എട്ടുമാസം കൊണ്ട് സംസ്ഥാനത്തെ സ്കൂളുകള്‍ ഹൈടെക് ആക്കും: വിദ്യാഭ്യാസ മന്ത്രി
കോഴിക്കോട്: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എട്ടുമാസം കൊണ്ട് സംസ്ഥാനത്തെ എല്ലാ സ്കൂളുകളും ഹൈടെക് ആക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. നിലവില്‍ എം.എല്‍.എമാരുടെ ഫണ്ട് ലഭ്യമായ സ്കൂളുകളില്‍ ഹൈടെക് ആവാത്ത ക്ലാസ് മുറികളാണ് സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കുകയെന്നും മന്ത്രി പറഞ്ഞു.
തലക്കുളത്തൂര്‍ സി.എം.എം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്കൗട്സ് ആന്‍ഡ് ഗൈഡ്സ് യൂനിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറികളിലാണ് പദ്ധതി നടപ്പാക്കുന്നത്. ക്ലാസ് റൂമുകളുടെ നിലം ടൈല്‍ പാകല്‍, പ്രൊജക്ടര്‍, കംപ്യൂട്ടര്‍ സിസ്റ്റം, ഇന്റര്‍നെറ്റ് തുടങ്ങിയ അത്യാധുനിക സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കും. കൂടാതെ അതത് സ്കൂളുകളില്‍ സെന്‍ട്രല്‍ ലാബ് സംവിധാനവും സജ്ജമാക്കും. ലാബിലേക്കാവശ്യമായ കംപ്യൂട്ടര്‍ സിസ്റ്റങ്ങള്‍ അതത് എം.എല്‍.എമാരുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് വാങ്ങാനുമാണ് ഉദ്ദേശിക്കുന്നത്.
2019 മാര്‍ച്ച് 31 ഓടെ പദ്ധതി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൊതു വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ അക്കാദമിക നിലവാരം ഉയര്‍ത്തുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യംവയ്ക്കുന്നത്. കൂടാതെ സ്കൂളുകളില്‍ ഫെബ്രുവരി ആദ്യവാരത്തോടെ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാനും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രദര്‍ശിപ്പിക്കാനും പ്രധാനാധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."