ഇന്ത്യന്‍ ബോക്‌സിങ് ഇതിഹാസം മേരി കോം വിരമിച്ചു
ഇന്ത്യന്‍ ബോക്‌സിങ് ഇതിഹാസം മേരി കോം വിരമിച്ചു
ദിബ്രുഗഡ്: ഇന്ത്യയുടെ ബോക്‌സിങ് ഇതിഹാസം മേരികോം വിരമിച്ചു. പ്രായപരിധി കടന്ന സാഹചര്യത്തിലാണ് ആറു തവണ ലോക ബോക്‌സിങ് ചാമ്പ്യനും ഒളിമ്പിക് മെഡല്‍ ജേതാവുമായ മേരി കോം വിരമിക്കല്‍ പ്രഖ്യാപിച്ചത്. അനിവാര്യമായതിനാല്‍ മാത്രമാണ് ഈ വിരമിക്കല്‍ എന്ന് പറഞ്ഞു കൊണ്ടാണ് അവര്‍ പ്രഖ്യാപനം നടത്തിയത്. ഇനിയും ഉയരങ്ങള്‍ കീഴടക്കാനുള്ള അതിയായ കൊതി തനിക്കുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബോക്‌സിങ് മത്സരങ്ങളില്‍ ഇനിയും പങ്കെടുക്കാന്‍ താല്‍പര്യമുണ്ട്. പ്രായപരിധി കഴിഞ്ഞതിനാല്‍ വിരമിക്കല്‍ അനിവാര്യമായിരിക്കുന്നു. ജീവിതത്തില്‍ ആഗ്രഹിച്ചതെല്ലാം നേടിയെന്ന സംതൃപ്തിയിലാണ് വിരമിക്കല്‍-താരം പറഞ്ഞു.
രാജ്യാന്തര ബോക്‌സിങ് അസോസിയേഷന്റെ നിയമപ്രകാരം പുരുഷവനിത ബോക്‌സിങ് താരങ്ങള്‍ക്ക് 40 വയസാണ് എലൈറ്റ് മത്സരങ്ങളിലെ പ്രായപരിധി. എന്നാല്‍, മേരി കോമിന് നിലവില്‍ 41 ആണ് പ്രായം.
ആറു തവണ ലോക ചാമ്പ്യനായ ഏക ബോക്‌സിങ് താരമാണ് ഇന്ത്യയുടെ മേരി കോം. ഏഷ്യന്‍ ചാമ്പ്യനായത് അഞ്ച് തവണ. 2014ല്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടി. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ വനിത ബോക്‌സറാണ്.
2005, 2006, 2008, 2010 വര്‍ഷങ്ങളിലാണ് മേരികോം ലോകചാമ്പ്യനായത്. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയത്. ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ബോക്‌സിങ് താരമെന്ന പദവിയും അവര്‍ക്ക് സ്വന്തം. 2008ല്‍ ഇരട്ടക്കുട്ടികള്‍ക്കും 2012ല്‍ മൂന്നാമത്തെ കുഞ്ഞിനും ജന്മം നല്‍കിയതോടെ കരിയറില്‍ നിന്ന് തല്‍കാലം മാറിനിന്നു. പിന്നീട് തിരിച്ചെത്തിയ അവര്‍ 2018ല്‍ ഡല്‍ഹിയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പ് നേടി.
ആറ് തവണ ലോക അമച്വര്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് നേടിയ ഏക വനിത, ആദ്യത്തെ ഏഴ് ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ ഓരോന്നിലും മെഡല്‍ നേടിയ ഏക വനിതാ ബോക്‌സര്‍ എന്നിങ്ങനെ നിരവധി റെക്കോഡുകള്‍ മേരിക്ക് സ്വന്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."