മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് ബുള്‍ഡോസര്‍ രാജുമായി മഹാരാഷ്ട്ര സര്‍ക്കാര്‍; ഒറ്റ ദിവസം മുംബൈയില്‍ പൊളിച്ചു മാറ്റിയത് 40 കെട്ടിടങ്ങള്‍
മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് ബുള്‍ഡോസര്‍ രാജുമായി മഹാരാഷ്ട്ര സര്‍ക്കാര്‍; മുംബൈയില്‍ പൊളിച്ചു മാറ്റിയത് 40കെട്ടിടങ്ങള്‍
മുംബൈ: കണ്ണടച്ചു തുറക്കും മുന്‍പ് ജന നിബിഡമായിരുന്ന തെരുവ് ഒന്നു മല്ലാതാവുക. അവിടെ നിലനിന്നിരുന്ന കടകള്‍ക്കും വീടുകള്‍ക്കും പകരം കുറച്ച് കല്‍ച്ചീളുകളും ഷീറ്റുകളും മാത്രം ശേഷിക്കുക. ഒന്നിരുട്ടി വെളുത്തപ്പോള്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മുംബൈ അലി റോഡ് പരിസരത്തിന്റെ അവസ്ഥയായിരുന്നു ഇത്. ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ബുധനാഴ്ച മാത്രം മുസ്‌ലിം ഉടമസ്ഥതയിലുള്ള 40 ഓളം കെട്ടിടങ്ങളാണ് പൊളിച്ചത്.
രാമക്ഷേത്ര പ്രതിഷ്ഠക്ക് മുന്നോടിയായി നടന്ന വാഹനറാലിക്കിടെ ഞായറാഴ്ച രാത്രി സംഘര്‍ഷമുണ്ടായ മീരാ റോഡ്, നയന നഗറിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ യു.പി മോഡല്‍ ബുള്‍ഡോസര്‍ രാജ് കഴിഞ്ഞ ദിവസം തുടങ്ങിവെച്ചത്. ചൊവ്വാഴ്ച 15 ഓളം കെട്ടിടങ്ങളാണ് അധികൃതര്‍ ഇവിടെ തകര്‍ത്തത്. അതിന്റെ തുടര്‍ച്ചയായാണ് മുസ്‌ലിം ഭൂരിപക്ഷ മേഖലകളിലൊന്നായ മുഹമ്മദ് അലി റോഡിലും പൊളിക്കല്‍ തുടങ്ങിയത്. മുന്നറിയിപ്പോ നോട്ടിസോ നല്‍കാതെയാണ് പൊളിക്കല്‍ തുടരുന്നത്. അനധികൃത നിര്‍മാണമാണെന്നോ പൊളിക്കുന്നതിനെ കുറിച്ചോ അറിയിപ്പൊന്നും നല്‍കിയിട്ടില്ലെന്ന് കടയടുമകള്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
1936 മുതല്‍ പ്രവര്‍ത്തിക്കുന്ന നൂറാനി മില്‍ക്ക് സെന്റര്‍ അടക്കമുള്ള കടകളുടെ ഭാഗങ്ങളും പൊളിച്ചതില്‍ പെടുന്നു. നിയമവിരുദ്ധമായി ഒന്നുമില്ലെന്നും എല്ലാത്തിനും രേഖകളുണ്ടെന്നും കടയുടമകള്‍ പറയുന്നു. ഏതാണ്ട് അഞ്ച് വര്‍ഷം മുമ്പാണ് അവസാനമായി ഇത്തരമൊരു പൊളിക്കല്‍ നടന്നതെന്നും കടയുടമകള്‍ പറയുന്നു.
നടപടിക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ബുള്‍ഡോസര്‍ സംസ്‌കാരം ഭരണഘടനാ വിരുദ്ധമായതിനാല്‍ എതിര്‍ക്കപ്പെടേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് അതുല്‍ ലോന്ദെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."