ലൈബീരിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: വെറ്ററന്‍ ഫുട്ബോള്‍ താരം ജോര്‍ജ് വീഹിന് ജയം
മോണ്‍റോവിയ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ അന്താരാഷ്ട്ര ഫുട്ബോള്‍ താരം ജോര്‍ജ് വീഹിന് വിജയം. നിലവിലെ വൈസ് പ്രസിഡന്റ് കൂടിയായ ജോസഫ് ബോകായിയെയാണ് വീഹ് പരാജയപ്പെടുത്തിയത്.
15 കൗണ്ടികളും തൂത്തുവാരിയാണ് വീഹ് മിന്നുന്ന വിജയം കാഴ്ചവച്ചത്. ജോസഫിന് രണ്ട് കൗണ്ടികള്‍ മാത്രമേ നേടാനായുള്ളൂ. വിജയത്തില്‍ ലൈബീരിയന്‍ ജനതയ്ക്കു നന്ദി രേഖപ്പെടുത്തി ജോര്‍ജ് വീഹ് ട്വീറ്റ് ചെയ്തു.
മുന്‍നിര ഫുട്ബോള്‍ ക്ലബുകളായ എ.സി മിലാന്, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവയുടെ മുന്‍നിര താരമായിരുന്നു 51കാരനായ ജോര്‍ജ് വീഹ്. ഫിഫ വേള്‍ഡ് പ്ലെയര്‍ ഓഫ് ദ ഇയര്‍, ബാലന് ഡിഓര്‍ പുരസ്കാരങ്ങള്‍ നേടുന്ന ആദ്യ ആഫ്രിക്കക്കാരന് കൂടിയായിരുന്നു അദ്ദേഹം.
ഒക്ടോബറില്‍ നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിലും ജോര്‍ജ് വീഹ് മുന്നിലെത്തിയിരുന്നെങ്കിലും ഭൂരിപക്ഷം നേടാനായിരുന്നില്ല. ഇതേതുടര്‍ന്നാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടന്നത്.
രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ വീഹ് അറിയപ്പെട്ടിരുന്നില്ലെങ്കിലും ഫുട്ബോള്‍ താരമെന്ന നിലയില്‍ യുവാക്കള്‍ക്കിടയിലുള്ള അംഗീകാരമായിരിക്കും വീഹിനെ തുണച്ചത്. രാജ്യത്തെ 60 ശതമാനം വോട്ടര്‍മാരും 30 വയസിനു താഴെയുള്ളവരാണ്. 2005ലും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീഹ് മത്സരിച്ചിരുന്നു.
കഴിഞ്ഞ 12 വര്‍ഷമായി ലൈബീരിയന്‍ വൈസ് പ്രസിഡന്റാണ് ജോസഫ് ബോകായ്. നൊബേല്‍ ജേതാവ് എലന്‍ ജോണ്സന് സിര്ലഫ് ആണ് നിലവില്‍ ലൈബീരിയന്‍ പ്രസിഡന്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."