എയര്‍ ഇന്ത്യയില്‍ സുരക്ഷാവീഴ്ച്ച; 1.1 കോടി പിഴ ചുമത്തി ഡി.ജി.സി.എ
എയര്‍ ഇന്ത്യയില്‍ സുരക്ഷാവീഴ്ച്ച; 1.1 കോടി പിഴ ചുമത്തി ഡി.ജി.സി.എ
ന്യൂഡല്‍ഹി: സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച കാരണം കാട്ടി എയര്‍ഇന്ത്യയ്ക്ക് കോടികള്‍ പിഴ ചുമത്തി ഡി.ജി.സി.എ നടപടി. 1.1 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. ചില ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നടപടിയെടുത്തത്.
എയര്‍ ഇന്ത്യയുടെ ദീര്‍ഘദൂര സര്‍വ്വീസുകളില്‍ വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിക്കുന്നില്ലെന്നാരോപിച്ച് ലഭിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഡിജിസിഎ അന്വേഷണം നടത്തി വരുകയായിരുന്നു. എയര്‍ ഇന്ത്യ ജീവനക്കാരന്‍ തന്നെ വിമാനക്കമ്പനിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയതായി ഡിജിസിഎ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. റിപ്പോര്‍ട്ട് സമഗ്രമായി പരിശോധിച്ചതായും ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിയതായും ഏവിയേഷന്‍ റെഗുലേറ്റര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം കുറഞ്ഞ ദൃശ്യപരതയില്‍ വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് പൈലറ്റുമാരുടെ പട്ടികയില്‍ വീഴ്ച വരുത്തിയതിന് എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ഡിജിസിഎ പിഴ ചുമത്തിയിരുന്നു. നവംബറില്‍, യാത്രക്കാര്‍ക്ക് നല്‍കേണ്ട സൗകര്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിന് റെഗുലേറ്റര്‍ എയര്‍ ഇന്ത്യയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട്, ഡല്‍ഹി, കൊച്ചി, ബംഗളൂരു വിമാനത്താവളങ്ങളില്‍ ഡിജിസിഎ വിമാനക്കമ്പനികളില്‍ നടത്തിയ പരിശോധനയില്‍ എയര്‍ ഇന്ത്യ ബന്ധപ്പെട്ട സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ് (സിഎആര്‍) വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."