ബേഡകത്ത് ഒന്നും ശരിയായില്ല; സി.പി.എം പ്രവര്‍ത്തകര്‍ സി.പി.ഐയില്‍ ചേര്‍ന്നു
കുറ്റിക്കോല്‍(കാസര്‍കോട്): എല്ലാം ശരിയാകുമെന്ന് പറഞ്ഞു കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷ ഉയര്‍ത്തിയ സി.പി.എമ്മിന് ബേഡകത്ത് ശരിയായില്ല. മുതിര്‍ന്ന നേതാവായ പി. ഗോപാലന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ സി.പി.എമ്മില്‍ നിന്നു പടിയിറങ്ങി സി.പി.ഐയില്‍ ചേരുകയും ചെയ്തു.
ചെങ്കൊടി ഞങ്ങളുടെ അവകാശമാണെന്ന് സി.പി.എം വിട്ട് സി.പി.ഐയില്‍ ചേര്‍ന്ന പി. ഗോപാലന്‍ മാസ്റ്റര്‍ പറഞ്ഞു. കുറ്റിക്കോല്‍ വ്യാപാര ഭവനില്‍ നടന്ന സി.പി.ഐ കണ്‍വെന്‍ഷനില്‍ അംഗത്വം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് 80 വയസായെന്നും 1957 ലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം വീട്ടിലേക്കുള്ള മടക്കമായാണ് സി.പി.ഐയില്‍ ചേര്‍ന്നതിനെ കാണുന്നത്.
തങ്ങളെ അഭയാര്‍ഥിയായി കാണണമെന്നാണ് സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പിലിനോട് ആവശ്യപ്പെട്ടത്. ആരൊക്കെ തന്റെ കൂടെ വരണമെന്ന് ആരോടും താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.ഐയില്‍ ചേരുന്നവരുടെ പേരുകള്‍ കണ്‍വെന്‍ഷനില്‍ വായിച്ചപ്പോള്‍ എല്ലാവരും കൈ പൊക്കിയാണ് സാന്നിധ്യം അറിയിച്ചത്. 107 ഓളം പേരാണ് സി.പി.എമ്മില്‍ നിന്നും രാജിവച്ച് സി.പി.ഐയില്‍ ചേര്‍ന്നത്.
ഇത് പാര്‍ട്ടി ഗ്രാമത്തില്‍ സി.പി.എമ്മിന് കനത്ത തിരിച്ചടിയായി. സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ.വി കൃഷ്ണന്‍, ടി. കൃഷ്ണന്‍, ജില്ലാ അസി. സെക്രട്ടറി ബി.വി. രാജന്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.എസ് കുര്യാക്കോസ്, മണ്ഡലം സെക്രട്ടറി വി. രാജന്‍, ജില്ലാ കൗണ്‍സില്‍ അംഗം അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള തുടങ്ങിയ നേതാക്കള്‍ അനുസ്മരണ യോഗത്തിലും സ്വീകരണ ചടങ്ങിലും സംബന്ധിച്ചു.
ഗോപാലന്‍ മാസ്റ്ററുടെ മകനും ബേഡകം ഏരിയാകമ്മിറ്റി അംഗവുമായ രാജേഷ് ബാബു ഉള്‍പെടെയുള്ളവര്‍ പിന്നീട് സി.പി.ഐയില്‍ ചേരുമെന്നാണ് സൂചന. വര്‍ഷങ്ങളായി ബേഡകം ഏരിയയില്‍ പുകഞ്ഞു കൊണ്ടിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സി.പി.എം നേതൃത്വം കാണിച്ച ഉദാസീനതയാണ് ഈ ഭാഗത്ത് പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടാക്കിയത്. കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരിലേക്ക് നേരിട്ട് വിളിച്ച് ചര്‍ച്ച നടത്തിയെങ്കിലും സമവായത്തിലെത്താന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്നാണ് നിരവധി പ്രവര്‍ത്തകരോടൊപ്പം ഗോപാലന്‍ മാസ്റ്റര്‍ സി.പി.ഐയില്‍ ചേര്‍ന്നത്. മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുകൂടിയായ ഗോപാലന്‍ മാസ്റ്റര്‍ ഉള്‍പെടെയുള്ളവര്‍ പാര്‍ട്ടി വിട്ട് പോകുന്നത് ബേഡകം പാര്‍ട്ടി ഗ്രാമത്തില്‍ സി.പി.എമ്മിന് വലിയ ക്ഷീണമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."