മഹാരാജാസ് സംഘർഷം; കെഎസ്‌യു പ്രവർത്തകൻ അറസ്റ്റിൽ, വിദ്യാർഥിയെ കുത്തിയവർക്കായി തെരച്ചിൽ തുടരുന്നു
മഹാരാജാസ് സംഘർഷം; കെഎസ്‌യു പ്രവർത്തകൻ അറസ്റ്റിൽ, വിദ്യാർഥിയെ കുത്തിയവർക്കായി തെരച്ചിൽ തുടരുന്നു
കൊച്ചി: മഹാരാജാസ് കോളേജിൽ നടന്ന വിദ്യാർഥി സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകനെ പൊലിസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശിയായ ഇജിലാൽ ആണ് അറസ്റ്റിലായത്. എസ്എഫ്ഐ നൽകിയ പരാതിയിലുള്ള കേസിലെ എട്ടാം പ്രതിയാണ് ഇജിലാൽ. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയകേസിലെ കൂടുതൽ പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. മൂന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർഥി അബ്ദുൾ മാലിക്കിനെ ഒന്നാംപ്രതി ആക്കിയാണ് കേസ്. കേസിൽ പ്രതിചേർക്കപ്പെട്ട രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ ആശുപത്രി വിട്ടാൽ ഉടനെ അറസ്റ്റ് ചെയ്‌തേക്കും.
ഫ്രട്ടേണിറ്റി, കെഎസ്‌യു പ്രവർത്തകരായ 15 പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലിസ് കേസെടുത്തത്. വധശ്രമം അടക്കം 9 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ്ഐആർ. എസ്എഫ്ഐ യൂണിറ്റ് നാസർ അബ്ദുൾ റഹ്മാനായിരുന്നു കുത്തേറ്റത്. സാരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു വിദ്യാർഥിക്ക് കുത്തേറ്റത്. രാത്രി 11.30ന് നാടക പരിശീലനത്തിന് ശേഷം ഇറങ്ങുമ്പോഴാണ് സംഘര്‍ഷമുണ്ടാവുകയും നാസറിന് കുത്തേല്‍ക്കുകയും ചെയ്തത്. വടി വാളും ബിയർ കുപ്പിയും മാരകായുധങ്ങളുമായെത്തിയായിരുന്നു ആക്രമണം. 14 പേരടങ്ങുന്ന സംഘമാണ് നാസറിനെ ആക്രമിച്ചതെന്ന് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ തമീം റഹ്മാന്‍ പറഞ്ഞു. അതേസമയം, അക്രമി സംഘത്തിൽ ക്യാമ്പസിന് പുറത്തു നിന്നുള്ളവരും ഉണ്ടെന്നാണ് പൊലിസിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ ഗുണ്ടാസംഘങ്ങളിലേക്കും അന്വേഷണം നീളുന്നുണ്ട്.
അതേസമയം, മഹാരാജാസിലെ സംഘർഷം എസ്എഫ്ഐ വിളിച്ചു വരുത്തിയതാണെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ പറഞ്ഞു. മഹാരാജാസിലെ സംഭവങ്ങളിൽ പൊലിസ് എസ്എഫ്ഐ പറയുന്നതു മാത്രം കേൾക്കുകയാണ്. എസ്എഫ്ഐയും ഇടത് അനുകൂലികളായ അധ്യാപകരും ക്യാമ്പസിൽ ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നും അലോഷ്യസ് സേവിയർ ആരോപിച്ചു. ഒരു മാസത്തിനിടെ മാത്രം എസ്എഫ്ഐയുടെ നേതൃത്വത്തിൽ നിരവധി സംഘർഷങ്ങളാണ് മഹാരാജാസിൽ നടന്നത്. എസ്എഫ്ഐയുടെ ആക്രമണം നേരിട്ട ആരെങ്കിലും തിരിച്ചടിച്ചതാവാം. സംഭവത്തിലേക്ക് കെഎസ്‌യുവിന്റെ പേര് വലിച്ചിഴച്ചത് അനാവശ്യമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. കോളേജ് പ്രിൻസിപ്പാളിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് കോളേജ് അടച്ചിടാൻ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."