കുഞ്ഞുങ്ങള്‍ക്ക് വീടിനെക്കാള്‍ വിലയുണ്ട്
മുഹമ്മദ്
ഓടിക്കളിക്കരുതെന്ന് പലതവണ അവനോട് പറഞ്ഞതാണ്. എന്നിട്ടും അനുസരണ കാട്ടിയില്ല. ഒടുവില്‍ കണ്ണുംമൂക്കുമില്ലാത്ത അവന്റെ കളിയില്‍ കസേര പൊട്ടി. അത് കണ്ടുനില്‍ക്കാനുള്ള ക്ഷമ അച്ഛനുണ്ടായില്ല. തിളങ്ങുന്ന ചൂരല്‍വടി കൊണ്ടുവന്ന് അവനെ പൊതിരെ തല്ലി. നിലത്തുവീഴും വരെ തല്ലി. അവന്‍ ആര്‍ത്തുകരഞ്ഞെങ്കിലും അടി നിര്‍ത്തിയില്ല. അയല്‍ക്കാരന്‍ ഓടിവന്ന് അദ്ദേഹത്തെ പിടിച്ചുമാറ്റിയപ്പോഴാണ് തത്ക്കാലം അടങ്ങിയത്. കുട്ടിയുടെ ശരീരത്തില്‍ വീണ അടിപ്പാടുകള്‍ കണ്ടപ്പോള്‍ അയല്‍വാസിയുടെ ഉള്ളംനീറി. അദ്ദേഹം ചോദിച്ചു:
'സുഹൃത്തേ, താങ്കളുടെ കസേരയ്ക്കാണോ ഏഴു വയസു മാത്രം പ്രായമുള്ള ഈ കുട്ടിക്കാണോ കൂടുതല്‍ വില'
'കുട്ടിക്ക്. എന്താ സംശയം?'
'എങ്കില്‍ വിലകുറഞ്ഞ ഈ കസേരയ്ക്കുവേണ്ടി ഈ കുഞ്ഞിനെ എന്തിനാണ് ഇക്കോലത്തിലാക്കിയത്? ഈ കസേരകൊണ്ട് കുട്ടിക്കു വല്ല പരുക്കും പറ്റിയാല്‍ കുട്ടിക്കുവേണ്ടി കസേരയുടെ കാലൊടിക്കുമോ നിങ്ങള്‍?'
അടുക്കും ചിട്ടയും വൃത്തിയും വെടിപ്പുമുള്ള വീടുകണ്ടാല്‍ വീട്ടുകാരനെ ആരും അഭിനന്ദിക്കും. എന്നാല്‍ കുട്ടികളുണ്ടായിട്ടും ആ വീട്ടിലെ സ്ഥിതി അതുതന്നെയാണെങ്കില്‍ അവിടെ ഏകാധിപത്യഭരണമാണു നടക്കുന്നത്.
കുട്ടിയാകുമ്പോള്‍ കുട്ടിക്കളിയുണ്ടാകും. മൃഗങ്ങളില്‍പോലും അതുതന്നെയാണു സ്ഥിതി. ആ കുട്ടിക്കളി ഒരുപക്ഷേ, മുതിര്‍ന്നവരെ സംബന്ധിച്ചിടത്തോളം അസ്വസ്ഥത സൃഷ്ടിക്കുന്നതായിരിക്കും. എന്നാലും അതിനെ അടക്കിനിര്‍ത്തുകയല്ല, ശരിയായ ദിശയിലേക്കു തിരിച്ചുപിടിക്കുകയാണ് രക്ഷിതാവ് ചെയ്യേണ്ടത്.
ചുമരുകളില്‍ ചിത്രരചനകള്‍ നടത്തുന്ന കുട്ടിയെ നോക്കുക. അവന്‍ ചുമരുകള്‍ വൃത്തികേടാക്കുകയാണെന്ന് ചിന്തിക്കാം. അവന്‍ തന്റെ അകത്തുള്ള കഴിവു പുറത്തെടുക്കുകയാണെന്നും ചിന്തിക്കം. വൃത്തികേടാക്കുകയാണെന്നു ചിന്തിച്ചാല്‍ അവന്‍ മഹാശല്യക്കാരനായിരിക്കും. മഹാശല്യക്കാരനാണെന്നു ചിന്തിച്ചാല്‍ അവനെ കൈകാര്യം ചെയ്യാതിരിക്കാനാവില്ല. അതേസമയം, തന്റെ കഴിവുകള്‍ പുറത്തെടുക്കുകയാണെന്നു ചിന്തിച്ചാല്‍ അവന്‍ നമുക്ക് പ്രതീക്ഷയായിരിക്കും. പ്രതീക്ഷയാണെന്നു ചിന്തിക്കുമ്പോള്‍ അവനെ പ്രോത്സാഹിപ്പിക്കാതിരിക്കാനാവില്ല.
ചുമര്‍ വൃത്തികേടാക്കുന്നത് നോക്കിനില്‍ക്കുകയാണോ വേണ്ടതെന്ന സംശയമുണ്ടാകാം.
മറുപടി: നിങ്ങളുടെ വീട്ടിലെ വാട്ടര്‍ടാങ്ക് നിറഞ്ഞൊഴുകുകയാണെന്നിരിക്കട്ടെ... വെള്ളം വന്ന് മുറ്റമാകെ ചെളിക്കളമായിക്കൊണ്ടിരിക്കുന്നു. എത്രയും വേഗം അതില്ലാതാക്കണം. അതിനായി മോട്ടര്‍ ഓഫ് ചെയ്യുന്നതോടൊപ്പം ടാങ്കിനു താഴെ വല്ല പാത്രവും വച്ചുകൊടുക്കും; അതാണല്ലോ ചെയ്യുക. ഇതുതന്നെയാണ് കുട്ടിയുടെ വിഷയത്തിലും ചെയ്യേണ്ടത്. അവന്റെ അകത്തുനിന്ന് കലാവാസനകള്‍ പുറത്തേക്കൊഴുകുന്നു. അതവന്‍ ഒഴുക്കിവിടുന്നത് ഉചിതമല്ലാത്ത സ്ഥലത്തേക്കാണ്. അതിനാല്‍ ഒഴുക്കിവിടാന്‍ നിങ്ങളൊരു ബോര്‍ഡ് വീട്ടില്‍ സ്ഥാപിക്കുക. പ്രശ്‌നം അതോടെ പരിഹരിക്കപ്പെടുകയും കുട്ടിക്കുള്ളിലെ പ്രതിഭയ്ക്ക് പ്രോത്സാഹനമായി മാറുകയും ചെയ്യും. വെള്ളം വന്ന് മുറ്റം വൃത്തികേടായാല്‍ പൈപ്പ് പൊട്ടിക്കുകയല്ല, വെള്ളത്തെ പ്രയോജനകരമായ സ്ഥലത്തേക്കു ഒഴുക്കിവിടുകയാണു വേണ്ടത്. വീട് വൃത്തികേടാക്കിയതിനു കുട്ടിയുടെ കൈയും കാലും തല്ലിയൊടിക്കുകയല്ല, അവന് ഉചിതമായ പ്രവര്‍ത്തനകളരി നിശ്ചയിച്ചുകൊടുക്കുകയാണു വേണ്ടത്.
വീട്ടില്‍ വൃത്തിയും വെടിപ്പും അത്യാവശ്യം തന്നെ. വീട്ടുപകരണങ്ങള്‍ മുഴുവന്‍ അടുക്കിലും ചിട്ടയിലുമായിരിക്കണം. എന്നാല്‍, കുഞ്ഞുങ്ങളുടെ ചിറകരിഞ്ഞുകൊണ്ടോ അവരുടെ സ്വപ്‌നങ്ങളെ തല്ലിത്തകര്‍ത്തുകൊണ്ടോ അല്ല അതു നടപ്പില്‍വരുത്തേണ്ടത്.
നിങ്ങള്‍ക്കു നിങ്ങളുടെ വ്യക്തിത്വം പുറത്തെടുക്കാന്‍ അനുവാദമില്ലാത്ത, നിങ്ങളെക്കാള്‍ മുതിര്‍ന്ന വല്ലവരുടെയും താല്‍പര്യങ്ങള്‍ക്കു വഴങ്ങിനില്‍ക്കേണ്ട ഒരിടത്തെത്തിയാലുള്ള സ്ഥിതി ആലോചിച്ചുനോക്കൂ. സത്യത്തില്‍ അതുതന്നെയാണ് ഏകാധിപത്യഭരണം നടക്കുന്ന വീട്ടിലെ കുഞ്ഞുങ്ങളുടെയും സ്ഥിതി. നിങ്ങളുടെ വീട്ടില്‍ നിങ്ങള്‍ നിങ്ങളുടെ വ്യക്തിത്വം പുറത്തെടുക്കുന്നു. കുട്ടിക്ക് കുട്ടിയുടെ കുട്ടിത്തം പുറത്തെടുക്കാന്‍ അനുവാദമില്ലെന്നു വിധിക്കുന്നത് എന്തു നീതിയാണ്?
പൂവിന് സമയമായാല്‍ വിടരാതിരിക്കാനാകില്ല. കുട്ടികള്‍ക്കു കുട്ടിത്തം പുറത്തെടുക്കാതിരിക്കാനുമാകില്ല. കുട്ടിക്കളികള്‍ അവര്‍ക്കു ജീവവായുപോലെ പ്രധാനം. അതു പുറത്തെടുക്കാന്‍ അനുവദിക്കാതിരുന്നാല്‍ വീടിനും വീട്ടുപകരണങ്ങള്‍ക്കും പരുക്കുകള്‍ സംഭവിച്ചെന്നുവരില്ല. പക്ഷേ, ആ കുഞ്ഞുങ്ങളുടെ മനസില്‍ മാലിന്യങ്ങള്‍ കടന്നുകൂടും. ആ മാലിന്യങ്ങള്‍ പിന്നീട് അവര്‍ പുറത്തെടുക്കും. അതാണ് മാതാപിതാക്കളെ ചൊല്‍പ്പടിക്കു കീഴില്‍ നിര്‍ത്തുന്ന അവസ്ഥയായി രംഗത്തുവരുന്നത്.
വീട്ടില്‍ വീട്ടുപകരണങ്ങളെക്കാള്‍ പ്രധാനമാകേണ്ടത് കുഞ്ഞുങ്ങളാണ്. ഉപകരണങ്ങള്‍ക്കു പരുക്കുകള്‍ പറ്റാതിരിക്കാന്‍ എത്രമാത്രം ശ്രദ്ധിക്കുന്നോ, അതിനെക്കാളേറെ ശ്രദ്ധവേണ്ടത് കുഞ്ഞുമനസുകള്‍ക്ക് പരുക്കുകള്‍ ബാധിക്കാതിരിക്കാനാണ്. വീട്ടില്‍ അവര്‍ക്ക് ആവിഷ്‌കാരസ്വാതന്ത്ര്യം അനുവദിക്കുകതന്നെ വേണം. കുഞ്ഞുങ്ങള്‍ക്ക് മുന്നില്‍ ഒരിക്കലും ഏകാധിപതിയായി മാറരുത്. ഏകാധിപതികള്‍ക്കു കൂടുതല്‍കാലം വാഴാനാകില്ല. സ്വന്തം ജനതയാല്‍തന്നെ അവര്‍ വകവരുത്തപ്പെടും. സ്വന്തം കുഞ്ഞുങ്ങളാല്‍ തന്നെ വകവരുത്തപ്പെടാതിരിക്കാന്‍ ജനാധിപത്യരീതിയാണ് ഉചിതം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."