HOME
DETAILS

ഇന്ത്യ ഇനി മുതൽ എത്ര നാൾ?

  
backup
January 22 2024 | 17:01 PM

how-long-is-india-from-now

എ.പി കുഞ്ഞാമു

ഒാഗസ്റ്റ് 15, ജനുവരി 26, ഒക്ടോബർ 2 തുടങ്ങിയ ദിവസങ്ങൾക്ക് ഇന്ത്യയുടെ ചരിത്രത്തിൽ അവയുടേതായ പ്രാധാന്യമുണ്ട്. സ്വാതന്ത്ര്യപ്രാപ്തി കൈവരിച്ച ദിവസം, റിപ്പബ്ലിക്കായ ദിവസം, മഹാത്മാ ഗാന്ധി ജനിച്ച ദിവസം എന്നൊക്കെപ്പറഞ്ഞ് നാം ഈ ദിവസങ്ങളെ കൊണ്ടാടുന്നത് ഒരു ജനാധിപത്യ രാജ്യം കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ ദിവസം, സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം പ്രസ്തുത രാഷ്ട്രം അതിന്റെ പിതാവായി അവരോധിച്ച മനുഷ്യന്റെ ജന്മദിനം എന്നുള്ളതൊക്കെക്കൊണ്ടാണ്. എന്നാൽ ഇന്നുമുതൽ ജനുവരി 22 ആയിരിക്കുമോ പുതിയൊരു ഇന്ത്യയുടെ ഉദയം സൂചിപ്പിക്കുന്ന ദിവസം. ഈ ദിവസം രാജ്യം മുഴുവനും രാമമയമാക്കണമെന്നാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത്.

ശ്രീരാമഭക്തിയുടെ ആത്മീയതലം രാഷ്ട്രീയനേട്ടമെന്ന ഭൗതിക ആവശ്യത്തിലേക്ക് പരിവർത്തിപ്പിക്കുകയാണ് മോദിയും ബി.ജെ.പിയും ചെയ്തിട്ടുള്ളത്. അത് രാജ്യത്തിന്റെ ചരിത്രത്തെ മാറ്റിയെഴുതുമെന്നാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രത്യാശയും പ്രവചനവും. പുതിയൊരിന്ത്യയായിരിക്കും ഇന്നുമുതൽ എന്ന ഈ പ്രവചനം യാഥാർഥ്യമാകാൻ സാധ്യതകളേറെ. അങ്ങനെ സംഭവിക്കുകയാണെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ പ്രവചനാതീതമായിരിക്കും.


ബി.ജെ.പിയുടേത് അടുത്ത തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ ലക്ഷ്യമാണെന്നും മതത്തേയും ഭക്തിയേയും രാഷ്ട്രീയവൽക്കരിക്കുന്ന ഈ നടപടി ഇന്ത്യയുടെ മതേതരവ്യവസ്ഥയെ തകിടം മറിക്കുമെന്നുമാണ് ഇന്ത്യയിലെ വലിയൊരു വിഭാഗം വിശ്വസിക്കുന്നത്. ബി.ജെ.പിക്ക് അധികാരത്തിലേറാൻ രാമനും രാമക്ഷേത്രവും മികച്ച ഉപകരണങ്ങളാണ്. അതിന്റെ അതിസമർഥമായ ആസൂത്രണമാണ് നടക്കുന്നതെന്ന കാര്യത്തിലും സംശയമില്ല.

ഇന്ത്യയിലുടനീളം_ - പ്രബുദ്ധതയുടെ പാരമ്പര്യം അവകാശപ്പെടുന്ന കേരളത്തിലും ബംഗാളിലുമടക്കം_ - രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ഒരു വികാരതരംഗമായി മാറിയിരിക്കുന്നു. ഈ തരംഗമാലകളിലൂടെയൊഴുകി 2024ലെ ലോക്സഭാ വിജയം കൈപ്പിടിയിലൊതുക്കാമെന്ന കാവിരാഷ്ട്രീയത്തിന്റെ കണക്കുകൂട്ടൽ ഇന്ത്യൻ സാഹചര്യത്തിൽ അപ്രസക്തമല്ലതന്നെ.


തെരഞ്ഞെടുപ്പല്ല വിഷയം
എന്നാൽ കേവലം തെരഞ്ഞെടുപ്പ് വിഷയം മാത്രമാണ് എന്ന നിലയിൽ കാര്യങ്ങളെ സമീപിക്കുന്നത് അയുക്തികമായിരിക്കും. മതത്തെ രാഷ്ട്രീയ വിജയങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നത്‌ സ്വാഭാവികമാണ്. മതബിംബങ്ങളേയും മതമൂല്യങ്ങളേയും വീരപുരുഷന്മാരേയും ഉപയോഗിക്കുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലും പുതിയ ഏർപ്പാടല്ല. ഗാന്ധിയുടെ രാമരാജ്യം അതിന്റെ സർഗാത്മക ആവിഷ്കാരമാണ്.

ബി.ജെ.പിയുടെ രാമക്ഷേത്രം ഹിംസാത്മകവും. രണ്ടു ചിന്താധാരകളും പക്ഷേ ഇന്ത്യൻ സൈക്കിലെ ഹിന്ദുമതബോധത്തെയാണ് രാഷ്ട്രീയമായി ഉപയോഗപ്പെടുത്തിയത്.
ഈ മതബോധം മുൻപും തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. ബംഗ്ലാദേശ് വിമോചനത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനുമായി നടന്ന യുദ്ധമാണ് ഇന്ദിരാഗാന്ധിയെ ദുർഗാ ദേവിയായി സങ്കൽപിക്കാവുന്ന തലത്തിലോളം രാജ്യത്തെ എത്തിച്ചത്.

പാകിസ്താൻ വിരോധത്തിന്റെ അടിത്തട്ടിലുള്ള മുസ്‌ലിം വിരുദ്ധതയിലായിരുന്നു അതിന്റെ വേരുകൾ. 1984 ലെ ഇന്ദിരാഗാന്ധി വധത്തിനുശേഷം അത് സിക്ക് വിരോധമായി പുനർജനിച്ചു. തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ ഹിന്ദുത്വബോധം കോൺഗ്രസിന് വൻ ഭൂരിപക്ഷം നൽകി. 1992ൽ ബാബരി മസ്ജിദ് തകർത്തത് ഇന്ത്യൻ ജനതക്കിടയിൽ ബി.ജെ.പിക്ക് കൂടുതൽ സ്വീകാര്യതയുണ്ടാക്കിയെന്ന് പിന്നീട് നടന്ന തെരഞ്ഞെടുപ്പുകൾ തെളിയിച്ചു.

2002ലെ ഗുജറാത്ത് കലാപം ഹിന്ദുത്വത്തിന്റെ ഗർവ് വെളിപ്പെടുത്തിയ തീവ്ര ആശയങ്ങളുടെ വക്താക്കൾക്ക് അധികാരം താലത്തിൽവച്ചു നൽകുകയാണ് ഉണ്ടായത്. കേന്ദ്രത്തിൽ ബി.ജെ.പിക്ക് അധികാരത്തിൽ വരാൻ ഗുജറാത്തിലെ വംശഹത്യ സഹായകമായി. കേന്ദ്ര ഭരണത്തിന്റെ ഒന്നാമൂഴത്തിൽ മോദിസർക്കാർ കൈക്കൊണ്ട ന്യൂനപക്ഷവിരുദ്ധ നിലപാടുകൾ ബി.ജെ.പിക്ക് കൂടുതൽ സ്വീകാര്യത നൽകുകയാണ് ചെയ്തത്.


രണ്ടാം മോദി സർക്കാരും ഈ നയങ്ങൾ തുടരുകയാണ്. ചരിത്രത്തിന്റെ കാവിവൽക്കരണം, പാഠ്യപദ്ധതികളിലെ മാറ്റങ്ങൾ, വിദ്യാഭ്യാസത്തിന്റെ ഹിന്ദുത്വവൽക്കരണം, സ്ഥലപ്പേരുകളിൽനിന്ന് മുസ്‌ലിം മുദ്രകൾ മായ്ച്ചുകളയൽ, ക്രിസ്തീയ മിഷനറിമാർക്കെതിരേയുള്ള അതിക്രമങ്ങൾ, പൗരത്വ നിയമഭേദഗതി_ - ഇങ്ങനെ ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകിയ ബഹുസ്വര ആശയങ്ങളെ മുഴുവൻ മായ്ച്ചുകളയാനാണ് ശ്രമം. ഇത് ഹിന്ദു സൈക്കിനെ വർഗീയമായി ഉണർത്തുകയും അതിനെ ന്യൂനപക്ഷവിരോധമായി മാറ്റിയെടുക്കുകയും ചെയ്യുക എന്ന അജൻഡയോടെയാണ് നടപ്പാക്കിയിട്ടുള്ളത്.

പുരോഗമന പ്രസ്ഥാനങ്ങൾ പോലും ഹിന്ദുക്കളുടെ തീവ്രമതാഭിമാനത്തെ അന്യ മതസ്പർദ്ധയാക്കി മാറ്റാനുള്ള ഈ ശ്രമത്തെ ശരിയായി പ്രതിരോധിച്ചിട്ടില്ല. അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ പ്രസ്ഥാനത്തിനു പിന്നിലെ ഹിന്ദുത്വ അജൻഡ മധ്യവർഗ ബുദ്ധിജീവികൾ തിരിച്ചറിയാതെപോയതുപോലെ, ബാബരി മസ്ജിദ് വിവാദ കാലത്ത് അത് മുസ് ലിംകൾക്ക് വിട്ടുകൊടുക്കണമെന്ന് ഉറച്ചു പറയാതെ ചരിത്രസ്മാരകമാക്കണമെന്നും മറ്റും ഇടതുപക്ഷ രാഷ്ട്രീയം പറഞ്ഞുനടന്നതുപോലെ, ഹിന്ദുത്വ അജൻഡ തിരിച്ചറിയാതെ ഉഴലുകയാണ് പൊതുവിൽ ഇന്ത്യയിലെ മുഖ്യധാരാ മതേതരവാദികൾ. ബി.ജെ.പിയാവട്ടെ ഇന്ത്യയിലെ ഹിന്ദു മനസിലെ മതബോധത്തെ അന്യമതവിരോധമാക്കി മാറ്റുന്നതിൽ ശരിക്കും വിജയിക്കുകയും ചെയ്തു.


ഹിന്ദുത്വവൽക്കരണം
യാഥാർഥ്യമാവുമ്പോൾ


പൊതുവിൽ നിരീക്ഷിക്കപ്പെടുന്നതുപോലെ 2024ലെ തെരഞ്ഞെടുപ്പല്ല ബി.ജെ.പിയുടെ ലക്ഷ്യമെന്ന് പാർട്ടിയുടെ ക്രമാനുഗതമായ അജൻഡ നടപ്പാക്കലിൽനിന്ന് വ്യക്തമാണ്. 1925ലാണ് ആർ.എസ്.എസ് രൂപീകരിച്ചത്. അതിന്റെ നൂറാം വർഷമാവുമ്പോഴേക്കും ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടടുക്കുകയാണ് രാജ്യം. ഹിന്ദുസമൂഹത്തിലെ വർണാശ്രമവ്യവസ്ഥക്ക് പുറത്തുള്ളവരെക്കൂടി ഹിന്ദുത്വ തീവ്രതയിലേക്ക് കൊണ്ടുപോകാൻ രാമൻ നല്ലൊരു രൂപകമാണ്. അത് ഏറെക്കുറെ ബി.ജെ.പിക്ക് സാധിച്ചു. ഗുജറാത്ത് കലാപവേളയിൽ മുസ്‌ലിം വേട്ടക്ക് ദലിതുകളും ഒ.ബി.സിക്കാരും ഇറങ്ങിത്തിരിച്ചത് ഹൈന്ദവ മിത്തുകളെ ഹിംസാത്മകമായി അന്യമത വിദ്വേഷത്തിലേക്ക് നീക്കിക്കൊണ്ടാണ്.

കേരളത്തിലെ നായന്മാരും ഈഴവരും സനാതനധർമ വ്യവസ്ഥയനുസരിച്ച്‌ പുറത്തുള്ളവരാണ്. പക്ഷേ രാമക്ഷേത്രം ഈ രണ്ടു സമുദായങ്ങളുടേയും സംഘടനകളെ ഹിന്ദുത്വത്തോടടുപ്പിച്ചു. ഹിന്ദുരാഷ്ട്ര സംസ്ഥാപനത്തിൽ രാമക്ഷേത്രത്തിന് അങ്ങനെയാലോചിക്കുമ്പോൾ വലിയ സ്ഥാനമുണ്ട്. മോദി ഈ പശ്ചാത്തലത്തിലേക്ക് കരുതിക്കൂട്ടി തികഞ്ഞ ആസൂത്രണത്തോടെയാണ് രാജ്യത്തെ എത്തിച്ചത്.
ഒരുതരം ഏകാധിപത്യ ഭരണത്തിന്റെ തലത്തിലെത്തി നിൽക്കുകയാണല്ലോ ബി.ജെ.പി. തെരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യ ഭരണം(Elected Autocracy) എന്നാണ് രാജ്യതന്ത്രത്തിൽ ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്.

കമ്യൂണിസ്റ്റ് രാജ്യങ്ങളെയും മറ്റും ഇക്കൂട്ടത്തിൽ പെടുത്താവുന്നതാണ്. ആഗോളതലത്തിൽ തീവ്ര വംശീയതക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുന്ന പുതിയ കാലത്ത് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്ന സ്വപ്നം സാധ്യമാക്കാനുള്ള തീവ്ര ഹിന്ദുത്വത്തിന്റെ ഏറ്റവും ഫലപ്രദ വഴിയാണ് അയോധ്യയിലെ രാമ ക്ഷേത്രനിർമിതിയിലൂടെ സംഭവിച്ചിട്ടുള്ളത്. ജനുവരി 22 ഇന്ത്യയുടെ മാറ്റത്തിന്റെ ദിവസമാവുന്നു എന്ന് പറയുന്നത് ഈ അർഥത്തിലാണ്. മതേതര ജനാധിപത്യത്തിൽനിന്നു മതാധിഷ്ഠിത ഫാസിസത്തിലേക്കുള്ള മാറ്റത്തിന്റെ ദിവസം


എങ്ങനെ നേരിടും?
ഈ വെല്ലുവിളിയെ ഇന്ത്യൻ മതേതരത്വത്തിന് എങ്ങനെയാണ് നേരിടാൻ കഴിയുക? ഹിന്ദു മനസിനെ രാമഭക്തിയിലൂടെയും മറ്റു കപട മതാഭിമാനങ്ങളിലൂടെയും ബി.ജെ.പി ഏറെ സ്വാധീനിച്ചിരിക്കുന്നു. മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന് ഈ സ്വാധീനത്തെ മറികടക്കാനുള്ള കെൽപ്പുണ്ടാവുന്നില്ല എന്നതാണ് പ്രധാന പ്രതിസന്ധി. അതിനു കാരണം ഈ ഹിന്ദു മനസിനെത്തന്നെയാണ് കോൺഗ്രസും അഭിസംബോധന ചെയ്യുന്നത് എന്നുള്ളതാണ്.

കോൺഗ്രസിന്റെ പാതിവെന്ത മതേതര ആശയങ്ങൾ ഈ ഹിന്ദുമനസിന് വേണ്ടത്ര ദഹിക്കുന്നില്ല. വോട്ടുബാങ്കിന്റെ രാഷ്ട്രീയസംവിധാനത്തിൽ മൃദുഹിന്ദുത്വം സ്വീകരിക്കാൻ പാർട്ടി നിർബന്ധിതമാവുന്നതിന്റെ യുക്തി അതാണ്. ബി.ജെ.പി വിരുദ്ധ സഖ്യത്തിൽ കോൺഗ്രസിനോടൊപ്പമുള്ള കക്ഷികളിൽ ആർ.ജെ.ഡിയും ഇടതുപക്ഷവുമൊഴിച്ചുള്ള ഏതാണ്ടെല്ലാ പാർട്ടിക്കാരും ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ ബി.ജെ.പിയോടൊപ്പം ചേർന്നവരാണ്. തങ്ങളുടെ മേഖലകളിൽ അധികാരവും സ്വാധീനവും നിലനിർത്തുക എന്നതിലപ്പുറം ദേശീയ കാഴ്ചപ്പാടൊന്നുമില്ലാത്ത ഈ കക്ഷികൾക്ക് എങ്ങനെയാണ് ബി.ജെ.പിയെ പിടിച്ചു കെട്ടാനാവുക?

ഇടതുപക്ഷത്തിന്റെ കടുത്ത കോൺഗ്രസ് വിരോധവും പരോക്ഷമായി ഹിന്ദുരാഷ്ട്ര നിർമിതിയെ സഹായിക്കുകയല്ലേ ചെയ്യുക എന്ന ചോദ്യവും പ്രസക്തമാണ്.
ജുഡിഷ്യറി, മീഡിയ തുടങ്ങിയവയാണ് പിന്നെയുള്ള പ്രതിരോധവഴികൾ. ആസൂത്രിത നീക്കങ്ങളിലൂടെ ജുഡീഷ്യറിയിൽ പോലും തീവ്ര ഹിന്ദുത്വം പിടിമുറുക്കിയിട്ടുണ്ട്. ലോകായുക്ത, തെരഞ്ഞെടുപ്പ് കമ്മിഷൻ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങൾ കേന്ദ്ര സർക്കാരിന്റെ വരുതിയിലായിക്കഴിഞ്ഞു. മാധ്യമങ്ങളും കുറേയൊക്കെ വിലയ്ക്ക് വാങ്ങപ്പെട്ടു. ജനാധിപത്യത്തിന്റെ തൂണുകൾ പലതും ജീർണിച്ചുകഴിഞ്ഞ ഈ അവസ്ഥയിൽ വ്യവസ്ഥാപിതമായ ഭരണഘടനാ വഴികളിലൂടെ ഹൈന്ദവ തീവ്രതയെ നേരിടാവതല്ല.

ഈ ഭരണക്രമത്തിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പിന്റെ വഴി മാത്രമേയുള്ളു നമ്മുടെ മുൻപിൽ. രാമഭക്തി ആ വഴിയടച്ചുകളയുമോ എന്നതാണ് പേടി.
അതേസമയം, ഇന്ത്യ എന്ന മഹാരാജ്യത്തിന്റ ചരിത്രവും സംസ്കാരവും വൈവിധ്യവും ബി.ജെ.പിയുടെ സ്വപ്നങ്ങൾ പൂവണിയാൻ പ്രയാസമാണെന്ന് കൂടി നമ്മെ ഓർമിപ്പിക്കുന്നുണ്ട്. ഹിന്ദുത്വശക്തികൾ കരുതുന്നതുപോലെ ഏകശിലാരൂപത്തിലുള്ള ഘടനയല്ല ഹിന്ദു സമൂഹത്തിന്റേത്. ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിധ്യത്തിൽ നിന്നു ഹൈന്ദവേതരധാരകളെ ഒഴിവാക്കാനും സാധ്യമല്ല.

തെക്കേ ഇന്ത്യ അലംഘനീയമാംവണ്ണം തീവ്ര ഹിന്ദുത്വ സങ്കുചിതത്വത്തിനെ പ്രതിരോധിക്കാനാണ് സാധ്യത. ഹിന്ദു സൈക്കിന്റെ ഉള്ളിൽ ഒരു ബദൽ മനസുമുണ്ട്. ശ്രീരാമഭക്തിയുടേയും ശ്രീകൃഷ്ണ പ്രേമത്തിന്റെയും സർഗാത്മകത കണ്ടെത്താൻ ഈ ബദൽ മനസിന് സാധിക്കും. അതിനാൽ ഇന്ത്യൻ മതേതരത്വത്തിന്റെ പ്രതിരോധങ്ങൾ സ്വയം പ്രവർത്തിക്കാൻ തുടങ്ങുമെന്ന് കരുതുകയായിരിക്കും നല്ലത്. മോദിയുടെ രാമനെയല്ല ഗാന്ധിയുടെ രാമനെയാവും രാജ്യം ചേർത്തുപിടിക്കുക എന്ന്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാർ വെള്ളത്തിൽ മുങ്ങി; ഇൻഷുറൻസ് തുക നൽകിയില്ല, പരാതിക്കാരന് നഷ്ടവും പിഴയും നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി

Kerala
  •  2 months ago
No Image

ഒമാനിലെ കൊറോണ ചരിത്രം പുസ്തകമാവുന്നു

oman
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണ; പാലക്കാട് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

'ഐഡിയല്‍ ഫേസ്'പദ്ധതിയുമായി ദുബൈ; 10 വര്‍ഷത്തിനിടെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും

uae
  •  2 months ago
No Image

പെര്‍മിറ്റില്ലാത്ത വിദേശ ട്രക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സഊദി

Saudi-arabia
  •  2 months ago
No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  2 months ago
No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  2 months ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago
No Image

പ്രിയങ്കയും രാഹുലും പുത്തുമലയില്‍; ഉരുള്‍പൊട്ടലില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Kerala
  •  2 months ago