കോടോം ബേളൂരില്‍ പദ്ധതി വിഹിത തര്‍ക്കം: ഭരണസമിതി യോഗത്തില്‍ നിന്നു പ്രതിപക്ഷം ഇറങ്ങിപ്പോയി
രാജപുരം: വാര്‍ഷിക പദ്ധതിയില്‍ ചില വാര്‍ഡുകളില്‍ മാത്രം പദ്ധതി വിഹിതം വകയിരുത്തിയതില്‍ പ്രതിഷേധിച്ച് കോടോം ബേളൂര്‍ പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ നിന്നു പ്രതിപക്ഷാംഗങ്ങള്‍ ഇറങ്ങിപ്പോയി. പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് ചില വാര്‍ഡുകള്‍ക്കു മാത്രം കൂടുതല്‍ ഫണ്ട് വകയിരുത്തിയിരിക്കുകയാണെന്നും കോടോം പോലുള്ള മേഖലയ്ക്കാണു കൂടുതല്‍ തുക നീക്കിയതെന്നുമാണ് ആരോപണം.
നിലവിലുള്ള കൃഷിഭവന്റെ ഒന്നരകിലോമീറ്ററിനകത്തു വീണ്ടും കൃഷി വിജ്ഞാന കേന്ദ്രം അനുവദിച്ചതു മറ്റു പ്രദേശങ്ങളിലെ ജനങ്ങള്‍ക്കു കൃഷിഭവന്റെ സേവനം കിട്ടാത്ത അവസ്ഥയുണ്ടാക്കുമെന്നും പ്രതിപക്ഷാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ടു മറ്റു പ്രദേശങ്ങളിലും കൃഷി വിജ്ഞാനകേന്ദ്രം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. പട്ടികവര്‍ഗ്ഗ ഫണ്ടുകള്‍ ചില വാര്‍ഡുകള്‍ മാത്രം കേന്ദ്രീകരിച്ചു നല്‍കി പ്രതിപക്ഷ മെമ്പര്‍മാരുടെ വാര്‍ഡുകളെ അവഗണിച്ചതായും ആരോപണമുണ്ട്.
ഒടയംചാല്‍ ഷോപ്പിങ് കോംപ്ലക്‌സിനു തുക വകയിരുത്തിയെങ്കിലും തുടര്‍ നടപടിയെടുക്കാതെ പദ്ധതി നടപ്പാക്കാതിരിക്കാന്‍ ശ്രമിക്കുന്നതായും പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രതിപക്ഷാംഗങ്ങളായ മുസ്തഫ തായന്നൂര്‍, സി കുഞ്ഞമ്പു പൂതങ്ങാനം, ബിന്ദുലേഖ എണ്ണപ്പാറ, ടി സജിത തായന്നൂര്‍, ടി.പി സുമിത്ര ചക്കിട്ടടുക്കം എന്നിവരാണ് ഇറങ്ങിപ്പോയത്. അതേസമയം പ്രതിപക്ഷം ഉന്നയിക്കുന്നതു ബാലിശമായ കാര്യങ്ങളാണെന്നു പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.
കരട് പട്ടിക മാത്രമാണ് പ്രസിദ്ധീകരിച്ചതെന്നും വികസന സെമിനാര്‍ കഴിഞ്ഞാല്‍ മാത്രമേ അന്തിമ പട്ടിക തയാറാകൂവെന്നും ഇതു കൂടി പരിശോധിച്ചു കഴിഞ്ഞ് അവഗണനയുണ്ടെങ്കില്‍ പരാതിപ്പെടുന്നതിനു പകരം ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത് അനാവശ്യമാണെന്നും കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."