HOME
DETAILS

ചരിത്രത്തുടർച്ചയുടെ ഒരു നൂറ്റാണ്ട്

  
backup
January 28 2024 | 00:01 AM

a-century-of-history-suprabhaatham-todays-article




സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രവർത്തനവീഥിയിൽ വിജയകരമായ നൂറു വർഷങ്ങൾ പൂർത്തീകരിക്കുകയാണ്. ഇരുപതാം നൂറ്റാണ്ടിലെ രണ്ടാം ദശകത്തിൽ പ്രതികൂല സാഹചര്യങ്ങൾക്കിടയിൽ അനിവാര്യതയുടെ സൃഷ്ടിയായാണ് സമസ്ത പിറവിയെടുത്തത്. ഒരു പണ്ഡിത കൂട്ടായ്മയായാണ് പിറവിയെടുത്തതെങ്കിലും മുസ് ലിം സമൂഹത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യംവച്ചുകൊണ്ടുള്ള മുന്നേറ്റങ്ങളാണ് 100 വർഷക്കാലമായി സമസ്ത നിർവഹിച്ചുകൊണ്ടിരിക്കുന്നത്.

ഇസ് ലാമിന്റെ ആവിർഭാവ കാലത്തുതന്നെ കേരളത്തിന്റെ തീരപ്രദേശങ്ങളിലേക്ക് പ്രബോധനത്തിന്റെ സന്ദേശമെത്തിയിട്ടുണ്ട്. അക്കാലംമുതൽ തുടർന്നുള്ള ഓരോ ഘട്ടത്തിലും പ്രാപ്തമായ മതനേതൃത്വത്തിന്റെ തണൽ അനുഭവിക്കാൻ കേരളീയർക്ക് സാധ്യമായിട്ടുണ്ട്. പണ്ഡിതരും ആത്മജ്ഞാനികളായ സാദാത്തുക്കളും സൂഫികളുമടങ്ങുന്ന വിശുദ്ധ നേതൃത്വങ്ങളുടെ തണലിലാണ് കേരളീയ മുസ് ലിംകൾ നൂറ്റാണ്ടുകൾ നീണ്ട പ്രബുദ്ധതയെ കാത്തുസൂക്ഷിച്ചത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഇസ് ലാമിക സമൂഹത്തിനകത്ത് മതനവീകരണശ്രമങ്ങളും യുക്തിവാദവും പുരോഗമനവാദവും വ്യാപകമാവുകയും ചെയ്തു. പലയിടങ്ങളിലും അധികാരരാഷ്ട്രീയത്തിന്റെയും സാമ്രാജ്യത്വശക്തികളുടെയും പിൻബലത്തോടെ നൂറ്റാണ്ടുകളായി നിലനിന്ന ഇസ് ലാമിക ഖിലാഫത്തിനെ തകർത്ത് ഇത്തരം കക്ഷികൾ മുസ് ലിം സമൂഹത്തിൽ മേധാവിത്വം നേടിയെടുക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. സമാന ഇടപെടലുകൾ കേരളത്തിലും രൂപപ്പെട്ട പശ്ചാത്തലത്തിലാണ് മുസ് ലിം സമൂഹം നൂറ്റാണ്ടുകളായി സൂക്ഷിച്ചുപോന്ന പാരമ്പര്യ വിശ്വാസ-_കർമ രീതികൾ സംരക്ഷിക്കപ്പെടാൻ സക്രിയവും ആസൂത്രിതവുമായ ഇടപെടലുകൾ അനിവാര്യമാണെന്ന് പണ്ഡിത നേതൃത്വം തിരിച്ചറിയുന്നത്.

ഏതാനും ആളുകൾ ചേർന്ന് ഒരു സംഘടന രൂപവത്കരിക്കുക എന്നതിനേക്കാൾ ആ സംഘടനക്ക് ജനകീയാടിത്തറ ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു ശ്രമകരം. നിരന്തര ബഹുജന സമ്മേളനങ്ങളിലൂടെയും ഗ്രാമപ്രദേശങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സാധാരണക്കാർക്കിടയിൽ നടത്തിയ പ്രബോധന ശ്രമങ്ങളിലൂടെയും വിശ്വാസിഹൃദയങ്ങളിൽ അജയ്യമായ സ്ഥാനമുറപ്പിക്കാൻ സമസ്തക്ക് സാധ്യമായി. അതിസൂക്ഷ്മമായ ജീവിതയാനങ്ങളിലൂടെയുള്ള യാത്രയും ആദർശപ്പൊരുത്തവും കൊണ്ട് ആരെയും ആകർഷിക്കുന്നതായിരുന്നു സമസ്തയുടെ അക്കാലത്തെ പണ്ഡിതരുടെ ജീവിതശൈലി. പ്രസംഗങ്ങൾക്കും പ്രബന്ധങ്ങൾക്കും സമ്മേളനങ്ങൾക്കുമപ്പുറം, ഇസ് ലാമിക ജീവിതത്തിന്റെ നേർപകർപ്പുകളായിരുന്നു അവർ. പകർത്തപ്പെടാൻ പറ്റാത്തതായി ഒന്നുമുണ്ടായിരുന്നില്ല അവരുടെ ഒാരോ ചലനത്തിലും ശ്വാസത്തിലും. മതത്തോടൊപ്പം വിദ്യാഭ്യാസ, സാംസ്കാരിക, കാരുണ്യപ്രവർത്തനങ്ങളെയും കോർത്തിണക്കാൻ അവരാണ് നമ്മളെ ശീലിപ്പിച്ചത്. അതിൽ രാജ്യസ്നേഹവും മതസൗഹാർദവും മനുഷ്യരെ സ്നേഹിക്കാനുള്ള സന്ദേശങ്ങളും ഉണ്ടായിരുന്നു. വർഗീയതയെ പ്രോത്സാഹിപ്പിച്ചില്ല, തീവ്രവാദ സമീപനങ്ങളെ അവർ പൊറുപ്പിച്ചില്ല. പതിറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ച ആ പണ്ഡിതവരേണ്യർ, വരുംകാലത്തെ നവീനമായ ആശയങ്ങളെയും ശാസ്ത്രത്തെ തന്നെയും വ്യാഖ്യാനിക്കാൻ മാത്രം ധൈഷണിക വൈഭവമുള്ളവരായിരുന്നു. അവരാണ് സമസ്തയുടെ ഉൗടും പാവും നിർണിയിച്ചത്. അതേ വഴി പിന്തുടർന്ന് അണുകിട വ്യത്യാസമില്ലതെത്തന്നെയാണ് പുതിയ കാലത്തെ പണ്ഡിതർ സമസ്തയെ നയിക്കുന്നത്.

1950കൾക്കുശേഷം നിർമാണാത്മക വിദ്യാഭ്യാസ പ്രവർത്തനങ്ങളിലേക്ക് സമസ്ത ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തെ ജനകീയവൽക്കരിക്കുകയെന്ന, അസാധ്യമെന്ന് കരുതപ്പെട്ട ഉദ്യമത്തിന് സമസ്ത മുൻകൈയെടുക്കുമ്പോൾ പരിമിതികൾ ഏറെ ഉണ്ടായിരുന്നു. വിദ്യാഭ്യാസപരമായും സാമൂഹികമായും സാമ്പത്തികമായും പിന്നിൽ നിൽക്കുന്ന ഒരു സമൂഹത്തെ ഭൗതിക മോഹന വാഗ്ദാനങ്ങളില്ലാതെ മതവിദ്യാഭ്യാസ മേഖലയിലേക്ക് ആകർഷിക്കൽ ഒട്ടും എളുപ്പമായിരുന്നില്ല. ഊഷരമായി കിടന്ന സാമൂഹിക പരിസരത്തെ നിസ്വാർഥതയുടെയും സഹനത്തിന്റെയും സമർപ്പണത്തിന്റെയും കരുത്തിൽ പുഷ്പിച്ചെടുക്കുകയായിരുന്നു സമസ്ത.

ലോകത്തിനുതന്നെ വിസ്മയകരവും അതോടൊപ്പം പ്രചോദനവുമാണ് സമസ്തയുടെ വിദ്യാഭ്യാസ ശ്രമങ്ങൾ. അധികാരത്തിന്റെ പിൻബലമില്ലാത്ത ഒരു കൊച്ചുദേശത്ത് വിദ്യാഭ്യാസ ശ്രമങ്ങൾക്ക് മുൻഗണനകൾ നിശ്ചയിക്കുകയും ആദ്യഘട്ടത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തെ ജനകീയവൽക്കരിക്കുകയും പിന്നീട് സമന്വിത വിദ്യാഭ്യാസകേന്ദ്രങ്ങളും ഉപരിപഠന കലാലയങ്ങളും ദേശാന്തര കീർത്തിയുള്ള സർവകലാശാലകളും സ്ത്രീവിദ്യാഭ്യാസത്തിന് മാത്രമായി പ്രത്യേക സംവിധാനങ്ങളും ഉയർന്ന ഭൗതിക കലാലയങ്ങളും പ്രീ പ്രൈമറി വിദ്യാഭ്യാസ പദ്ധതികളുമെല്ലാം ഈ കാലയളവിൽ നടപ്പിൽവന്നു. 14 പോഷക സംഘടനകൾ, അതിൽതന്നെ വിവിധ ഉപവിഭാഗങ്ങൾ, പതിനായിരത്തിലേറെ മദ്റസകൾ, ആയിരത്തിലേറെ മഹല്ലുകൾ, നൂറുക്കണക്കിന് അറബിക് കോളജുകൾ... നൂറാം വാഷികത്തോടനുബന്ധിച്ച് വ്യത്യസ്തമായ ദേശീയ വിദ്യാഭ്യാസ പദ്ധതികളും സമസ്ത നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.

ഇന്ത്യ പോലെയുള്ള സെക്കുലർ പരിസരത്ത് മതസംഘടന എന്ന നിലക്കുള്ള പരിമിതികളുണ്ടായിട്ടും ഇത്തരം നേട്ടങ്ങൾ നേടിയെടുക്കാൻ സമസ്തക്ക് സാധ്യമായതിൽ പലരും അതിശയംകൊണ്ടിട്ടുണ്ട്. യാഥാസ്ഥിതികരെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു കൂട്ടായ്മക്ക് എങ്ങനെയാണ് ഇത്രയധികം ഫലപ്രദ വിജയവഴികൾ സൃഷ്ടിക്കാൻ കഴിഞ്ഞത്. സമസ്തയുടെ ഭരണഘടനയിലെ ഉദ്ദേശ്യലക്ഷ്യങ്ങളിൽനിന്നുതന്നെ അത് വ്യക്തമാണ്. പരിശുദ്ധ ഇസ് ലാമിന്റെ ശരിയായ മാർഗം പരിചയപ്പെടുത്തി പ്രബോധനം നടത്തുകയും അപഭ്രംശങ്ങളെ പ്രതിരോധിച്ച് ചെറുത്തുതോൽപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രഥമവും പ്രധാനവുമായ ലക്ഷ്യം. അതോടൊപ്പം മുസ് ലിം സമുദായത്തിന് മതപരവും സാമുദായികവുമായി ഉണ്ടായിരിക്കേണ്ട അവകാശാധികാരങ്ങൾ സംരക്ഷിക്കുകയും മതവിദ്യാഭ്യാസത്തിനും മതപരമായ ശീലങ്ങൾക്ക് ഹാനികരമാകാത്ത ലൗകിക വിദ്യാഭ്യാസങ്ങൾക്കും ആവശ്യമായ കാര്യങ്ങൾ നിർവഹിക്കുകയും ചെയ്യുക എന്നതും സമസ്തയുടെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. നൂറ് വർഷങ്ങൾക്കപ്പുറം ഇത്ര സമഗ്രമായ കാഴ്ചപ്പാടുകളെയും ദീർഘവീക്ഷണത്തെയും ഉൾക്കൊള്ളുകയും അതിനെ നടപ്പാക്കാൻ നിസ്വാർഥ ശ്രമങ്ങൾ നടത്തുകയും ചെയ്തതുകൊണ്ടാണ് മുസ് ലിം സമുദായത്തിന്റെ മുഖ്യധാരാ നേതൃത്വമായി വിശ്വാസികൾ സമസ്തയെ ഉൾക്കൊള്ളുന്നത്.

സമുദായ പുരോഗതിക്കുവേണ്ടി നിരന്തരമായി ഇടപെടുമ്പോഴും ഈ രാജ്യത്തെ സുരക്ഷിത സാമൂഹികാന്തരീക്ഷം നിലനിർത്തുന്നതിന്റെ ഭാഗമായി ക്ഷേമരാഷ്ട്ര നിർമാണപ്രക്രിയയിൽ ഭാഗമാകുന്ന ഒരു മാതൃകാ കൂട്ടായ്മകൂടിയാണ് സമസ്ത. ഇന്ത്യയുടെ പ്രഫുല്ല പാരമ്പര്യം ബഹുസ്വരതയുടേതാണ്. ഒരുമയിലും സൗഹാർദത്തിലുമാണ് അതിനെ സംരക്ഷിക്കേണ്ടത്. ആ പൈതൃകത്തെ മറവിക്കു വിട്ടുകൊടുത്ത് അവിടെ ഫാസിസത്തിന് കൂടുകൂട്ടാൻ അനുവദിക്കാതെ നിതാന്ത ജാഗ്രത പുലർത്തുകയാണ് സമസ്ത. ഭരണഘടനാപരമായ അവകാശനിഷേധങ്ങൾ ഉണ്ടാകുമ്പോൾ അതൊരു മതത്തിന്റെ പ്രശ്നമായി കാണാതെ രാജ്യത്തിന്റെ പൊതുപ്രശ്നമായി കാണുകയും അവ പരിഹരിക്കുന്നതിന് ജനാധിപത്യ മാർഗത്തിൽ നിരന്തരമായി ഇടപെടുകയും ചെയ്യുന്ന പാരമ്പര്യമാണ് സമസ്തയുടേത്. പ്രത്യേകിച്ച്, ദലിത്, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ട ഘട്ടങ്ങളിലെല്ലാം അവകാശ സംരക്ഷണത്തിനുവേണ്ടി സുപ്രിംകോടതി വരെ എത്തുകയുണ്ടായി അതിന്റെ ബഹുസ്വരസമീപനം.

തങ്ങൾ അധിവസിക്കുന്ന പ്രദേശത്തെ അസ്വസ്ഥപ്പെടുത്താതിരിക്കുകയും സുരക്ഷിത സാമൂഹിക അന്തരീക്ഷത്തെ നിലനിർത്തുകയും ചെയ്യുക എന്നത് സത്യവിശ്വാസികളുടെ മതപരമായ ബാധ്യത കൂടിയാണ്. ഈ മതബോധത്തെ സമുദായത്തിനകത്ത് നിരന്തരമായി നിലനിർത്തുന്നത് രാജ്യസുരക്ഷയുടെകൂടി ഭാഗമാണെന്ന് തിരിച്ചറിഞ്ഞ ഭരണകൂടങ്ങൾ, രാഷ്ട്രനിർമാണത്തിലെ സമസ്തയുടെ ഇടപെടലിന് നന്ദി പറഞ്ഞിട്ടുണ്ട്.

എല്ലാ അർഥത്തിലും പ്രതികൂല സാഹചര്യങ്ങൾ മാത്രം നിറഞ്ഞ സാമൂഹിക പശ്ചാത്തലത്തിൽ ഒരു മതസംഘടന വിജയകരമായ നൂറ് വർഷം പൂർത്തീകരിക്കുക എന്നത് വിസ്മയമുളവാക്കുന്നതാണ്. മുഖ്യധാര മുസ് ലിം സമൂഹം സമസ്തയെയും സേവനങ്ങളെയും അഭിമാനപൂർവം ഏറ്റെടുക്കുകയാണ്. നൂറുവർഷമായി സമസ്ത അവർക്കു നൽകിവരുന്ന സുരക്ഷിത ബോധമാണ് ഇതിനു പ്രചോദനം.
കേരളത്തിൽ വിജയകരമായി പൂർത്തീകരിച്ച ദൗത്യത്തിന്റെ തുടർച്ചകൾ ദേശീയതലത്തിൽ കൂടി വ്യാപിക്കേണ്ട സമയമാണിപ്പോൾ. മുസ് ലിം സമൂഹം അപരവൽക്കരിക്കപ്പെടുകയും നിരന്തരം അകാരണമായി വേട്ടയാടപ്പെടുകയും ചെയ്യുന്ന ഈ കാലത്ത്, അവർ രാജ്യ പുരോഗതിയുടെ അവിഭാജ്യ ഘടകങ്ങളാണ്, അവരുടെ വിഭവശേഷികളെ അവഗണിച്ചുകൂടാ എന്ന തിരിച്ചറിവ് ഭരണകൂടങ്ങൾക്കുണ്ടാകുംവിധം വിഭവസമ്പന്നമാവുകയെന്നത് വളരെ പ്രധാനമാണ്. അതിനായി മുസ് ലിം സമുദായത്തെ ക്രിയാത്മക മുന്നേറ്റങ്ങളുടെ ഭാഗമാക്കുകയാണ് സമസ്ത കേരള ജംഇയ്യതുൽ ഉലമ. വരും വർഷങ്ങളിൽ ദേശീയതലത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളിലേക്ക് ചുവടുവയ്ക്കുന്നതിന്റെ പ്രഥമപടിയായാണ് സമസ്തയുടെ നൂറാം വാർഷിക സമ്മേളനങ്ങളുടെ ഉദ്ഘാടനം ബംഗളൂരുവിൽവച്ചു നടത്തപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

ലബനനിലെ ഹിസ്‌ബുല്ല ശക്‌തികേന്ദ്രങ്ങളിൽ ഇസ്രാഈൽ ആക്രമണം; 182 പേർ കൊല്ലപ്പെട്ടു, 700 ലേറെ പേർക്ക് പരിക്കേറ്റു

International
  •  3 months ago
No Image

ഓണാവധിക്ക് അടച്ച സ്‌കൂളില്‍ മോഷണം; നഷ്ടപ്പെട്ടത് ഒമ്പത് ലാപ്‌ടോപ്പും കാമറയും; പ്രതികളിലൊരാള്‍ പിടിയില്‍

crime
  •  3 months ago
No Image

തീപിടിത്തത്തിന് സാധ്യത; ഈ പവര്‍ ബാങ്ക് മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിച്ച് സഊദി

Saudi-arabia
  •  3 months ago
No Image

മലപ്പുറത്ത് എംപോക്‌സ് ക്ലേഡ് 1 ബി സ്ഥിരീകരിച്ചു; അതിവേഗ വ്യാപനമുള്ള വകഭേദം, ഇന്ത്യയില്‍ സ്ഥിരീകരിക്കുന്നത് ആദ്യം

Kerala
  •  3 months ago
No Image

ഷാർജയിൽ ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കുന്നു

uae
  •  3 months ago
No Image

ഷിരൂരില്‍ നാളെ റെഡ് അലര്‍ട്ട്; തിരച്ചില്‍ സാഹചര്യം നോക്കിയെന്ന് കാര്‍വാര്‍ എംഎല്‍എ

National
  •  3 months ago
No Image

യുഎഇയില്‍ അനുമതിയില്ലാതെ കിണർകുഴിച്ചാൽ കനത്ത പിഴ

uae
  •  3 months ago
No Image

ലൈംഗികാതിക്രമം; ജയസൂര്യയുടെ രണ്ട് മുന്‍കൂര്‍ ജാമ്യ ഹരജികള്‍ തീര്‍പ്പാക്കി ഹെക്കോടതി

Kerala
  •  3 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം; അജ്മലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി ; ശ്രീക്കുട്ടിയുടെ അപേക്ഷ ബുധനാഴ്ച പരിഗണിക്കും

Kerala
  •  3 months ago