വ്യാജ ലോണ്‍ ആപ്പുകള്‍ക്ക് വീണ്ടും തടയിട്ട് ഗൂഗിള്‍; പ്ലേ സ്‌റ്റോറില്‍ നിന്നും നീക്കം ചെയ്തത് 2200 ലോണ്‍ ആപ്ലിക്കേഷനുകള്‍
ഇക്കഴിഞ്ഞ നാളുകളില്‍ രാജ്യവ്യാപകമായ ഒട്ടനവധി പേരുടെ ജീവിതം തകര്‍ത്ത് വാര്‍ത്തകളില്‍ ഇടംപിടിച്ചതാണ് വ്യാജ ലോണ്‍ ആപ്പുകള്‍. ലോണെടുക്കുന്നവരെ ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും പോലും പണം തട്ടുന്ന ലോണ്‍ ആപ്പുകളുടെ വലയില്‍ പെടാതിരിക്കാന്‍ കര്‍ശന നിര്‍ദേശങ്ങളാണ് ഗവണ്‍മെന്റും ടെക്ക് ഭീമന്മാരും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നത്. ഇപ്പോഴിതാ ഇത്തരം തട്ടിപ്പ് ആപ്പുകള്‍ക്കെതികെ കൂടുതല്‍ കര്‍ശനമായ നടപടികളുമായി മുന്നോട്ട് പോകുകയാണ് ഗൂഗിള്‍. 2022 സെപ്റ്റംബറിനും 2023 ഓഗസ്റ്റിനും ഇടയില്‍ 2200 വ്യാജ ലോണ്‍ ആപ്പുകളാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തത്.
വ്യാജ ലോണ്‍ ആപ്പുകളുടെ വ്യാപനം നേരിടാന്‍ റിസര്‍വ് ബാങ്ക് പോലുള്ള റെഗുലേറ്ററി ബോഡികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഗൂഗിളിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള കര്‍ശന നടപടികള്‍.2021 ഏപ്രില്‍ മുതല്‍ 2022 ജൂലായ് വരെ ഏകദേശം 3500 മുതല്‍ 4000 ലോണ്‍ ആപ്പുകള്‍ വരെ ഗൂഗിള്‍ റിവ്യൂ ചെയ്തിരുന്നു. ഇതില്‍ 2500 എണ്ണം നീക്കം ചെയ്തു. സമാനമായി, 2022 സെപ്റ്റംബര്‍ മുതല്‍ 2023 ഓഗസ്റ്റ് വരെ ഗൂഗിള്‍ പരിശോധന നടത്തുകയും 2200 ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്യുകയും ചെയ്തു.
ലോണ്‍ ആപ്പുകള്‍ക്ക് പ്ലേ സ്‌റ്റോറുകളില്‍ കടുത്ത നിയന്ത്രണങ്ങളും ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്. ബാങ്ക് അല്ലെങ്കില്‍ ബാങ്ക് ഇതര സ്ഥാപനങ്ങളോ അവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്കോ മാത്രമോ ലോണ്‍ ആപ്പുകള്‍ പ്രസിദ്ധീകരിക്കാനാവൂ. ഒപ്പം, മറ്റ് കര്‍ശന വ്യവസ്ഥകളും പാലിക്കേണ്ടതായിവരും.
സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകമായതോടെ കേന്ദ്രസര്‍ക്കാര്‍ സജീവ ഇടപെടല്‍ വിഷയത്തില്‍ നടത്തിവരുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെ നേതൃത്വത്തില്‍ എസ്എംഎസ്, റേഡിയോ ബ്രോഡ്കാസ്റ്റ്, പബ്ലിസിറ്റി കാമ്പയിന്‍ എന്നിവയിലൂടെയെല്ലാം ജനങ്ങള്‍ക്ക് സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് ബോധവല്‍കരണം നടത്തിവരികയാണ്.
Content Highlights:2200 Loan Apps Removed From Play Store
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."