മൃതദേഹങ്ങളയക്കാന്‍ പുതിയ നിയമം കാലതാമസമുണ്ടാക്കുന്നു
ദുബൈ: ഗള്‍ഫിലടക്കമുള്ള വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നിയമം കാലതാമസം സൃഷ്ടിക്കുന്നു. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ച് വിമാന ടിക്കറ്റ് എടുക്കണമെങ്കില്‍ ഡല്‍ഹിയില്‍ നിന്നും പുതുതായി അനുമതി ലഭിക്കാന്‍ കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇതു കാരണമാണ് മൃതദേഹങ്ങള്‍ അയക്കുന്നത് അനിശ്ചിതമായി വൈകുന്നത്.
യുഎഇയിലെ നിയമ നടപടികള്‍ (ഡെത്ത് സര്‍ട്ടിഫിക്കറ്റ്, റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ) പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ എംബാമിംഗ് കൂടി കഴിഞ്ഞ് തൊട്ടടുത്ത സമയത്തെ എയര്‍ലൈനില്‍ നിന്നും അപ്രൂവലെടുത്ത് കയറ്റി വിടുന്ന പ്രക്രിയയാണിപ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നിയമം കാരണം അനിശ്ചിതമായി വൈകുന്നത്. എംബാമിംഗ് സര്‍ട്ടിഫിക്കറ്റ് കേന്ദ്ര സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്ത ശേഷം മാത്രമേ ഡല്‍ഹിയില്‍ നിന്നുള്ള അപ്രൂവല്‍ ലഭിക്കൂ. ഇത് ലഭിക്കുന്നത് വരെ എയര്‍ലൈന്‍ ടിക്കറ്റ് എടുക്കാനാത്ത സ്ഥിതിയുണ്ട്. ഇതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമായിരുന്നു പുതുവര്‍ഷ ദിനത്തില്‍ മരിച്ച തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ ആല സ്വദേശി അര്‍ഷാദിന്റെ മൃതദേഹം അയക്കുമ്പോഴുണ്ടായ കാലതാമസം. പുതുര്‍ഷാവധിയായിരുന്നിട്ടും യുഎഇ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും എല്ലാവിധ നിയമ നടപടികളും സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ച് അന്നത്തെ ദിവസം തന്നെ ഫ്‌ളൈറ്റ് സൗകര്യം വരെ ക്‌ളിയര്‍ ചെയ്തിട്ട് പോലും ഡല്‍ഹിയില്‍ നിന്നുള്ള പുതിയ അപ്രൂവല്‍ കിട്ടാന്‍ താമസമുണ്ടായി. പിറ്റേ ദിവസം വൈകുന്നേരാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിഞ്ഞത്.
പ്രവാസികളുടെ അപ്രതീക്ഷിത മരണങ്ങളില്‍ കുടുംബാംഗങ്ങള്‍ക്ക് ആശ്വാസം പകരാന്‍ മുന്‍കൈയെടുക്കേണ്ട സര്‍ക്കാറുകളാണ് നിയമ നടപടികളുടെ നൂലാമാലകളിലൂടെ ഇത്തരം അനിശ്ചിതാവസ്ഥ കൊണ്ടുവന്നിട്ടുള്ളതെന്നും ബന്ധുക്കളെ മാനസികമായി കൂടുതല്‍ തളര്‍ത്തുന്ന ഈ പുതിയ വ്യവസ്ഥ എടുത്തു കളയണമെന്നാണ് പ്രവാസി സംഘടനകള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."