വേണ്ടതെല്ലാം എടുത്തോളൂ; വിലപ്പെട്ടതെടുക്കാന്‍ മറക്കരുത്
''ഇവിടേക്കു സ്വാഗതം. വേണ്ടതെല്ലാം വാരിക്കൊണ്ടു പോകാം. എല്ലാം ഇവിടെ സുലഭം. പക്ഷേ, തിരിച്ചുപോകുമ്പോള്‍ ഏറ്റവും വിലപ്പെട്ടത് എടുക്കാന്‍ മറക്കരുത്. പുറത്തുകടന്നാല്‍ ഗുഹയടയും. പിന്നീടൊരിക്കലും നിങ്ങള്‍ക്കായി അതു തുറയ്ക്കപ്പെടില്ല..''
പരിസരത്തെ ഗുഹയില്‍നിന്നാണീ പ്രഖ്യാപനം. മകനെ ഒക്കത്തുവച്ച് വീട്ടിലേക്കു പോവുകയായിരുന്ന ആ മാതാവ് ഗുഹയ്ക്കകത്തേക്കു നടന്നു. കടന്നുനോക്കിയപ്പോഴതാ കോരിത്തരിപ്പിക്കുന്ന കാഴ്ചകള്‍... അനേകം മുത്തുകളും പവിഴങ്ങളും ലങ്കിത്തിളങ്ങുന്നു. സ്വര്‍ണവും വെള്ളിയും പരന്നുനിരന്നുകിടക്കുന്നു. മാണിക്യവും മരതകവും കുന്നുകൂടി കിടക്കുന്നു....!!
ഒരു നിമിഷം അവള്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്നു. ഇക്കാണുന്നത് യാഥാര്‍ഥ്യമാണോ അതോ സ്വപ്നമാണോ...? ദൃഢബോധ്യത്തിലെത്താന്‍ അല്‍പം താമസിക്കേണ്ടിവന്നു.
പിന്നെ കാത്തുനിന്നില്ല. മകനെ ഒരു ഭാഗത്തിരുത്തി അവള്‍ എല്ലാം വാരിക്കൂട്ടാന്‍ തുടങ്ങി.
അതിനിടയില്‍ ഗുഹയില്‍നിന്നു വീണ്ടും അശരീരി: ''വേണ്ടതെല്ലാം എടുത്തോളൂ. തിരിച്ചുപോകുമ്പോള്‍ വിലപ്പെട്ടത് എടുക്കാന്‍ മറന്നുപോകരുത്.''
ആരുടേതാണീ പ്രഖ്യാപനം എന്നു നോക്കാനൊന്നും സമയമില്ല. അവള്‍ ഇടംവലം നോക്കാതെ വാരിക്കൂട്ടുക തന്നെ. കൈയിലുണ്ടായിരുന്ന സഞ്ചികളെല്ലാം നിറഞ്ഞുകവിഞ്ഞപ്പോള്‍ ബാക്കിയുള്ളവ മടിശ്ശീലയില്‍ ശേഖരിക്കാന്‍ തുടങ്ങി.
അശരീരി പിന്നെയും വന്നു: ''സമയം തീരാറായി. വേഗം നോക്കിക്കോളൂ.. തിരിച്ചുപോകുമ്പോള്‍ വിലപ്പെട്ടത് എടുക്കാന്‍ മറക്കുത്..''
ഒരു ശ്വാസം വിടാന്‍ പോലും നേരമില്ല. വാരലോടു വാരല്‍...
അതോടൊപ്പം മനസില്‍ അവള്‍ സ്വപ്നങ്ങളനേകം നെയ്തു. കണ്ണഞ്ചിപ്പിക്കുന്ന കൊട്ടാരം.. സഞ്ചരിക്കാന്‍ വിലയേറിയ വാഹനങ്ങള്‍.. ആജ്ഞാനുവര്‍ത്തികളായ സേവകന്മാര്‍.. കാവല്‍ഭടന്മാര്‍.. ഹൊ..! എന്തൊക്കെയായിരിക്കും ഇനി നാളെ മുതല്‍ തന്നെ കാത്തിരിക്കുന്നത്. ഓര്‍ത്തോര്‍ത്ത് അവള്‍ പുളകം കൊണ്ടു.
അശരീരി വീണ്ടും വന്നു: ''ഇനി അര മിനിറ്റു മാത്രമേ ബാക്കിയുള്ളൂ.. ഗുഹയടയാന്‍ സമയമായി. അടഞ്ഞുകഴിഞ്ഞാല്‍ ഒരിക്കലും തുറക്കപ്പെടില്ല. അതിനു മുന്‍പ് വേണ്ടതെല്ലാം വാരിക്കൂട്ടിക്കോളൂ.. പക്ഷേ, ഏറ്റവും വിലപ്പെട്ടത് എടുക്കാന്‍ മറന്നുപോകരുത്.''
വാരിക്കൂട്ടിയതെല്ലാം വാരിവലിച്ച് അവള്‍ തന്റെ ഇരുതോളത്തും കയറ്റിവച്ചു. എന്നിട്ട് വേഗം ഗുഹയുടെ പുറത്തേക്കോടി. ഓടിയോടി ഒടുവില്‍ ഗുഹയ്ക്കു പുറത്തുകടന്നു. പുറത്തു കടന്നപ്പോഴേക്കും ഗുഹാവാതില്‍ അടഞ്ഞു. എന്നെന്നേക്കുമായ അടയല്‍. ആശ്വാസത്തിന്റെ നിശ്വാസമുതിര്‍ത്ത് അവള്‍ ഒരല്‍പനേരം വിശ്രമിച്ചു. ശേഷം താന്‍ വാരിക്കൂട്ടിയതെല്ലാം വെളിയില്‍വച്ച് പരിശോധിക്കാന്‍ തുടങ്ങി.
അപ്പോഴാണ് അവളതോര്‍ത്തത്.. തന്റെ കൊച്ചിനെ ഗുഹയ്ക്കകത്ത് മറന്നുവച്ച കാര്യം..!
ഇനി എന്തു ചെയ്യും..? ഗുഹ ഇനി തുറക്കപ്പെടുകയേ ഇല്ല. വാരിക്കൂട്ടിയതെല്ലാം സമര്‍പ്പിച്ചാലും നിഷ്ഫലം...!
ആര്‍ക്കു താങ്ങാനാകും ഈ സങ്കടം..?!
ദുഃഖം സഹിക്കവയ്യാതെ അവള്‍ ആര്‍ത്താര്‍ത്തുകരഞ്ഞു. തനിക്കിതൊന്നും വേണ്ടാ, കുഞ്ഞിനെ മാത്രം മതിയെന്ന് പറഞ്ഞ് താണുകേണു. പറഞ്ഞിട്ടെന്ത്...? ഏറ്റവും വിലപ്പെട്ടതെടുക്കാന്‍ മറന്നുപോകരുതെന്ന് ഇടക്കിടെ ഓര്‍മിപ്പിക്കപ്പെട്ടിരുന്നു. വാരിക്കൂട്ടുന്ന തിരക്കിനിടയില്‍ അതു ശ്രദ്ധിക്കാന്‍ മറന്നുപോയതാണ്. കുറ്റകാരണം മറ്റാരിലും ചാര്‍ത്താന്‍ വകുപ്പില്ല.
സങ്കല്‍പിച്ചുനോക്കൂ, ഈയൊരവസ്ഥ നമുക്കായിരുന്നു വന്നുപെട്ടതെങ്കില്‍.. താങ്ങാനാകുമോ ഈ ദുരന്തം...? പ്രിയപ്പെട്ട കുഞ്ഞിനെ നഷ്ടപ്പെടുത്തി വാരിക്കൂട്ടിയതെല്ലാം നമുക്കനുഭവിക്കാനാകുമോ..? അനുഭവിച്ചാല്‍ തന്നെ വല്ല സന്തോഷവും തോന്നുമോ...? മറുപടി ഇല്ല എന്നു തന്നെയായിരിക്കും; അല്ലേ.
എന്നാല്‍ നിങ്ങളതു സങ്കല്‍പിച്ച് സമയം കളയേണ്ടാ, ഉറപ്പിച്ചുനിന്നോളൂ; കഥയിലെ പാത്രം നമ്മള്‍ തന്നെയാണ്..!
അതെ, ഐഹികലോകമാണ് ഗുഹ. ആ ഗുഹയ്ക്കകത്തേക്ക് എപ്പോഴോ കടന്നുവന്നവര്‍ നമ്മള്‍. അവിടെ വേണ്ടതെല്ലാമുണ്ട്.. സമ്പത്ത് വേണ്ടവര്‍ക്കു സമ്പത്ത്. പ്രശസ്തി വേണ്ടവര്‍ക്കു പ്രശസ്തി. സ്ഥാനമാനങ്ങള്‍ വേണ്ടവര്‍ക്കു സ്ഥാനമാനങ്ങള്‍.. പക്ഷേ, ഇടക്കിടെ ആ ശബ്ദം വന്നുകൊണ്ടിരിക്കുന്നുണ്ട്: 'വേണ്ടതെല്ലാം വാരിക്കൂട്ടിക്കോളൂ.. പക്ഷേ, തിരിച്ചുപോകുമ്പോള്‍ ഏറ്റവും വിലപ്പെട്ടത് എടുക്കാന്‍ മറന്നുപോകരുത്.'
പ്രവാചന്മാരും പുണ്യാത്മാക്കളും നമ്മോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് അതാണ്. സമയം വളരെ പരിമിതം. ഈ പരിമിതിക്കുള്ളില്‍വച്ച് വേണ്ടതെല്ലാം വാരാം. സമയം കഴിഞ്ഞാല്‍ കഴിഞ്ഞു. പിന്നെ പറഞ്ഞിട്ടുകാര്യമുണ്ടാവില്ല. മരണത്തിന്റെ മാലാഖയെത്തിക്കഴിഞ്ഞാല്‍ ഈ ലോകത്തേക്കുള്ള നമ്മുടെ കവാടം എന്നെന്നേക്കുമായി അടയും. പിന്നീട് ഒരിക്കലും തിരിച്ചുവരാന്‍ പറ്റില്ല. അതിനു മുന്‍പ് ഏറ്റവും വിലപ്പെട്ടത് എടുക്കാന്‍ മറക്കരുത്. സല്‍ക്കര്‍മങ്ങളാണ് എല്ലാറ്റിനെക്കാളും വിലയേറിയത്. അതെടുക്കാതെ മറ്റെന്തെടുത്തിട്ടും ഫലമില്ല. മരണാന്തരം കല്ലറയില്‍ നമുക്കതൊന്നും കൂട്ടിനുണ്ടാവില്ല. സല്‍ക്കര്‍മങ്ങള്‍ എടുത്തിട്ടുണ്ടെങ്കില്‍ കൂട്ടിനതുമതി..
ഗുഹയ്ക്കകത്തുവന്ന് ചിലര്‍ ഒരുനിമിഷം പോലും പാഴാക്കാതെ വാരിക്കൂട്ടുക തന്നെയാണ്. എത്ര വാരിയിട്ടും അവര്‍ക്കു മതിവരുന്നില്ല. അതിനിടയ്ക്കാണ് അവരുടെ സമയം കഴിയുന്നത്. മരണം വിളിക്കാത്ത അതിഥിയായി അവരെ സമീപിക്കുന്നു. പിന്നെ എന്തു കാര്യം..? വിലപ്പെട്ട സല്‍ക്കര്‍മങ്ങള്‍ മറന്ന് വാരിക്കൂട്ടിയതൊന്നും അവര്‍ക്കുപകരിക്കാതെ പോകുന്നു...! അവരാണ് പരാജിതര്‍. എന്നാല്‍ വേറെ ചിലരുണ്ട്. അവര്‍ക്ക് സ്വര്‍ണവും വെള്ളിയുമല്ല വേണ്ടത്. അതിനെക്കാള്‍ വിലയേറിയ സല്‍ക്കര്‍മങ്ങളാണ്. അവരതു മാത്രം എടുക്കുന്നു. മരണാനന്തരം അതവര്‍ക്ക് ഉപകാരം ചെയ്യുന്നു. അവരാണു വിജയികള്‍. സത്യവിശ്വാസം കൈകൊള്ളുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് അടിയിലൂടെ ആറുകളൊഴുകുന്ന സ്വര്‍ഗപ്പൂങ്കാവനങ്ങളുണ്ടെന്ന് സന്തോഷവാര്‍ത്തയറിയിക്കുക(2: 25) എന്നു വിശുദ്ധ ഖുര്‍ആന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."