വിലപേശുന്ന ജനാധിപത്യം
ഡോ.സോയ ജോസഫ്
2019 ലോക്സഭ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ സോമനാഥ് ജില്ലയിൽ ഗീർവനത്തിൽ താമസിക്കുന്ന മഹന്ദ് ഭാരത്ദാസ് ബാപ്പു എന്നയാൾക്ക് വോട്ട് ചെയ്യാനായി തെരഞ്ഞെടുപ്പിന്റെ മൂന്ന് ദിവസം മുമ്പ് അഞ്ച് ഉദ്യോഗസ്ഥർ 70 കിലോമീറ്റർ നടന്ന് പോളിങ് ബൂത്ത് സ്ഥാപിച്ചു. ഒരു വോട്ട് പോലും വിലപ്പെട്ടതാണെന്ന് പറഞ്ഞുവയ്ക്കുന്ന ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയുടെ അന്തസത്ത ഉയർത്തിപ്പിടിക്കുന്ന അനുഭവമായി ഇതിനെ വിശേഷിപ്പിക്കാം. ഇന്ത്യ ജനാധിപത്യ രാജ്യമാണെന്ന് അരക്കിട്ടുറപ്പിക്കുന്നതിനോടൊപ്പം ഓരോ പൗരനും ജനാധിപത്യ വ്യവസ്ഥയിൽ ഇടപെട്ട് തന്റെ വോട്ടിന്റെ മൂല്യം പ്രാവർത്തികമാക്കുന്ന ജനായത്ത സമ്പ്രദായം കൂടിയായി തെരഞ്ഞെടുപ്പുകൾ രാജ്യത്ത് മാറിയിട്ടുണ്ട്.
പണവും മറ്റു വ്യക്തിഗത അനുകൂല്യങ്ങളും വോട്ടർമാർക്ക് നൽകി വോട്ട് ബയിങ് അഥവാ ഇലക്ടറൽ ക്ലൈയൻ്റലിസം നടപ്പാക്കരുതെന്ന് തെരഞ്ഞെടുപ്പ് ചട്ടം കൃത്യമായി വിവക്ഷിക്കുന്നുണ്ട്. എന്നാൽ വോട്ടർമാരുടെ സാമ്പത്തിക-സാമൂഹ്യ-പിന്നോക്കാവസ്ഥ മുതലെടുത്ത് സ്ഥാനാർഥികൾ പണവും മറ്റ് അനുകൂല്യങ്ങളും നൽകുകയും തുടർന്ന് സ്ഥാനാർഥികളുടെ വിജയം വരെ റദ്ദാക്കിയ സംഭവങ്ങളും നിരവധിയാണ്.
ഇന്ത്യൻ ജനാധിപത്യത്തെ അപകടകരമാം വിധം ഉലച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് റിസോർട്ട് രാഷ്ട്രീയം. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെയും അതിന്റെ പ്രത്യയശാസ്ത്രങ്ങളെയും പ്രതിനിധീകരിച്ച് ആശയങ്ങളും നിലപാടും പരസ്യമായി പങ്കുവച്ച് പാർട്ടിയുടെ ഔദ്യോഗിക ചിഹ്നത്തിൽ മത്സരിക്കുകയും പിന്നീട് സർക്കാർ രൂപീകരിക്കപ്പെടുമ്പോൾ സ്വന്തം പാർട്ടിയുടെ വിശ്വാസം പോലും
സംരക്ഷിക്കാനാവാതെ റിസോർട്ടുകളിലേക്ക് മാറ്റിപ്പാർപ്പിക്കേണ്ടി വരുന്ന ജനപ്രതിനിധികളുടെ കാലത്തിലേക്ക് ഇന്ത്യൻ ജനാധിപത്യം മാറ്റിയെഴുതപ്പെടുകയാണ്. തെരഞ്ഞെടുപ്പുകൾക്ക് മുൻപ് കൂറുമാറില്ല എന്ന് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലിപ്പിച്ച് സ്ഥാനാർഥികളെ മത്സരിപ്പിക്കേണ്ടിവരുന്ന ഗതികേടിലേക്ക് വരെ എത്തിയിരിക്കുന്നു. കഴിഞ്ഞദിവസം കോൺഗ്രസ് ഇറക്കിയ ബ്ലാക്ക് പേപ്പറിൽ 10 വർഷത്തിനിടയിൽ 411എം.എൽ.എമാരെ ബി.ജെ.പി പണം കൊടുത്ത് ചാക്കിട്ടു പിടിച്ചു എന്നും അവർ ഇന്ത്യയുടെ ജനാധിപത്യത്തെ തകർക്കുകയാണെന്നും ആരോപിക്കുന്നു. കഴിഞ്ഞ 10 വർഷത്തെ ചരിത്രം പരിശോധിക്കുമ്പോൾ കർണാടകയിലും മധ്യപ്രദേശിലും ഗോവയിലും മണിപ്പൂരിലും ഉത്തരാഖണ്ഡിലും സർക്കാർ തിരഞ്ഞെടുക്കപ്പെടുമ്പോൾ ആ തെരഞ്ഞെടുപ്പിനെ തങ്ങളുടെ പർച്ചേസിങ് പവർ കൊണ്ട് അട്ടിമറിച്ച് പുതിയ കൂട്ടുകക്ഷി സർക്കാർ രൂപീകരിക്കുകയും ചെയ്തു.
2019ൽ കർണാടകയിൽ ജെ.ഡി.എസും കോൺഗ്രസും ചേർന്ന് കൂട്ടുകക്ഷി മന്ത്രിസഭ രൂപീകരിച്ചെങ്കിലും പിന്നീട് കോൺഗ്രസിൽ നിന്നും ജനതാദളിൽ നിന്നും എം.എൽ.എമാർ രാജിവച്ച് കേവല ഭൂരിപക്ഷം കുറച്ച് ബി.ജെ.പിയെ അധികാരത്തിൽ എത്തിച്ചു. തങ്ങളുടെ ഓരോ വോട്ടും വിലപ്പെട്ടതാണെന്ന് ചിന്തിക്കുന്ന വോട്ടർമാർക്ക് ഇടയിലേക്ക് അയേ റാം ഗായേ റാം എന്ന തരത്തിൽ ജനപ്രതിനിധികൾ കൂറ് മാറുമ്പോൾ ഇളിഭ്യരാകുന്നത് ഇന്ത്യൻ ജനാധിപത്യവും അതിൽ വിശ്വസിക്കുന്ന പൗര സമൂഹവും ആണ്.
ലോക്സഭ തെരഞ്ഞെടുപ്പിന് രാജ്യം ഉറ്റുനോക്കുമ്പോൾ നിലവിലെ ഭരണകൂടം പുതിയ തന്ത്രങ്ങളുമായി ഇറങ്ങിയിട്ടുണ്ട്. ജനാധിപത്യ വ്യവസ്ഥയിൽ എല്ലാവരെയും തുല്യരായി പരിഗണിക്കണമെന്നും ഇന്ത്യൻ ഫെഡറലിസത്തിന്റെ ഭാഗമായി എല്ലാ സംസ്ഥാന സർക്കാരുകൾക്കും തങ്ങളുടെ ആനുപാതികമായ വിഹിതവും ന്യായമായ സാമ്പത്തിക സഹായവും നൽകണമെന്നുള്ള വ്യവസ്ഥ നിലനിൽക്കെയാണ് ഇതിനെയെല്ലാം കാറ്റിൽ പറത്തി മോദി സർക്കാർ മുന്നോട്ടുപോകുന്നത്. ബി.ജെ.പിയിതര സംസ്ഥാന സർക്കാരുകൾക്ക് സാമ്പത്തിക ഉന്നമനത്തിനു വേണ്ടിയുള്ള പദ്ധതികളോ വിഹിതമോ കേന്ദ്ര ബജറ്റിൽ മാറ്റിവയ്ക്കാതെയുള്ള ഈ ചേരിതിരിവിൽ എല്ലാം സ്പഷ്ടമാണ്. ഇതിനെതിരേ കേരളം ഉൾപ്പെടെയുള്ള സർക്കാരുകൾ ജന്തർ മന്തറിൽ സമരം നടത്തുകയും ചെയ്തു.
സർക്കാരിനെതിരേ സംസാരിക്കുന്നവർക്ക് ഭരണഘടന സ്ഥാപനങ്ങൾ മുഖേന പ്രത്യേകിച്ച് എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് മുഖേന റെയ്ഡ് നടത്തിയും മറ്റ് ഭരണഘടനാ സ്ഥാപനങ്ങളെയും സ്വതന്ത്ര ഏജൻസികളെയും വിലക്കെടുത്തും ജനാധിപത്യത്തിന്റെ ആന്തരിക അടിത്തറയെ തന്നെ ചോദ്യം ചെയ്യുന്ന വിധത്തിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പ്രതിച്ഛായ നന്നാക്കലും മുഖം വെളുപ്പിക്കലും പെയ്ഡ് ന്യൂസുകളുടെയും പെയ്ഡ് കാംപയിനുകളുടെയും സഹായത്തോടുകൂടി നടത്തുന്നത് സ്വാഭാവികമായി മാറി.
നിലവിൽ കേരളത്തിന്റെ വഴിയോരങ്ങളിൽ പ്രധാനമന്ത്രിയുടെ പടം വച്ച് കച്ചവടം ചെയ്തുകൊണ്ടിരിക്കുന്ന ഭാരത് അരിയുടെ രാഷ്ട്രീയവും മറ്റൊന്നല്ല. 29 രൂപയ്ക്ക് സർക്കാർ സ്പോൺസേർഡ് അരി പൊതുവിതരണ സമ്പ്രദായത്തിലൂടെ അല്ലാതെ ബി.ജെ.പിക്കാരൻ വഴിയോരങ്ങളിൽ വിതരണം ചെയ്യുന്ന കാഴ്ച ജനാധിപത്യത്തിന്റെ സീമകളെ ലംഘിക്കുന്നതാണ്. പണപ്പെരുപ്പവും വിലക്കയറ്റവും ആണ് ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചത്. പെട്രോളും ഡീസലും പാചകവാതക ഗ്യാസും ഉൾപ്പെടെയുള്ളവയുടെ വിലയിലുണ്ടായ ഗണ്യമായ മാറ്റമാണ്
അവശ്യസാധനങ്ങളുടെയും നിത്യോപയോഗ വസ്തുക്കളുടെയും വില കുത്തനെ ഉയർത്തിയത്. 29 രൂപയ്ക്ക് ഭാരത് അരി കൊടുക്കുന്നവർ പെട്രോളിനും ഡീസലിനും സമാശ്വാസമായി ഏർപ്പെടുത്തിയ നികുതി കുറയ്ക്കാൻ തയാറാകുന്നില്ല. ഒരിടത്ത് സർക്കാർ തന്നെ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും പ്രോത്സാഹിപ്പിക്കുകയും വിലക്കയറ്റം തടയാൻ യാതൊരു മാർഗങ്ങളും സ്വീകരിക്കാതിരിക്കുകയും ചെയ്ത് നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവിന് ആക്കംകൂട്ടി അതേ സർക്കാർ തന്നെ തങ്ങളുടെ രാഷ്ട്രീയ സംവിധാനങ്ങളെ ഉപയോഗിച്ച് അരി വിതരണം ചെയ്യുന്നതിന്റെ ഉദ്ദേശശുദ്ധിയെ തിരിച്ചറിയാൻ പ്രയാസരഹിതമാണ്. രാജ്യത്തെ മനുഷ്യരുടെ അടിസ്ഥാനപരമായ പ്രശ്നങ്ങളെ സ്പർശിക്കാതെ ഉപരിപ്ലവമായി നിൽക്കുന്ന, എളുപ്പത്തിൽ കത്തിക്കാൻ സാധിക്കുന്ന അമ്പലവും പള്ളിയും രാജ്യത്ത് ചർച്ചാവിഷയം ആകുമ്പോൾ ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളുടെ അടിവേരറുക്കപ്പെടുകയാണ്.
ജനാധിപത്യത്തിൽ ഉണ്ടായിരിക്കേണ്ട സമത്വവും സഹിഷ്ണുതയും സർവോപരി സാമൂഹ്യനീതിയും പ്രാവർത്തികമാക്കാൻ ഭരണകൂടത്തിന് സാധിക്കുന്നില്ല. അതിനപ്പുറം അധികാരകേന്ദ്രങ്ങൾ രാഷ്ട്രീയ പാർട്ടിയുടെ ഉപകരണങ്ങളായും ചട്ടുകങ്ങളായും പ്രവർത്തിക്കുകയും ജനാധിപത്യ വ്യവസ്ഥയുടെ പ്രാഥമികമായ തത്വങ്ങൾ പോലും വലിച്ചെറിയപ്പെടുകയും ചെയ്യുന്നു. വോട്ട് ചെയ്യുന്ന സാധാരണ മനുഷ്യർ ഭരണകൂട രൂപീകരണത്തിന് മുൻപ് തങ്ങൾ വിജയിപ്പിച്ച സ്ഥാനാർഥികൾ റിസോർട്ടുകളിലേക്ക് മാറുന്നതിന്റെയും കൂറുമാറുന്നതിന്റെയും കാഴ്ചകളിൽ നിരാശരാവുകയാണ്.
കൂറുമാറ്റ നിരോധന നിയമം രാജ്യത്ത് പ്രാവർത്തികമാക്കിയെങ്കിലും അതിന്റെ പരിധിക്കപ്പുറത്തെ ജനാധിപത്യ ധ്വംസനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സാധാരണ പൗരന്മാരുടെ നികുതിപ്പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് മാമാങ്കം നടത്തുമ്പോൾ കുറഞ്ഞപക്ഷം അതിനോടുള്ള വിശ്വാസ്യത എങ്കിലും കാണിക്കേണ്ടിയിരിക്കുന്നു എന്ന് ആവർത്തിച്ചു പറയേണ്ട അവസരം കൂടിയാണ്. യാതൊരു രാഷ്ട്രീയ നൈതികതയും ഇല്ലാതെ ലാഭങ്ങളുടെയും പണക്കൊഴുപ്പിന്റെയും അത്ഭുത വലയങ്ങളിൽപ്പെട്ട് ജനാധിപത്യത്തിന്റെ കാവലാകേണ്ടവർ കേവലം ജനാധിപത്യവിരുദ്ധരായി മാറിക്കൊണ്ടിരിക്കുന്നു. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർഥികൾ തങ്ങളുടെ സ്വത്ത് വിവരകണക്കുകൾ പുറത്തുവിടേണ്ട സാഹചര്യത്തിൽ അതിൽ കൃത്രിമം കാണിച്ചു ബിനാമികളുടെ പേരിൽ എഴുതിയും മായം കലർത്തുന്നു. പിന്നീട് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് കൃത്രിമ കണക്കുകൾ സൃഷ്ടിക്കുകയും തുക കുറച്ചു കാണിക്കുകയും ചെയ്തു ഇന്ത്യയിൽ തെരഞ്ഞെടുപ്പ് മാമാങ്കം പണക്കൊഴുപ്പിന്റെ കൂടെ ഉത്സവമാണ് എന്ന് അടിവരയിടുക കൂടി ചെയ്യുന്നു.
നരേന്ദ്രമോദിയുടെയും സംഘ്പരിവാറിന്റെയും കീഴിൽ കഴിഞ്ഞ 10 വർഷത്തെ ജനാധിപത്യ പ്രവർത്തനങ്ങളുടെ കണക്കെടുത്തു പരിശോധിക്കുമ്പോൾ രാജ്യം എത്രകണ്ട് പിന്നോട്ട് പോയി എന്നു വ്യക്തമാകും. അതിൽ റിസോർട്ട് രാഷ്ട്രീയവും കൂറുമാറ്റവും ചാക്കിട്ടു പിടുത്തവും സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് നിയമപരവും ജനാധിപത്യപരവും നീതിയുക്തവുമല്ലാത്ത പ്രവർത്തനങ്ങൾക്ക് മുൻകൈയെടുത്ത് പ്രതിപക്ഷത്തെയും സംഘ്പരിവാർ വിരുദ്ധസ്വരങ്ങളെയും അടിച്ചമർത്തുകയെന്ന അജൻഡയും വിജയകരമായി നടപ്പിലാക്കുന്നു.
ഇന്ത്യ പോലെ വിശാലമായ രാഷ്ട്ര സങ്കൽപത്തെ സങ്കുചിത ജനാധിപത്യവിരുദ്ധമായ മത രാഷ്ട്രത്തിലേക്കും ഏകാധിപത്യത്തിലേക്കും കൂപ്പുകുത്തിക്കാനുള്ള ശ്രമങ്ങൾ സംഘ്പരിവാർച്ചേരിയിൽ നിന്ന് ഉയർന്നുവരുന്നുണ്ട്.
ജനാധിപത്യവും മതേതരത്വവുമാണ് രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ എന്ന് മനസ്സിലാക്കുന്നവർ അത്തരം മൂല്യബോധങ്ങളെ ഉയർത്തിക്കൊണ്ടു വരാനും അത്തരം പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാനും അതിനെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരേ ശബ്ദമുയർത്താനും തയാറാകേണ്ടതുണ്ട്.
പണക്കൊഴുപ്പിന്റെ കോർപറേറ്റ് ഭരണകൂട സംവിധാനത്തിൽ നിന്നും ജനാധിപത്യത്തിന്റെ സമത്വസുന്ദര ഭൂമിയിലേക്കാണ് രാജ്യം നയിക്കപ്പെടേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."