സ്ഥലം കൈയേറി നിര്‍മിച്ച മതില് റവന്യൂ അധികൃതര്‍ തകര്‍ത്തു
കാഞ്ഞങ്ങാട്: സര്‍ക്കാര്‍ സ്ഥലം കൈയേറി മതില് നിര്‍മാണം നടത്തിയതു ശ്രദ്ധയില്‍പെട്ട റവന്യൂ അധികൃതര്‍ ജെ.സി.ബി ഉപയോഗിച്ചു മതില് തകര്‍ത്തു. കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര് കാവിനു മുന്‍വശത്തു കൂടി റെയില്‍വേ ലൈനിലേക്കു പോകുന്ന റോഡിനു സമീപത്തെ സ്ഥലമാണു സ്വകാര്യ വ്യക്തി കൈയേറി മതില് കെട്ടിയത്. ഒരു മീറ്ററോളം സ്ഥലം കൈയേറിയാണു മതില്‍കെട്ടിയത്.
നേരത്തെ മതില്കെട്ടുന്നതിനെതിരേ നാട്ടുകാരില്‍ നിന്നു പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വില്ലേജ് ഓഫിസറെത്തി മതില് കെട്ടുന്നതു തടഞ്ഞിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ അവധിയായതിനാല്‍ സ്വകാര്യവ്യക്തി തൊഴിലാളികളെ കൊണ്ടുവന്നു മതില് കെട്ടുകയായിരുന്നു. സംഭവമറിഞ്ഞ കാഞ്ഞങ്ങാട്ട് സൗത്ത് വില്ലേജ് ഓഫിസറുടെ നേതൃത്വത്തില്‍ ജെ.സി.ബി ഉപയോഗിച്ച് മതില് പൊളിച്ചുനീക്കുകയായിരുന്നു. ഇതു സംബന്ധിച്ച് അഡി. തഹസില്‍ദാര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് വില്ലേജ് ഓഫിസര്‍ സുബൈര്‍ പറഞ്ഞു.
വര്‍ഷങ്ങള്‍ക്കു മുമ്പ് നടപ്പാതയായി ഉപയോഗിച്ചുവന്നിരുന്ന സ്ഥലത്തിന്റെ മൂന്നു മീറ്റര്‍ ഭാഗം നഗരസഭ റോഡുണ്ടാക്കിയിരുന്നു. മൊത്തം 31 സെന്റ് സ്ഥലം പുറമ്പോക്ക് ഭൂമിയാണ്.
ഇതില്‍ 10 സെന്റ് സ്ഥലം ഭൂരഹിതനായ ഒരാള്‍ക്കു പതിച്ചുനല്‍കിയിരുന്നു. ബാക്കി 21 സെന്റ് സ്ഥലമാണ് സര്‍ക്കാരിന്റെത്. ഈ സ്ഥലം കൈയേറിയാണു മതില് നിര്‍മിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."