പുത്തന്‍വാദികളുമായി സമസ്ത പാലിക്കുന്ന അകലം
മുസ്‌ലിംകള്‍ക്കിടയില്‍ ജൂതായിസ അജണ്ട നടപ്പാക്കാന്‍ 1717ല്‍ ലണ്ടനില്‍ രൂപം കൊണ്ട പ്രസ്ഥാനമാണ് മസോണിസം. ബൈറൂത്തിലെ ഹന്നാഅബുര്‍റശീദ്, ഈജിപ്തിലെ നേതാവ് ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു തുടങ്ങിയവര്‍ ഉയര്‍ന്ന മസോണിസ്റ്റുകളായിരുന്നു. (ദാഇറത്തുല്‍ മആരിഫുല്‍ മസൂനിയ 197). ഭരണാധികാരികള്‍, എഴുത്തുകാര്‍, ബുദ്ധിജീവികള്‍ തുടങ്ങിയവരെ സ്വാധീനിക്കുന്ന ജൂതരുടെ ആഗോള രഹസ്യ ശൃംഖല (വേല ഹമൃഴെേല ംീൃഹറ ംശറല ലെരൃലേേല്യ)യായിട്ടാണ് മസോണിസത്തെ എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക വിശദീകരിച്ചത്.
രണ്ട് പ്രധാന നിയോഗമാണിവര്‍ നിര്‍വഹിച്ചത്. (1) മുസ്‌ലിം ശിഥിലീകരണം.(2) വിശ്വാസാചാര കാര്യങ്ങളില്‍ പ്രകടമായ തിരുത്തുകള്‍. ഇസ്‌ലാമിന്റെ ആവിര്‍ഭാവകാലം മുതല്‍ നിലനിന്നുവന്നിരുന്ന മുസ്‌ലിം സാംസ്‌കാരിക ഭൂമികയുടെ ബിംബവല്‍കൃത സ്വഭാവത്തെ ഇവര്‍ അടിമുടി മാറ്റാന്‍ ശ്രമിച്ചു.
പൈതൃകം നിരാകരിച്ചു. ദൈവവിശ്വാസ ശാസ്ത്രത്തിന് നവ ലിബറല്‍ വ്യാഖ്യാനങ്ങള്‍ നല്‍കി. ഉലൂഹിയ്യത്ത്, റുബൂബിയ്യത്ത് എന്നിങ്ങനെ തൗഹീദിന് വിഭജനം ഉണ്ടാക്കി മുസ്‌ലിം ലോകത്തെ മത ഭൃഷ്ടരാക്കി മുദ്രകുത്തി. വഹാബിസവും ഇഖ്‌വാനിസവും ഇതില്‍നിന്ന് ആശയം കടം കൊണ്ടാണ് രംഗത്തുവന്നത്. ഈ ചിന്താധാര തീര്‍ത്ത ചതിക്കുഴികള്‍ തിരിച്ചറിയാതെ പോയ പലരും അതിലകപ്പെട്ടു. ഓറിയന്റലിസ്റ്റ് പണ്ഡിതര്‍ ഖുര്‍ആനും ഹദീസും ചമച്ച വ്യാഖ്യാനങ്ങള്‍ ഇവര്‍ മത ദര്‍ശനങ്ങളായി സ്വീകരിച്ചു. വാസ്തവത്തില്‍ ഇസ്‌ലാമിന്റെ മൗലികതയാണിവര്‍ വെല്ലുവിളിച്ചത്.
ഇപ്പോള്‍ മുസ്‌ലിം ഉമ്മത്തിനെ വേട്ടയാടുന്ന തീവ്രവാദ പ്രസ്ഥാനങ്ങള്‍ ഈ ലിബറല്‍ ചിന്തകളുടെ ഉല്‍പ്പന്നങ്ങളാണ്. സഊദി ഭരണകൂടത്തെ ബ്രിട്ടന്റെ കാര്‍മികത്വത്തില്‍ സ്വാധീനിച്ച് നടപ്പാക്കിയ കാടന്‍ കൈയേറ്റങ്ങളും നിഗ്രഹങ്ങളും കൊലകളും ഇസ്‌ലാം വിരുദ്ധ ലോബിയുടെ വിജയമായിരുന്നു.
തൊള്ളായിരത്തി ഇരുപതുകളോടെ വഹാബി ആശയം കേരളത്തിലെത്തി. വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയാണ് ഈ മത വിരുദ്ധതയുടെ വിത്ത് കേരളത്തിലെത്തിച്ചവരില്‍ പ്രമുഖന്‍. ഇസ്‌ലാമിന്റെ ആവിര്‍ഭാവ കാലം മുതല്‍ യഥാര്‍ഥ ദീന്‍ പ്രചരിക്കുകയും നിലനിന്നു വരികയും ചെയ്ത കേരളത്തില്‍ വലിയ അനൈക്യത്തിനും ആശയ വ്യതിയാനത്തിനും തിരി കൊളുത്തിയ വഹാബി മുവ്‌മെന്റിന് പ്രധാന ധനാഢ്യരും കിഴക്കന്‍ സംസ്‌കാര തല്‍പരരും പിന്തുണ നല്‍കിവന്നു.
1933 മാര്‍ച്ച് അഞ്ചിന് ഫറൂഖില്‍ ചേര്‍ന്ന സമസ്തയുടെ ആറാം സമ്മേളനത്തില്‍ ആയിരത്തോളം പണ്ഡിതരും പതിനായിരത്തോളം സാധാരണക്കാരും സംബന്ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രധാനപ്പെട്ട എട്ട് പ്രമേയങ്ങളാണ് പാസാക്കിയത്. അതില്‍ സുപ്രധാനമായിരുന്നു വഹാബികളുമായി ബന്ധപ്പെട്ട പ്രമേയം. അതിങ്ങനെ വായിക്കാം: ഇബ്‌നു ഹസം ളാഹിരി, ഇബ്‌നുതീമിയ്യ, ഇബ്‌നുല്‍ ഖയ്യിം, ഇബ്‌നു അബ്ദില്‍ ഹാദി, ശൗക്കാനി, ഇബ്‌നു അബ്ദില്‍ വഹാബിന്നജ്ദി, ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദ, രശീദ് രിദ(അല്‍ മനാര്‍ പത്രാധിപര്‍) എന്നിവരും അവരെ പിന്‍പറ്റിയവരും അഹ്‌ലുസുന്നത്തി വല്‍ജമാഅത്തിന്റെ വിശ്വാസ നടപടികള്‍ക്കു വിപരീതമായി പലതും പറഞ്ഞിരിക്കകൊണ്ടും അവരെയും അവരുടെ കിത്താബുകളെയും സുന്നികള്‍ സ്വീകരിപ്പാന്‍ പാടില്ലെന്നും അവര്‍ തര്‍ളിയത്തിനു അര്‍ഹരല്ലെന്നും താഴെ പറയുന്നവരും മറ്റു സുന്നീ ഉലമാക്കളും പ്രസ്താവിച്ചതനുസരിച്ച് ഈ യോഗം തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു. സമല്‍ഖാനി, ഇബ്‌നുബത്തൂത്ത, തഖ്‌യുദ്ദീന്‍ സുബ്ക്കി, താജുദ്ദീന്‍ സുബുക്കി, ഇസ്സുബിന്‍ ജമാഅ, ഇബ്‌നു ഹജറില്‍ അസ്ഖലാനി, ഖുസ്ഥലാനി, നൂറുദ്ദീനുല്‍ ഹലബി, അബ്ദുല്ലാഹിബിന്‍ നുഅ്മാനുല്‍ ഫാസി, ജലാലുദ്ദീന്‍ സുയൂഥി, ഇബ്‌നു ഹജറില്‍ ഹൈതമി, ശംസുദ്ദീന്‍ റംലി, അബ്ദുല്‍ ഗനിയ്യുന്നാബല്‍സി, മുസ്ഥഫല്‍ ബക്‌രി, ശൈഖ് രിസ്‌വാനുല്‍ അദല്‍, സയ്യിദ് അലവിയ്യില്‍ ഹദ്ദാദ്, ശൈഖ് അഹ്മദ് സൈനീ ദഹ്‌ലാന്‍, ശൈഖ് യൂസുഫുന്നബ്ഹാനി, സയ്യിദ് ശൈഖ് ജൂഫ്‌രി, മുഹമ്മദുല്‍ ഖലീലി എന്നിവരാണവര്‍.
മുസ്‌ലിം ഉമ്മത്തിന്റെ വിശ്വാസ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് പ്രതിജ്ഞാബദ്ധരായ പണ്ഡിത ശ്രേഷ്ടരുടെ ഇടപെടലുകളാണ്. ഈ പ്രമേയവും പരാമര്‍ശ പണ്ഡിതരുടെ വലിയ നിരയും അഹ്മദ് കോയ ശാലിയാത്തി, പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, അബ്ദുല്‍ ബാരി മുസ്‌ലിയാര്‍, കൈപ്പറ്റ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, സയ്യിദ് അബ്ദുറഹ്മാന്‍ പൂക്കോയ തങ്ങള്‍, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, ഖാന്‍ ബഹദൂര്‍ ഒ.പി.എം മുത്തുക്കോയ തങ്ങള്‍ ഉള്‍പ്പെടെയുള്ള മഹാപണ്ഡിതരും സാദാത്തുക്കളും ഈ യോഗത്തില്‍ സംബന്ധിച്ചിരുന്നു.
1947 മാര്‍ച്ച് 15ന് കോഴിക്കോട് മീഞ്ചന്ത ജുമുഅത്ത് പള്ളിയില്‍ അബ്ദുല്‍ബാരി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗത്തിലെ നാലാമത്തെ തീരുമാനം ഇപ്രകാരമാണ്. 'സമസ്തയുടെ ആറാം വാര്‍ഷികസമ്മേളനംഫറൂഖില്‍ നടന്നപ്പോള്‍ പാസാക്കിയ പ്രമേയം വഹാബികളുമായി ബന്ധം പാടില്ലെന്ന കാര്യം വീണ്ടും പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ തീരുമാനിച്ചു. പ്രസ്തുത പ്രമേയം പിറ്റേ ദിവസം നടക്കുന്ന പതിനേഴാം വാര്‍ഷിക റിപ്പോര്‍ട്ടില്‍ പ്രസിദ്ധപ്പെടുത്താനും തീരുമാനിച്ചു.'18.6.1955 ശനിയാഴ്ച മുദാക്കര പള്ളിയില്‍ ഖുതുബീ മുഹമ്മദ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗത്തിലെ മൂന്നാമത്തെ തീരുമാനം ഇപ്രകാരമാണ്. കേരള മുസ്‌ലിംകളില്‍ നിരാക്ഷേപം നടന്നുവരുന്ന വിശ്വാസാചാരങ്ങളില്‍ പലവിധ ആശയങ്ങളും കുത്തിച്ചെലുത്തി മുസ്‌ലിംകളില്‍ കക്ഷിവഴക്കും കുഴപ്പങ്ങളും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഇംദാദുല്‍ ജിഹാദ് (യുദ്ധം പ്രോത്സാഹിപ്പിക്കല്‍) എന്ന പേരില്‍ സംഘടനകളുണ്ടാക്കി പള്ളികള്‍ കൈയേറുകയും ഒരു പള്ളിയില്‍ ഒരേ സമയം രണ്ട് ജുമുഅ നടത്തി കുഴപ്പങ്ങള്‍ ഉണ്ടാക്കി പള്ളികള്‍ പൂട്ടിക്കാന്‍ ഇടവരുത്തുകയും ചെയ്യുന്ന കേരള നദ് വത്തുല്‍ മുജാഹിദീന്‍ എന്ന വഹാബി സംഘത്തിന്റെയും അതുപോലുള്ള മറ്റു കക്ഷികളുടെയും നയത്തെ ഉല്‍കണ്ഠയോടെ വീക്ഷിക്കുകയും മതകാര്യത്തില്‍ പുതിയ വാദങ്ങള്‍ ഉന്നയിച്ച് അതിനുള്ള അവസരം വന്നാല്‍ ഒഴിഞ്ഞുമാറി കള്ളനോട്ടീസടിച്ചു പൊതുജനങ്ങളെ വഞ്ചിക്കുകയും ചെയ്യുന്ന പുത്തന്‍ പ്രസ്ഥാനക്കാരുടെ നയങ്ങളില്‍ കഠിനമായി പ്രതിഷേധിക്കുകയും ചെയ്യുന്നു.
1961 ഫെബ്രുവരി ആറിന് പി. ഇബ്‌റാഹീം മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ രണ്ടാമത്തെ തീരുമാനം. കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കിയ കേരള ജംഇയ്യത്തുല്‍ ഉലമ, നദ്‌വത്തുല്‍ മുജാഹിദീന്‍, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനകളുടെ നയത്തില്‍ പ്രതിഷേധിക്കുന്നു.
16.6.1979ല്‍ ചേര്‍ന്ന മുശാവറ യോഗത്തിലെ ഒന്നാമത്തെ തീരുമാനം. ഐക്യവേദിയിലേക്ക് പ്രതിനിധിയെ അയക്കണമെന്ന കത്തിന് മറുപടി: സുന്നികള്‍ മുസ്‌ലിംകളാണെന്ന് തീരുമാനിച്ചാലേ ആ വേദിയിലേക്ക് സുന്നികളെ ക്ഷണിക്കാന്‍ പറ്റുകയുള്ളൂ. അതുകൊണ്ട് സുന്നികള്‍ മുസ്‌ലിംകളാണെന്നും മുശ്‌രികുകളല്ലെന്നും ആദ്യമായി തീരുമാനിക്കണം എന്നിട്ട് ക്ഷണിക്കുക, പരിഗണിക്കാം.
മുസ്‌ലിം സമുദായത്തെ മൊത്തമായി കാഫിറാക്കാന്‍ മാത്രം ഉണ്ടാവുകയും അതിന് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ദുര്‍വ്യാഖ്യാനം നടത്തുകയും ആ നയങ്ങളില്‍ യാതൊരു മാറ്റവും വരുത്താതെ പൂര്‍വാധികം ശക്തിയോടെ മതഭൃഷ്ട് കല്‍പ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന വഹാബി, മൗദൂദി, തബ്‌ലീഗാദി പ്രസ്ഥാനങ്ങളിലേക്ക് എങ്ങനെയാണ് ഒരു സുന്നി മുസ്‌ലിമിനെ ക്ഷണിക്കുന്നത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പൂര്‍ണമായ മതസംഘടനയാണ്. അതിന് ആരുമായെങ്കിലും കണക്ക് പറയേണ്ടതില്ലാത്തവിധം സ്ഥാപക കാലം മുതല്‍ 92 വര്‍ഷങ്ങളായി ആദര്‍ശത്തില്‍ കടുക് മണി വ്യത്യാസം വരുത്താതെ പാറപോലെ ഉറച്ച് നില്‍ക്കുന്ന മുസ്‌ലിം ഉമ്മത്തിന്റെ പൂര്‍ണത പൊതുബോധ്യം നേടിയ മുബാറക്കായ സംഘടനയാണ്. ലോകവ്യാപകമായി പ്രതിപ്പട്ടികയില്‍പ്പെട്ട് അടിക്കടി പേര് മാറ്റിയിട്ടും ജന്മവൈകല്യം വേട്ടയാടുന്ന നവീന പ്രസ്ഥാനക്കാര്‍ക്ക് മുഖം മിനുക്കാന്‍ അവര്‍ പതിനെട്ടടവും പയറ്റാതിരിക്കില്ല. നന്മയുടെ ഒരു കണികപോലും ഇല്ലാത്ത ഈ ഭീകര പ്രസ്ഥാനക്കാര്‍ക്ക് അര്‍ഹിച്ച സ്ഥാനമാണ് ബാഫഖി തങ്ങളും പൂക്കോയ തങ്ങളുമടക്കം പൂര്‍വികര്‍ നല്‍കിയിട്ടുള്ളത്. മറിച്ചൊരു നിലപാട് സുമനസ്സുകള്‍ക്ക് സ്വീകാര്യമാവില്ല.
മുസ്‌ലിം സമാജം ഇന്നനുഭവിക്കുന്ന ഒറ്റപ്പെടലുകള്‍ക്കും വോട്ടയാടപ്പെടലുകള്‍ക്കും ആരാണ് ഉത്തരവാദി.പശ്ചിമേഷ്യന്‍ നാടുകളിലും മറ്റും പൊട്ടിച്ചിതറുന്ന മനുഷ്യരുടെ ഘാതകരാരാണ്. വിശുദ്ധ റൗളാ ശരീഫിന്റെ ചാരത്ത് പോലും ബോംബ് സ്‌ഫോടനം നടത്താന്‍ ഈ ഭീകര പ്രസ്ഥാനത്തിന് ആരാണ് ഊര്‍ജം പകര്‍ന്നത്. ആരില്‍ നിന്നാണിവര്‍ ഈ കാര്യങ്ങള്‍ കടം കൊണ്ടത്.
കേരള മുസ്‌ലിംകള്‍ക്കിടയില്‍ പോലും യുദ്ധം പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പുകള്‍ ഉണ്ടാക്കിയ ഇന്നലെകളെ സാത്വികരായ പണ്ഡിതര്‍ ഇടപെട്ടു തടഞ്ഞില്ലായിരുന്നെങ്കില്‍ ഐ.എസിലേക്കുള്ള ഒഴുക്ക് എത്രമേല്‍ ശക്തമാവുമായിരുന്നു. ഇപ്പോഴെങ്കിലും ഓര്‍ക്കുന്നത് നല്ലതാണ്. സമസ്തയുടെ തണല്‍ വിശ്വാസ സംരക്ഷണം മാത്രമല്ല പൊതുസുരക്ഷയും കൂടിയാണ്. സൂഫി സരണിയിലൂടെ നേതൃഗുണം ആവാഹിച്ച മഹാന്മാരുടെ ശിക്ഷണവും നേതൃത്വവും ഒരു ജനതയെ അച്ചടക്കവും അര്‍പ്പണബോധവും അഭ്യസിപ്പിച്ചു. അവര്‍ മാന്യമായി പൊതുധാരയില്‍ ഇടം നേടി. അവരുടെ മതകീയ ധര്‍മം നിര്‍വഹിക്കാന്‍ പള്ളികളും മദ്‌റസകളും മത സ്ഥാപനങ്ങളും ഖബര്‍ സ്ഥാനുകളും ഉണ്ടാക്കിവച്ചു. ഈ ചരിത്രപരമായ നിയോഗം തടയാനും താമസിപ്പിക്കാനും കലഹം ഉണ്ടാക്കി തകര്‍ക്കാനും ശ്രമിക്കുന്നതെങ്ങനെയാണ് നവോത്ഥാനമാവുന്നത്.
നവീനവാദികള്‍ക്കെതിരേ സമസ്ത ഒരിക്കല്‍കൂടി ചരിത്രപരമായ തീരുമാനം കൈകൊണ്ടിരിക്കുന്നു. സമസ്ത നേതാക്കള്‍ പുറത്തിറക്കിയ പ്രസ്താവന ലോകാന്ത്യംവരെ പച്ചയായ യാഥാര്‍ഥ്യമായും പരമമായ സത്യമായും ചര്‍ച്ച ചെയ്യപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."