ഹ്യൂമന്‍സ് ഓഫ് ഹിന്ദുത്വ ഫേസ്ബുക്ക് പേജ് പൂട്ടുന്നു
ന്യൂഡല്‍ഹി: സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയും പരിഹസിക്കുകയും ചെയ്ത് വിവാദത്തിലായ ഹ്യൂമന്‍സ് ഓഫ് ഹിന്ദുത്വയുടെ ഫെയ്‌സ്ബുക്ക് പേജ് പ്രവര്‍ത്തനം അവസാനിപ്പിച്ചു.
ഗൗരി ലങ്കേഷിനെ പോലെയോ അഫ്‌റസുല്‍ ഖാനെ പോലെയോ കൊല്ലപ്പെടാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞാണ് ഹ്യൂമന്‍സ് ഓഫ് ഹിന്ദുത്വ ഫേസ്ബുക്കിനോട് വിടപറയുന്നത്. ബ്രാന്‍ഡന്‍ സ്റ്റാന്റന്റെ ഹ്യൂമന്‍സ് ഓഫ് ന്യൂയോര്‍ക്ക് എന്ന ഫേസ്ബുക്ക് പേജില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് രാഷ്ട്രീയം പറയാനായി ഈ പേജ് ആരംഭിച്ചത്. ഈ പേജിന് പിന്നില്‍ ആരാണെന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്.
സംഘപരിവാര്‍ ആക്രമണം ഭയന്നാണ് ഈ പേജിന് പിന്നിലുള്ള വ്യക്തി ഇപ്പോഴും അജ്ഞാതനായി തുടരുന്നത്. തനിക്ക് നേരെയുള്ള വധഭീഷണികള്‍ താങ്ങാവുന്നതിലും അധികമായിരിക്കുന്നു. ഫോണ്‍ നമ്പര്‍ വരെ പരസ്യമായിരിക്കുന്നുവെന്നും താന്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്താണ് ജീവിക്കുന്നതെന്നും അഡ്മിന്‍ പറഞ്ഞു. വധഭീഷണി മുഴക്കിയിരുന്നവര്‍ ഇത് തങ്ങളുടെ വിജയമായി കരുതുമെന്നാണ് വിചാരിക്കുന്നത്. എന്തായാലും തന്നെ വെറുതെ വിടുക.
ദാവീദ് ഗോലിയാത്ത് യുദ്ധത്തില്‍ നിങ്ങള്‍ വിജയിച്ചിരിക്കുന്നു. ഇടത്തരം കുടുംബത്തില്‍പ്പെട്ട തനിക്ക് രാഷ്ട്രീയമായോ, പൊലിസ് അധികൃതരുമായോ ബന്ധമില്ല. അതുകൊണ്ടുതന്നെ ഇത് സ്വന്തം നിലയ്ക്ക് എടുത്ത തീരുമാനമാണ്. തനിക്ക് വേണ്ടി സമയം ചെലവഴിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും അഡ്മിന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
ഹ്യൂമന്‍സ് ഓഫ് ഹിന്ദുത്വ പേജ് ആരംഭിച്ച് ചുരുങ്ങിയ സമയംകൊണ്ടു തന്നെ ലക്ഷകണക്കിന് ഫോളോവേഴ്‌സിനെ ലഭിച്ചിരുന്നു. ഗോരക്ഷാ ആക്രമണങ്ങള്‍, സദാചാര പൊലിസിങ്, സംഘപരിവാര്‍ സംഘടനകളുടെ സമകാലിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെ കാര്‍ട്ടൂണുകള്‍, പരിഹാസകുറിപ്പുകള്‍ എന്നിവയിലൂടെ പേജില്‍ അവതരിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."