റസ്റ്റ് ഹൗസുകളിലെ കാറ്ററിങ് നടത്തിപ്പ് സ്വകാര്യ വ്യക്തികള്‍ക്ക്
കോട്ടയം: സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിനുകീഴിലുള്ള റസ്റ്റ് ഹൗസുകളിലെ കാറ്ററിങ് നടത്തിപ്പ് സ്വകാര്യ വ്യക്തികള്‍ക്ക് ലേലംചെയ്ത് നല്‍കാന്‍ തീരുമാനം.
ഇതിലൂടെ പ്രതിവര്‍ഷം കോടിക്കണക്കിന് രൂപയുടെ അധികവരുമാനം ലഭിക്കുമെന്നാണ് കരുതുന്നത്. നിലവില്‍ കാറ്ററിങ് സംവിധാനമുള്ള ഇരുപതോളം റസ്റ്റ് ഹൗസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുവരെ അതത് റസ്റ്റ് ഹൗസുകളിലെ കെയര്‍ടേക്കര്‍മാരാണ് കാറ്ററിങ് സര്‍വിസ് നടത്തിവന്നിരുന്നത്. കെയര്‍ ടേക്കര്‍മാരില്‍നിന്ന് ചുമതല മാറ്റുന്നതോടൊപ്പം പുതുതായി മുപ്പതില്‍പ്പരം റസ്റ്റ് ഹൗസുകളില്‍കൂടി കാറ്ററിങ് ആരംഭിക്കും. ഇതും സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കാനാണ് നീക്കം. ലേലനടപടികള്‍ കഴിഞ്ഞദിവസം മുതല്‍ ആരംഭിച്ചു.
വന്‍ ലാഭത്തില്‍ കാറ്ററിങ് സര്‍വിസ് നടത്തിയിട്ടും പൊതുമരാമത്ത് വകുപ്പിന് ഭീമമായ നഷ്ടംവരുത്തിയാണ് കേരളത്തിലെ റസ്റ്റ് ഹൗസുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. റസ്റ്റ് ഹൗസുകളിലെ അഴിമതി തുടച്ചുനീക്കുകയെന്ന ഉദ്ദേശ്യത്തോടെ വകുപ്പു മന്ത്രി ജി. സുധാകരന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
നടപടികള്‍ പൂര്‍ണമാകുന്നതോടെ നഷ്ടത്തിലോടിയിരുന്ന റസ്റ്റ് ഹൗസുകള്‍ ലാഭത്തിലേക്ക് നീങ്ങുകയും സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും സാധിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. റസ്റ്റ് ഹൗസുകളിലെ കാറ്ററിങ് സംവിധാനം എത്ര നല്ലനിലയില്‍ പ്രവര്‍ത്തിച്ചാലും പൊതുമരാമത്ത് വകുപ്പിന് ലഭിച്ചിരുന്നത് തുച്ഛമായ തുകയായിരുന്നു. നല്‍കുന്ന ഭക്ഷണത്തിന് രസീതും കണക്കുകളും ഇല്ലാത്തതായിരുന്നു പ്രധാന പ്രശ്‌നം. റസ്റ്റ് ഹൗസുകളിലെ മുറിവാടകയിലും കാറ്ററിങ്ങിലും കിട്ടുന്ന വരുമാനംകൊണ്ട് വെള്ളക്കരവും കറന്റ് ചാര്‍ജും കൃത്യമായി അടയ്ക്കാന്‍പോലും തികയാത്ത അവസ്ഥയായിരുന്നു. ഇതിനേത്തുടര്‍ന്ന് റസ്റ്റ് ഹൗസുകളിലേക്കുള്ള വാട്ടര്‍, ഇലക്ട്രിസിറ്റി കണക്ഷനുകള്‍ കട്ട് ചെയ്യുന്നത് പതിവായിരുന്നു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള വി.ഐ.പികള്‍ എത്തുമ്പോള്‍ റസ്റ്റ് ഹൗസുകളില്‍ കറന്റും വെള്ളവുമില്ലാതെവന്നാല്‍ പഴിയും ശിക്ഷയും ലഭിക്കുന്നത് ബന്ധപ്പെട്ട അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കാണ്. അതിനാല്‍ പലയിടത്തും ബന്ധപ്പെട്ട അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ കൈയില്‍നിന്ന് പണമെടുത്ത് അടച്ചാണ് ഇവ നിലനിര്‍ത്തിയിരുന്നത്.
പരാതികള്‍ വ്യാപകമായതോടെ റസ്റ്റ് ഹൗസുകളിലെ കാറ്ററിങ് കുടുംബശ്രീയെ ഏല്‍പ്പിക്കുവാന്‍ ഇടയ്ക്ക് നീക്കംനടന്നിരുന്നു. ഇതനുസരിച്ച് പത്തനംതിട്ടയില്‍ ഉള്‍പ്പെടെ പല റസ്റ്റ് ഹൗസുകളിലെയും കാറ്ററിങ് നടത്തിപ്പ് കുടുംബശ്രീയെ ഏല്‍പ്പിച്ചിരുന്നു. ഇതിലും അപാകതയുണ്ടായതോടെയാണ് സ്വകാര്യവ്യക്തികള്‍ക്ക് ലേലം ചെയ്തു നല്‍കാമെന്ന തീരുമാനമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."