മലക്കം മറിഞ്ഞ് സി.പി.എം; ശ്രീകൃഷ്ണജയന്തിയില്‍ നടത്തുന്നത് ചട്ടമ്പിസ്വാമി ജയന്തിയുടെ ഭാഗമെന്ന് പി ജയരാജന്‍
കണ്ണൂര്‍: കൃഷ്ണാഷ്ടമി ദിനത്തില്‍ നടത്തുന്നത് ശ്രീകൃഷ്ണജയന്തി ആഘോഷമല്ലെന്നും ചട്ടമ്പിസ്വാമി ജയന്തി ആഘോഷങ്ങളുടെ ഭാഗമാണെന്നുമുള്ള വിശദീകരണവുമായി സി. പി. എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍.
ജാതിമത വര്‍ഗീയ ശക്തികള്‍ക്കെതിരേ നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് 24നു ചട്ടമ്പിസ്വാമി ദിനം മുതല്‍ 28ന് അയ്യങ്കാളിദിനം വരെ സി.പി.എം കാംപയിന്‍ സംഘടിപ്പിക്കുന്നത്. പുതിയ മാറ്റങ്ങള്‍ സമൂഹത്തിലുണ്ടാകുമ്പോള്‍ പുതിയ തലമുറ പ്രതികരിക്കണം. അതിനാണു പാര്‍ട്ടി ശ്രമിക്കുന്നത്. നവോത്ഥാനനായകര്‍ പകര്‍ന്നു നല്‍കിയ സന്ദേശങ്ങള്‍ ഇന്നും പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ബാലഗോകുലം നടത്തുന്ന ശോഭായാത്രയെ എതിര്‍ക്കാനാണോ ഘോഷയാത്ര സംഘടിപ്പിക്കുന്നതെന്ന ചോദ്യത്തിന് ആഘോഷത്തിന്റെ പേരില്‍ വിശ്വാസികളെ തെരുവിലിറക്കുന്നതിനേയാണ് സി.പി.എം എതിര്‍ക്കുന്നതെന്നായിരുന്നു മറുപടി. വിശ്വാസത്തിന്റെ ഭാഗമല്ല ഘോഷയാത്ര. ചരിത്രത്തെ പുതിയ തലമുറ പഠിക്കുക എന്ന ലക്ഷ്യം വച്ചാണ് സംഘടിപ്പിക്കുന്നത്. എന്നാല്‍ വിശ്വാസികളില്‍ വര്‍ഗീയത പരത്തുന്ന ഏതു പ്രവര്‍ത്തനത്തെയും സി.പി.എം എതിര്‍ക്കും.
ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ശ്രീകൃഷ്ണജയന്തി ഘോഷയാത്ര സംഘടിപ്പിക്കുന്നത്. ചതയ ദിന യാത്രയെ സി.പി.എം എതിര്‍ത്തിട്ടില്ല. അതില്‍ പാര്‍ട്ടിപ്രവര്‍ത്തകരായ പലരുമാണ് സംഘാടകര്‍. അത് വര്‍ഗീയത പരത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞവര്‍ഷം ഓണാഘോഷ സമാപന ഭാഗമായി ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ബാലസംഘം പ്രവര്‍ത്തകര്‍ നടത്തിയ ഘോഷയാത്ര വിവാദമായിരുന്നു. ബാലഗോകുലത്തിന്റെ ശോഭായാത്രയ്ക്ക് പകരമായാണ് പരിപാടിയുണ്ടായത്. ഇത്തവണ ചട്ടമ്പി സ്വാമികളുടെ ദിനാഘോഷത്തിന്റെ പേരില്‍ കണ്ണൂരില്‍ 206 കേന്ദ്രങ്ങളിലാണ് സി.പി.എം ഘോഷയാത്ര സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."