ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശ്വാസം; എല്‍.ഡി ക്ലര്‍ക്ക് അടക്കമുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി
തിരുവനന്തപുരം: എല്‍ ഡി ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ വൈകിയവര്‍ക്ക് ആശ്വാസവാര്‍ത്തയുമായി പി.എസ്.സി. എല്‍ ഡി ക്ലര്‍ക്ക് അടക്കമുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി നീട്ടിയതായി പിഎസ്‌സി അറിയിച്ചു. അവസാന തിയതി ഇന്ന് അവസാനിക്കാനിരിക്കെയാണ് രണ്ട് ദിവസത്തേക്ക് കൂടി തിയതി നീട്ടിയതായി പി എസ് സി അറിയിച്ചത്. എല്‍ ഡി ക്ലര്‍ക്ക് അടക്കമുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള സമയപരിധി അഞ്ചാം തിയതി രാത്രി 12 മണി വരെയാക്കിയാണ് നീട്ടിയത്. കാറ്റഗറി നമ്പര്‍ 494/2023 മുതല്‍ 519/2023 വരെയുള്ള തസ്തികകളുടെ അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയതിയാണ് നീട്ടിയത്.
2024 ലെ എല്‍ ഡി ക്ലര്‍ക്ക് (എല്‍ ഡി സി) പരീക്ഷയ്ക്കുള്ള വിജ്ഞാപനം ഡിസംബര്‍ മാസം ഒന്നാം തിയതിയാണ് പി എസ് സി പുറത്തിറക്കിയത്. എസ് എസ് എല്‍ സിയോ തത്തുല്യ പരീക്ഷയോ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ഇത്തവണ പ്രിലിമിനറി പരീക്ഷയില്ല. ഒറ്റ പരീക്ഷ നടത്തിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. 26,500 60,700 ആണ് ശമ്പള നിരക്ക്.
18 വയസ്സാണ് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായ പരിധി. 36 വയസ്സ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്. പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് അഞ്ച് വര്‍ഷവും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് മൂന്ന് വര്‍ഷവുമാണ് ഇളവ്. ജില്ലാടിസ്ഥാനത്തിലായിരിക്കും നിയമനം. പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. 2024 പകുതിയോടെയാകും പരീക്ഷകള്‍ നടക്കുക. നിലവിലെ എല്‍ ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റ് കാലാവധി 2025 ജൂലൈയിലാണ് അവസാനിക്കുക. അതിനു ശേഷമാകും പുതിയ റാങ്ക് ലിസ്റ്റ് പ്രാബല്യത്തില്‍ വരിക.
Content Highlights:kerala psc ld clerk 2024 date extended
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."