പ്രതിസന്ധി പരിഹരിക്കുമോ? സംസ്ഥാന ബജറ്റ് ഇന്ന്; ജനകീയ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് കേരളം
പ്രതിസന്ധി പരിഹരിക്കുമോ? സംസ്ഥാന ബജറ്റ് ഇന്ന്; ജനകീയ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് കേരളം
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ നലാമത്തെ ബജറ്റ് ഇന്ന്. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനകീയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമോ എന്ന കാര്യത്തില്‍ തീരുമാനവും ഇന്നുണ്ടാകും. സംസ്ഥാനം കടുത്ത ധനപ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഏറെ നിര്‍ണായകമാണ് ഇന്നത്തെ ബജറ്റ്.
രാവിലെ ഒമ്പത് മണിക്ക് ബജറ്റ് പ്രസംഗം ആരംഭിക്കും. നാളെ മുതല്‍ 11 വരെ സഭചേരില്ല. 12 മുതല്‍ 15 വരെയാണ് ബജറ്റ് ചര്‍ച്ച.
ക്ഷേമപെന്‍ഷന്‍ കുടിശ്ശിക, വിലക്കയറ്റം, നികുതി വരുമാനത്തിലെ ഇടിവ്, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡി.എ കുടിശ്ശിക തുടങ്ങിയി വിഷയങ്ങളില്‍ നേരിയ തോതിലെങ്കിലും പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. ക്ഷേമപെന്‍ഷന്‍ 100 രൂപയെങ്കിലും വര്‍ധിപ്പിക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമാണ്. എന്നാല്‍ നിലവില്‍ ആറ് മാസത്തെ പെന്‍ഷന്‍ കുടിശ്ശിക കൊടുത്ത് തീര്‍ക്കാത്ത സാഹചര്യമാണുള്ളത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടേതായിരിക്കും അന്തിമ തീരുമാനം.
വമ്പന്‍ പ്രഖ്യാപനങ്ങളുണ്ടാകില്ലെന്ന് ധനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ധനസെസ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സാധ്യത കുറവാണ്. അതേസമയം കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന പ്രഖ്യാപനങ്ങള്‍ ഇത്തവണ ബജറ്റിലുണ്ടെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. റബറിന്റെ താങ്ങുവില പത്ത് രൂപയോ, ഇരുപത് രൂപയോ വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ നെല്ലിന്റെയും തേങ്ങയുടെയും താങ്ങുവിലയിലും വര്‍ധനയുണ്ടാകാന്‍ സാധ്യതയുണ്ട്. കെട്ടിട നിര്‍മാണ മേഖലയിലുണ്ടായ മാന്ദ്യം മറികടക്കാനാവശ്യമായ പ്രഖ്യാപനങ്ങള്‍ക്കും കാതോര്‍ക്കുകയാണ് കേരളം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."