HOME
DETAILS

മലബാറിൻ്റെ ബഹാദുർഷാ സഫർ

  
backup
February 18 2024 | 00:02 AM

bahadur-shah-safar-of-malabar

കെ.പി.ഒ. റഹ്‌മത്തുല്ല


103 വര്‍ഷങ്ങള്‍ക്കുമുമ്പ് ഫെബ്രുവരി 17നായിരുന്നു 1921ലെ മഹത്തായ മലബാര്‍ സ്വാതന്ത്ര്യസമരത്തിന്റെ നായകന്‍ ആലി മുസ്‌ലിയാര്‍ രക്തസാക്ഷിയായത്. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ബ്രിട്ടിഷ് സാമ്രാജ്വത്വം അദ്ദേഹത്തിനു തൂക്കുകയറാണ് വിധിച്ചതെങ്കിലും അതിനുമുമ്പേ അല്ലാഹു അദ്ദേഹത്തെ തന്റെ അടുക്കലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു. തൂക്കികൊല്ലുന്നതിനു മുമ്പേ നിസ്‌കാരത്തിലെ സുജൂദില്‍ മരണമടഞ്ഞു. എന്നിട്ടും അരിശംതീരാത്ത ഇംഗ്ലീഷുകാര്‍ ആലി മുസ്‌ലിയാരുടെ മൃതദേഹം എടുത്തുകൊണ്ടുപോയി തൂക്കിലേറ്റി എന്നതാണ് വിരോധാഭാസം.


മഹാത്മാ ഗാന്ധിയുടെ കേരളത്തിലേക്കുള്ള വരവിനു ശേഷം സംസ്ഥാനത്ത് രൂപീകരിക്കപ്പെട്ട രണ്ടാമത് ഖിലാഫത്ത് ശാഖ തിരൂരങ്ങാടിയിലാണ്. ആലി മുസ്‌ലിയാര്‍ അതിന്റെ വൈസ് പ്രസിഡന്റായിരുന്നു. സ്വാതന്ത്ര്യം വിളിപ്പാടകലെയെന്ന വിശ്വാസത്തില്‍ ആയിരക്കണക്കിനു ചെറുപ്പക്കാര്‍ ഖിലാഫത്ത് വളണ്ടിയര്‍മാരായി. ചന്ദ്രക്കലയുള്ള വെള്ളത്തൊപ്പിയും ട്രൗസറുമൊക്കെയായി പട്ടാളച്ചിട്ടയില്‍ നാടിനഭിമാനമായി ഇവര്‍. ഒരുവര്‍ഷംകൊണ്ട് നൂറ്റമ്പത് ശാഖകള്‍, ഒരു ശാഖയില്‍ നൂറുകണക്കിനു വളണ്ടിയര്‍മാര്‍. ആലി മുസ്‌ലിയാരെ പോലെയുള്ള നേതാക്കള്‍ക്കു ചുറ്റും ആജ്ഞാനുവര്‍ത്തികളായി നിലയുറപ്പിച്ച ഇവരുടെ ആവേശം ബ്രിട്ടിഷുകാരുടെ ഉറക്കം കെടുത്തി. മലബാര്‍ സമരനായകനും തിരൂരങ്ങാടി ഖിലാഫത്ത് കമ്മിറ്റിയുടെ ഉപാധ്യക്ഷനും അവിടം കേന്ദ്രീകരിച്ച് രൂപീകരിക്കപ്പെട്ട, പത്തു ദിവസങ്ങള്‍ മാത്രം നീണ്ടുനിന്ന ഖിലാഫത്ത് സര്‍ക്കാരിന്റെ നേതാവുമായിരുന്നു ആലി മുസ്‌ലിയാര്‍. ലോകചരിത്രത്തില്‍ തന്നെ ശ്രദ്ധേയമായ ചെറുത്തുനില്‍പ്പായി ഗണിക്കപ്പെട്ട മലബാര്‍ സമരത്തിന് തുടക്കംകുറിച്ചത് ആലി മുസ്‌ലിയാരിലൂടെയായിരുന്നു.


ഇരുപത്തിയഞ്ച് ലക്ഷം ജനങ്ങള്‍ അധിവസിച്ചിരുന്ന മലബാര്‍ ജില്ലയിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകളിലെ 247 അംശങ്ങളും 5,000 ചതുരശ്ര കിലോമീറ്റര്‍ വിസ്താരവുമുള്ള ഒരു പ്രദേശത്തെയാകെ തകര്‍ത്തുടച്ച കൊടുങ്കാറ്റായിരുന്നു 1921ല്‍ ആഞ്ഞുവീശിയത്. മനുഷ്യജീവിതത്തെ കടപുഴക്കിയ ആ കൊടുങ്കാറ്റില്‍ ജീവിതം ഹോമിച്ചത് 12,000 മനുഷ്യരാണ്. അത്രതന്നെ പേരെ കാണാതായി. അമ്പതിനായിരത്തോളം പേരെ കല്‍ത്തുറുങ്കുകളിലാക്കി. പതിനയ്യായിരത്തോളം ആളുകളെ തൂക്കിലേറ്റുകയോ അന്തമാനിലേക്ക് നാടുകടത്തുകയോ ചെയ്തു. ഏതാനും മാസങ്ങള്‍ കൊണ്ടാണ് ഈ ദുരിതമൊക്കെയും അരങ്ങേറിയത്. പതിറ്റാണ്ടുകളെടുത്തു ആ ആഘാതത്തില്‍നിന്ന് സമരദേശങ്ങള്‍ മുക്തിയാവാന്‍. 103 വര്‍ഷത്തിനിപ്പുറവും ചില കേന്ദ്രങ്ങളില്‍ നിന്നെങ്കിലും പഴയ സാമ്രാജ്യത്വസ്വരം കനക്കുന്നുണ്ട്. 1921ലെ പോരാട്ടം വര്‍ഗീയ മതഭ്രാന്തിന്റെ ഉല്‍പന്നമായിരുന്നു എന്നുറപ്പിക്കാനും അതുവഴി അശാന്തിയുടെ അഗ്‌നിപര്‍വതം കരുപിടിപ്പിക്കാനുമൊക്കെയുള്ള താല്‍പര്യങ്ങള്‍ക്ക് അവരുപയോഗിക്കുന്ന നാമങ്ങളിലൊന്നാണ് രക്തസാക്ഷി ആലി മുസ്‌ലിയാര്‍ എന്ന പണ്ഡിതശ്രേഷ്ഠന്‍.


1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ബഹാദുര്‍ഷാ സഫറിനുള്ള സ്ഥാനമാണ് 1921ലെ മഹത്തായ വിപ്ലവത്തില്‍ ആലി മുസ്‌ലിയാര്‍ക്കുള്ളത്. ഒരു ജനത ഒരേയൊരു നേതാവിലേക്ക് ഉറ്റുനോക്കിയപ്പോള്‍ മറുത്തൊന്നും പറയാനാകാതെ തീച്ചൂളയിലേക്കെടുത്തു ചാടിയതാണ് രണ്ടുപേരുടെയും പാരമ്പര്യം. അന്നോളം മലബാറില്‍ അരങ്ങേറിയ ബ്രിട്ടിഷ്, ജന്മിവിരുദ്ധ പോരാട്ടങ്ങളെല്ലാം ചാവേര്‍ സ്വഭാവത്തിലുള്ളതും ആത്മഹത്യാപരവും ആയിരുന്നെങ്കില്‍ ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസും അതിന്റെ നേതാക്കളായ ഗാന്ധിജിയും മൗലാനാ ഷൗക്കത്തലിയും നേരിട്ടെത്തി തട്ടിവിളിച്ചപ്പോള്‍ രാഷ്ട്രീയമായ ഒരു വഴിയും വഴിവിളക്കും അവര്‍ക്കുമുന്നില്‍ തുറന്നിട്ട പ്രതീതിയാണുണ്ടാക്കിയത്. മുസ്‌ലിംകള്‍ക്ക് നായകത്വം കൊടുത്തത് മുഖ്യമായും ആലി മുസ്‌ലിയാരും സയ്യിദന്മാരുമായിരുന്നു.


1921 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ തൃശൂര്‍ പട്ടണത്തില്‍ അരങ്ങേറിയ അനിഷ്ടസംഭവങ്ങളില്‍ ആലി മുസ്‌ലിയാരുടെ ശിഷ്യന്മാരായ പൂക്കോട്ടൂരിലെയും മലപ്പുറത്തെയും ഖിലാഫത്ത് വളണ്ടിയര്‍മാരുടെ ശക്തി തിരിച്ചറിഞ്ഞ ബ്രിട്ടിഷ് അധികാരികള്‍ തിരൂരങ്ങാടിയിലെ അധികാരകേന്ദ്രത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പട്ടാളനീക്കം ആരംഭിച്ചിരുന്നു. ഏപ്രിലില്‍ ഒറ്റപ്പാലത്തു നടന്ന കേരള പ്രദേശ് കോണ്‍ഗ്രസ് ഖിലാഫത്ത് സമ്മേളനം മുതല്‍ ആരംഭിച്ച ആക്രമണപരമ്പര മെയ് മാസമായപ്പോഴേക്കും പൊലിസ് രാജിലേക്ക് വഴിമാറി. ആദ്യമായാണ് കോണ്‍ഗ്രസ് സമ്മേളനത്തില്‍ അവര്‍ണരും മുസ്‌ലിംകളും സവര്‍ണരിലെ സാമൂഹിക പരിഷ്‌കര്‍ത്താക്കളും ഒരു കുടക്കീഴില്‍ അണിനിരക്കുന്നത്. ഖിലാഫത്ത് ബാനറില്‍ ഒറ്റക്കെട്ടായി മുസ്‌ലിം ജനസാമാന്യം കോണ്‍ഗ്രസിനു പിന്നില്‍ അണിനിരന്ന കാഴ്ച ബ്രിട്ടിഷ് ആധിപത്യത്തിന്റെ അന്ത്യത്തിലേക്ക് വഴിതുറക്കുമെന്ന് മനസിലാക്കിയതിന്റെ ഫലമാണ്, അതു തകര്‍ക്കാന്‍ വേണ്ടിയാണ്, മാപ്പിളമാരെ തിരഞ്ഞുപിടിച്ച് അക്രമിക്കുകയെന്ന നയം നടപ്പാക്കിയത്.


കള്ളക്കേസുകളുടെ എണ്ണം വര്‍ധിച്ചു. അനാവശ്യമായ അറസ്റ്റുകളും മര്‍ദനങ്ങളും വ്യാപകമായി. മാപ്പിള ഔട്ട്‌റേജസ് എന്ന 1859ല്‍ നടപ്പാക്കിയ കരിനിയമംവഴി മാപ്പിളയെ കണ്ടാല്‍ തല്‍ക്ഷണം കൊല്ലാമെന്ന വ്യവസ്ഥ വ്യാപകമായി പ്രയോഗവല്‍ക്കരിച്ചു. എങ്ങോട്ടും പോകാനില്ലാത്ത അവസ്ഥ സംജാതമായി. ഇതോടെ തിരിച്ചടികളും ആരംഭിച്ചു. ഗാന്ധിയന്‍ മാര്‍ഗത്തില്‍നിന്ന് സായുധ കലാപത്തിലേക്കുള്ള ചുവടുമാറ്റം ആരംഭിച്ചത് അങ്ങനെയാണ്. 1920 ഒക്ടോബര്‍ 17ന് ഖിലാഫത്ത് ദിനമായി ആചരിച്ചു. ഗാന്ധിജിയുടെ ആദ്യ കേരളസന്ദര്‍നം തന്നെയും ഖിലാഫത്തിനു വേണ്ടിയായിരുന്നു. അന്നുവരെ മലബാര്‍ കണ്ടിട്ടില്ലാത്തത്ര ജനം ഗാന്ധിജിയെയും ഷൗക്കത്തലിയെയും കേള്‍ക്കാന്‍ കോഴിക്കോട് വെള്ളയില്‍ കടപ്പുറത്ത് ഒരുമിച്ചുകൂടി. അമ്പതിനായിരം പേരുണ്ടായിരുന്നുവെന്നാണ് ഖിലാഫത്ത് കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തത്. ഈ സംഭവം നടന്നത് 1920 ഓഗസ്റ്റ് 18നായിരുന്നു. ഇതില്‍ പങ്കെടു ത്തയാളാണ് ആലി മുസ്‌ലിയാര്‍.


മഞ്ചേരിക്കടുത്ത നെല്ലിക്കുത്ത് എരിക്കുന്നന്‍പാലത്ത് മൂലയില്‍ കുഞ്ഞുമൊയ്തീന്റെ മകനായി 1854 ലാണ് ജനനം. മതപണ്ഡിതരുടെ കുടുംബമെന്നതുപോലെ സാമ്രാജ്യത്വവിരുദ്ധതയ്ക്കു പേരുകേട്ടവരായിരുന്നു പൂര്‍വികര്‍. ഖുര്‍ആന്‍ വ്യാഖ്യാനം, ഹദീസ് വിജ്ഞാനശാസ്ത്രം, കര്‍മശാസ്ത്രം, ആധ്യാത്മിക ശാസ്ത്രം, തത്വജ്ഞാനം, അര്‍ഥശാസ്ത്രം എന്നിങ്ങനെ വൈപുല്യമാര്‍ന്ന ജ്ഞാനേന്തുവായിരുന്നു ആലി മുസ്‌ലിയാര്‍. പൊന്നാനിയില്‍ പത്തു വര്‍ഷവും മക്കയില്‍ ഏഴു വര്‍ഷവും ഉപരിപഠനം നടത്തിയ ശേഷം കവരത്തി ദ്വീപിലേക്കാണ് പോയത്. തീര്‍ഥാടനത്തിനു മക്കയില്‍ വന്ന അന്നാട്ടുകാര്‍ അദ്ദേഹത്തെ അങ്ങോട്ട് ക്ഷണിക്കുകയായിരുന്നു. അവിടെ എട്ടുവര്‍ഷം നിന്നു. 1891ല്‍ നടന്ന മണ്ണാര്‍ക്കാട് കര്‍ഷകസമരത്തില്‍ മൂത്തസഹോദരന്‍ മമ്മദ് കുട്ടി രക്തസാക്ഷിയായി. അതോടെ കുടുംബഭാരം ഏറ്റെടുത്തുകൊണ്ട് നാട്ടിലേക്കു വന്നു. 1896ല്‍ മഞ്ചേരിയിലും കലാപം നടന്നു. ഇതിലും ആലി മുസ്‌ലിയാരുടെയും വാരിയന്‍കുന്നന്റെയും കുടുംബത്തില്‍നിന്ന് പലരും രക്തസാക്ഷിത്വം വരിച്ചിട്ടുണ്ട്. എങ്കിലും ആലി മുസ്‌ലിയാര്‍ ആത്മീയ വഴിയിലായിരുന്നു.


തൊടികപ്പലം, പൊടിയാട്ട് എന്നിവിടങ്ങളില്‍ നൂറുകണക്കിനു ശിഷ്യഗണങ്ങളുള്ള ദര്‍സുകള്‍ അദ്ദേഹം നയിച്ചു. ആത്മീയഗുരുവിന്റെ നിറദീപം മലബാറിലെങ്ങും പ്രഭചൊരിയുന്ന വേളയിലാണ് മലബാറിലെ സമര്‍ഖന്തായ തിരൂരങ്ങാടിയിലേക്ക് തട്ടകം മാറുന്നതും പ്രശസ്തിയുടെ കൊടുമുടിയിലെത്തുന്നതും. ഗാന്ധിജിയുടെ വരവിനു ശേഷം കേരളത്തില്‍ രൂപീകരിക്കപ്പെട്ട രണ്ടാമത് ഖിലാഫത്ത് ശാഖ തിരൂരങ്ങാടിയിലാണ്.


കൃത്യമായ ലക്ഷ്യത്തോടെ 1921 ഓഗസ്റ്റ് 14നു കോഴിക്കോട് കലക്ടറേറ്റില്‍ ഉന്നതരുടെ രഹസ്യ യോഗത്തിലാണ് തിരൂരങ്ങാടിയില്‍ സൈനികനീക്കത്തിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തത്. അതനുസരിച്ച് ഓഗസ്റ്റ് 19നു രാത്രി പട്ടാളം തിരൂരങ്ങാടിയിലെത്തി. ലിസ്റ്റന്‍ റെജിമെന്റിലെ 110 ബ്രിട്ടിഷ് പട്ടാളക്കാരും 60 എം.എസ്.പിക്കാരും 30 പൊലിസുകാരുമടങ്ങിയ സേന ഓഗസ്റ്റ് 20നു നിരായുധരായ ആയിരക്കണക്കിനു മാപ്പിളമാര്‍ക്കുനേരെ നിറയൊഴിച്ചു. അവിടം മുതലാണ് മലബാറിനെ ഇളക്കിമറിച്ച യുദ്ധങ്ങള്‍ക്കു തുടക്കം കുറിക്കുന്നത്. അന്ന് പട്ടാളത്തിനു തോറ്റോടേണ്ടിവന്നു. സര്‍വ സന്നാഹങ്ങളോടും കൂടി 29നു പട്ടാളം തിരിച്ചുവന്നു ആലി മുസ്‌ലിയാരെയും അനുയായികളെയും കീഴ്‌പ്പെടുത്തി.


ആലി മുസ്‌ലിയാരുടെ പ്രധാന ശിഷ്യന്മാരിലൊരാളായിരുന്നു വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ആലി മുസ്‌ലിയാരെയും സുഹൃത്തുക്കളെയും ബ്രിട്ടിഷ് പട്ടാളം വളഞ്ഞതറിഞ്ഞാണ് വാരിയന്‍കുന്നനും സഹപ്രവര്‍ത്തകരും യുദ്ധത്തിനൊരുങ്ങിയത്. സൂര്യനസ്തമിക്കാത്ത ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനു ആറുമാസം മലബാറിലെ ഇരുന്നൂറോളം താലൂക്കുകളില്‍ ഭരണം ഇല്ലാതാക്കി മലയാളരാജ്യം സ്ഥാപിച്ച് സ്വന്തമായി പാസ്‌പ്പോര്‍ട്ടും നികുതി വ്യവസ്ഥകളും ഏര്‍പ്പെടുത്തിയ 1921ലെ മഹത്തായ മലബാര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ പല പുതിയ കണ്ടെത്തലുകളും ഉണ്ടായിട്ടുണ്ട്.


നൂറിലേറെ പുതിയ കനപ്പെട്ട ചരിത്രഗ്രന്ഥങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ആലി മുസ്‌ലിയാരുടെ പത്തോളം പുതിയ ജീവചരിത്രഗ്രന്ഥങ്ങളും അവയില്‍പ്പെടുന്നു. രക്തസാക്ഷിത്വത്തിന്റെ നൂറ്റിമൂന്നാം വാര്‍ഷികത്തില്‍ ആ വലിയ മനുഷ്യന്‍ മഹോന്നതനായി മാറിയിരിക്കുന്നു... "രക്തസാക്ഷികളെ മരിച്ചവരെന്നു വിളിക്കരുത്. അവര്‍ അള്ളാഹുവിങ്കല്‍ എന്നെന്നും ജീവിച്ചിരിക്കുന്നവരാണ്' എന്ന് ഖുര്‍ആന്‍ പറഞ്ഞത് എത്ര സത്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  7 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  7 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  8 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  8 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  8 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  9 hours ago