ഖാദി ഓണം-ബക്രീദ് മേളയ്ക്കു തുടക്കം; 30 ശതമാനം വിലക്കിഴിവ്
ആലപ്പുഴ: ഖാദിയെ വീണ്ടും ബഹുജന പ്രസ്ഥാനമാക്കി മാറ്റണമെന്ന് പൊതുമരാമത്ത്-രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് സംഘടിപ്പിക്കുന്ന ഖാദി ഓണം-ബക്രീദ് മേളയുടെ ജില്ലാതല ഉദ്ഘാടനം ഖാദി ഗ്രാമവ്യവസായ ഓഫീസ് അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ഖാദി രാഷ്ട്രീയസമര രൂപം കൈവരിച്ച് ബഹുജന പ്രസ്ഥാനമായി മാറിയിരുന്നു. ദേശീയ സംസ്‌കാരത്തിന്റെ ഭാഗമായ ഖാദി ഉപയോഗിക്കുന്നവരുടെ എണ്ണം രാജ്യത്ത് ഒരു ശതമാനം മാത്രമാണ്. വൈവിധ്യവത്കരണം നടപ്പാക്കി ഖാദിയുടെ ഉത്പാദനവും വില്‍പനയും വര്‍ധിപ്പിക്കണം. വിലകുറച്ച് ജനകീയമാക്കണം. ഖാദി തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കണം. മിനിമം കൂലി ഇവര്‍ക്ക് ഉറപ്പുവരുത്തണം. ഖാദി വസ്ത്രങ്ങളുടെ രൂപകല്‍പനയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിച്ച് കുട്ടികളെ അടക്കം ആകര്‍ഷിക്കും വിധമാക്കണം. പരമ്പരാഗത വ്യവസായ ഉത്പന്നങ്ങള്‍ക്കെല്ലാം വില കൂടുതലാണ്. ഉത്പന്നങ്ങള്‍ വിലകുറച്ചു നല്‍കാനായാലേ ജനകീയമാകൂ-മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ആധ്യക്ഷ്യം. നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് മുഖ്യപ്രഭാഷണം നിര്‍വഹിച്ച് ആദ്യവില്പനയും സമ്മാനക്കൂപ്പണ്‍ വിതരണോദ്ഘാടനവും നിര്‍വഹിച്ചു. നഗരസഭാംഗങ്ങളായ ജി. ശ്രീജിത്ര, ബഷീര്‍ കോയാപറമ്പില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, ബോര്‍ഡ് ഡയറക്ടര്‍ കെ.എസ്. പ്രദീപ് കുമാര്‍, പ്രോജക്റ്റ് ഓഫീസര്‍ എം.ജി. ഗിരിജ, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ സി. വിജയന്‍, സര്‍വോദയ സംഘം പ്രസിഡന്റ് വി. മുരളീധരന്‍ പിള്ള, ജി. സജീവ്, എന്‍. പവിത്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
സെപ്റ്റംബര്‍ 13 വരെയാണ് മേള. ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വിലക്കിഴിവുണ്ട്. ജ്യൂട്ട് സാരികളുടെയും ഖാദി-സില്‍ക്ക് റെഡിമെയ്ഡ് ഷര്‍ട്ടുകളുടെയും വിപുലമായ ശേഖരമാണ് ഇത്തവണയുള്ളത്. ഖാദി ബോര്‍ഡിന്റെ മില്ലേനി ബ്രാന്‍ഡഡ് ഷര്‍ട്ടുകള്‍ 500 രൂപ മുതല്‍ ലഭിക്കും. കേരള സോപ്‌സിന്റെ ഗുണനിലവാരമേറിയ ചന്ദനസോപ്പ്, പഞ്ഞിക്കിടക്ക, ചന്ദനത്തിരികള്‍ തുടങ്ങി വിവിധ ഖാദി ഉത്പന്നങ്ങളും ലഭിക്കും. ഉത്പന്നങ്ങള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 35,000 രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭ്യമാണ്. മേളയോടനുബന്ധിച്ച് ഉപയോക്താക്കള്‍ക്കായി സ്വര്‍ണസമ്മാന പദ്ധതി പ്രഖ്യാപിച്ചു. ആയിരം രൂപയ്ക്കു മുകളില്‍ ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്കു നല്‍കുന്ന സമ്മാനക്കൂപ്പണ്‍ നറുക്കെടുത്ത് 32 പവന്‍ സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."