പേരില്‍ നെല്ലറയുടെ പെരുമ സൂക്ഷിച്ച സ്വാമിനാഥന്‍
കൊച്ചി: പ്രൊഫ. മങ്കൊമ്പ് സാംബശിവന്‍ സ്വാമിനാഥന് ഭാരതരത്‌നം പ്രഖ്യാപിച്ചതോടെ കേരളത്തെ തീറ്റിപ്പോറ്റുന്ന കുട്ടനാടിന്‍്‌റെ യശസ് വീണ്ടുമുയരത്തിലെത്തി.98ാം വയസിലാണ് സ്വാമിനാഥന്‍ മരണമടഞ്ഞത്. ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ പിതാവെന്ന് ലോകം വാഴ്ത്തുന്ന സ്വാമിനാഥനെ കുറിച്ച് അമേരിക്കന്‍ പത്രമായ വാഷിങ്ടണ്‍ പോസറ്റ് പറഞ്ഞത് ഡോ. സ്വാമിനാഥനെന്ന മനുഷ്യസ്‌നേഹിയല്ലാതെ ഇന്ത്യയെ പോറ്റാന്‍ സഹായിച്ച മറ്റൊരു രാഷ്ട്രീയ നേതാവോ ബിസിനസുകാരനോ ഇന്ത്യയിലുണ്ടായിട്ടില്ലെന്നാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ 20 ഏഷ്യക്കാരുടെ പേരുവിവരങ്ങള്‍ ടൈം മാഗസിന്‍ പ്രസിദധപ്പെടുത്തിയപ്പോള്‍ അതില്‍ മൂന്നു പേര്‍ ഇന്ത്യക്കാരായിരുന്നു. ഗാന്ധിക്കും ടാഗോറിനുമൊപ്പം മൂ്ന്നാമനായതും ഡോ. സ്വാമിനാഥനായിരുന്നു.
സ്വാമിനാഥന്‍ തമിഴ്‌നാട്ടിലെ കുംഭകോണത്താണ് ജനിച്ചതെങ്കിലും അദ്ദേഹം പേരിനൊപ്പം കരുതുന്നത് മലയാളമാണ്. അല്‍പം ഗമയോടെ താന്‍ കുട്ടനാടിന്റെ പുത്രനാണെന്ന് അദ്ദേഹം പറയുമായിരുന്നു. തഞ്ചാവൂരില്‍ നിന്ന് ആലപ്പുഴയിലെ മങ്കൊമ്പിലേക്ക് കുടിയേറിയവരുടെ പിന്‍മുറക്കാരാണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍. സ്വാമിനാഥന്റെ സ്വപ്‌നമായിരുന്നു കു്ട്ടനാട് പാക്കേജ്. 2006ല്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് അദ്ദേഹം പദ്ധതി തയാറാക്കിയത്. വെള്ളപ്പൊക്കം, ശുചിത്വം, കാര്‍ഷിക രീതി തുടങ്ങി 15 ഇന കര്‍മ പരിപാടികളായിരുന്നു അദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. പലപ്പോഴായി കോടികള്‍ അനുവദിക്കപ്പെട്ടെങ്കിലും പിടിപ്പുകേടും അഴിമതിയുംമൂലം ഈ തുകയൊന്നും കുട്ടനാടിന്റെ ഉയിര്‍ത്തെഴുന്നേല്‍പിന് പ്രയോജനപ്പെട്ടില്ല. സമുദ്രനിരപ്പിനേക്കാള്‍ ഏറെ താഴെയുള്ള തന്റെ ഗ്രാമത്തെ കൈപിടിച്ചുയര്‍ത്താനും അവിടുത്തെ ജനതയ്ക്ക് നല്ല ജീവിതം നല്‍കാനും കൃഷിയെ പരിപോഷിപ്പിച്ച് ഇന്ത്യയെ തീറ്റിപ്പോറ്റാനുമുള്ള അദ്ദേഹത്തിന്റെ പദ്ധതി ഇന്നും സ്വപ്‌നമായിത്തന്നെ അവശേഷിക്കുമ്പോള്‍ പരാജയപ്പെട്ടത് കേരളജനതയാണ്, മലയാളിയാണ്.
ഐ.പി.എസ് ലഭിച്ചി്ട്ടും അത് അവഗണിച്ച് നെതര്‍ലാന്‍ഡ്‌സില്‍ കാര്‍ഷിക ഗവേഷണ സ്‌കോളര്‍ഷിപ്പിന് ചേരാനുള്ള സ്വാമിനാഥന്റെ തീരുമാനം ഇന്ത്യന്‍ ജനതയോട് അദ്ദേഹത്തിനുള്ള ആത്മബന്ധത്തിന്റെ തീവ്രത വരച്ചുകാട്ടുന്നതാണ്.
1943ലെ ബംഗാളിലെ പട്ടിണി മരണങ്ങള്‍ക്കു പിന്നാലെ അമേരിക്ക നിലവാരമില്ലാത്ത ധാന്യവര്‍ഗങ്ങള്‍ കയറ്റിയയച്ച് ഇന്ത്യയെ പട്ടിണിക്കോലങ്ങളില്‍ നിന്ന് പേക്കോലങ്ങളിലേക്ക് താഴ്ത്തി. സ്വാതന്ത്ര്യലബ്ധിക്ക് പിന്നാലെ ഇന്ത്യന്‍ യുവത രാജ്യത്തെ സ്വയംപര്യാപ്തതയിലെത്തിക്കുന്ന സ്വപ്‌നത്തിലേക്ക് ചുവടുവച്ചപ്പോള്‍ 22 കാരനായ സ്വാമിനാഥനും അതിന്റെ മുന്‍നിരയിലുണ്ടായിരുന്നു. ഡോക്ടറായ പിതാവിന്റെ കാലടികള്‍ പിന്തുടരാതെ മങ്കൊമ്പ് പഠിപ്പിച്ച കൃഷിയിലേക്കായിരുന്നു അദ്ദേഹത്തിന്റെ ചിന്ത.
ഭിക്ഷാപാത്രമെന്ന് വിശേഷിപ്പിക്കപ്പെട്ട ഇന്ത്യ പിന്നീട് ഭക്ഷ്യക്കൂടയായി മാറിയത് സ്വാമിനാഥന്റെ ദീര്‍ഘദൃഷ്ടി മൂലമാണെന്ന് പറയണം. രാജ്യത്തിനു നല്‍കിയ സംഭാവനകള്‍ മാനിച്ച് നിരവധി ദേശീയഅന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 1971ല്‍ മഗ്‌സസെ അവാര്‍ഡ്, 1987ല്‍ റോമില്‍ നടന്ന ഐക്യരാഷ്ട്ര ഭക്ഷ്യ കോണ്‍ഗ്രസ് അധ്യക്ഷ പദവി, 1987ലെ വേള്‍ഡ് ഫുഡ് പ്രൈസ്, 2000ലെ ഫ്രാങ്കലിന്‍ റൂസ് വെല്‍റ്റ് പുരസ്‌കാരം, പദ്മശ്രീ, പദ്മഭൂഷണ്‍ എന്നിവ അവയില്‍ ചിലതാണ്. 50ലേറെ ഓണററി ബിരുദങ്ങളും ലഭിച്ചിട്ടുണ്ട്. ആയിരത്തോളം ഗവേ,ണ പ്രബന്ധങ്ങളും 13 പുസ്തകകങ്ങളും രചിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ വിചക്ഷണയായിരുന്ന ഭാര്യ മീനാ സ്വാമിനാഥന്‍ രണ്ടുവര്‍ഷം മുന്‍പാണ് മരിച്ചത്. ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊഫസര്‍ ഡോ. മധുര സ്വാമിനാഥന്‍, യു.കെ ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാല എന്‍.ഐ.എസ്.ഡി ഡയറക്ടര്‍ നിത്യ റാവു എന്നിവരാണ് മക്കള്‍.
പേരില്‍ നെല്ലറയുടെ പെരുമ സൂക്ഷിച്ച സ്വാമിനാഥന്
https://suprabhaatham.com/m-s-swaminathan-father-of-indian-green-revolution-passes-away/
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."