്ശേരി ചുരത്തില്‍ മള്‍ട്ടി ആക്‌സില്‍ ബസുകളുടെ ഗതാഗതം നിരോധിച്ചു
താമരശേരി: ചുരത്തില്‍ മള്‍ട്ടി ആക്‌സില്‍ ബസുകളുടെയും ചരക്കു വാഹനങ്ങളുടെയും ഗതാഗതം നിരോധിച്ച് വയനാട് ജില്ലാ പൊലിസ് മേധാവി ഉത്തരവിറക്കി.
ചുരം റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്രക്കാരുടെ സുരക്ഷക്ക് ഭീഷണിയായ സാഹചര്യത്തിലാണ് ഉത്തരവ്. ഇത്തരം വാഹനങ്ങള്‍ മറ്റു വഴികളിലൂടെ ജില്ലയില്‍ പ്രവേശിക്കണമെന്ന് പൊലിസ് അറിയിച്ചു. ഉത്തരവ് ലംഘിച്ച് ചുരത്തില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍ തടയാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം വാഹനങ്ങളുടെ ആക്‌സില്‍പൊട്ടി ചുരത്തില്‍ ഗതാഗതതടസം നേരിടേണ്ടിവരുന്നുണ്ട്.
ഇതിനുപുറമെ വലിയ വാഹനങ്ങള്‍ പതുക്കെ സഞ്ചരിക്കുന്നതുമൂലം മറ്റുവാഹനങ്ങള്‍ ചുരത്തില്‍ കുടുങ്ങുകയുമാണ്. കുഴികളില്‍ ഇത്തരം വാഹനങ്ങള്‍ കയറിയിറങ്ങുമ്പോള്‍ അധികസമയം എടുക്കുന്നതും ഗതാഗത തടസം രൂക്ഷമാകാന്‍ കാരണമാകുന്നുണ്ട്. ഈ സാഹചര്യംകൂടി കണക്കിലെടുത്താണ് പൊലിസ് മേധാവിയുടെ ഉത്തരവ്. ലക്കിടിയിലും അടിവാരത്തും ഇത്തരം വാഹനങ്ങള്‍ പൊലിസ് തടയും. ഇതിനായി അടിവാരത്ത് താല്‍ക്കാലിക ചെക്ക്‌പോസ്റ്റ് നിര്‍മിച്ചിട്ടുണ്ട്.
എന്നാല്‍, നിരോധനം വന്നതിനുശേഷവും ചുരത്തിലേക്ക് ഇത്തരം വാഹനങ്ങള്‍ യഥേഷ്ടം പ്രവേശിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."