ട്രെയിനിൽ ഇനി സീറ്റ് കിട്ടിയാൽ പണം നൽകിയാൽ മതി; പണം നൽകാതെ ഇ-ടിക്കറ്റുകൾ എങ്ങിനെ ബുക്ക് ചെയ്യാം
ട്രെയിനിൽ ഇനി സീറ്റ് കിട്ടിയാൽ പണം നൽകിയാൽ മതി; പണം നൽകാതെ ഇ-ടിക്കറ്റുകൾ എങ്ങിനെ ബുക്ക് ചെയ്യാം
റെയിൽവേ സ്റ്റേഷനിലെ നീണ്ട ക്യൂവിനോട് വിടപറഞ്ഞ് ഓൺലൈനായി സാധാരണ ടിക്കറ്റും റിസർവേഷൻ ടിക്കറ്റും എടുക്കുന്നവരാണ് ഇപ്പോൾ മിക്ക ആളുകളും. ഓൺലൈനായി റിസർവേഷൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ, കൺഫേം ടിക്കറ്റ് കിട്ടിയില്ലെങ്കിൽ പോലും പണം പോകുന്നതാണ് നിലവിലെ രീതി. തത്കാൽ ടിക്കറ്റ് എടുക്കുന്നവർക്കും വെയ്റ്റ്ലിസ്റ്റിൽ ഉള്ളവർക്കും ഇത്തരത്തിൽ പണം ആദ്യമേ പോകുകയും കൺഫേം ടിക്കറ്റ് കിട്ടാതെ വരികയും ചെയ്യാറുണ്ട്. പിന്നീട് പണം തിരിച്ചുകിട്ടുമെങ്കിലും ഇതിന് കാലതാമസം ഏറെയുണ്ട്. എന്നാൽ പണം നൽകാതെ ഉടനടി ഇ-ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സംവിധാനം റെയിൽവേയ്ക്കുള്ള കാര്യം അറിയാമോ?
ഐആർസിടിസിയുടെ ഐ-പേ പേയ്‌മെന്റ് ഗേറ്റ്‌വേയിലാണ് 'ഓട്ടോപേ' എന്ന ഈ ഓപ്ഷൻ ഉള്ളത്. ഇത് അനുസരിച്ച് റെയിൽവേ ടിക്കറ്റിനായി പിഎൻആർ സൃഷ്ടിക്കുമ്പോൾ മാത്രമേ ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം കുറയ്ക്കുകയുള്ളൂ. റെയിൽവേ ഇ-ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കും വെയിറ്റിംഗ് ലിസ്റ്റ് ജനറൽ അല്ലെങ്കിൽ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ശ്രമിക്കുന്നവർക്കും ഇതിന്റെ പ്രയോജനം ഉപയോഗപ്പെടുത്താം.
വെയ്‌റ്റിംഗ് ലിസ്‌റ്റ്: ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണമടച്ചതിന് ശേഷവും ഇ-ടിക്കറ്റുകൾ ബുക്ക് ലഭിക്കാതെ വരുന്ന സമയത്ത് ഉപയോഗിക്കാൻ നല്ല ഓപ്‌ഷനാണ് ഓട്ടോപേ. അത്തരമൊരു സാഹചര്യത്തിൽ 3-4 ദിവസത്തിന് ശേഷം പണം തിരികെ വരും.
വെയ്‌റ്റ്‌ലിസ്‌റ്റഡ് തത്കാൽ: ചാർട്ട് തയ്യാറാക്കിയതിന് ശേഷവും നിങ്ങളുടെ ബുക്കിംഗ് തത്കാൽ ഇ-ടിക്കറ്റ്, വെയ്‌റ്റ്‌ലിസ്റ്റിൽ തുടരുകയാണെങ്കിൽ, ടിക്കറ്റ് ക്യാൻസൽ ചെയ്യുമ്പോൾ, ഓട്ടോപേ വഴിയാണ് ബുക്ക് ചെയ്തവരുടെ പണം ബാങ്കിൽ നിന്ന് റെയിൽവേ എടുക്കില്ല. അതേസമയം ക്യാൻസലേഷൻ ചാർജ്, ഐആർസിടിസി കൺവീനിയൻസ് ഫീസ്, മാൻഡേറ്റ് ചാർജ് എന്നിവ മാത്രം ബാങ്ക് അക്കൗണ്ടിൽ നിന്ന് കുറയും.
റീഫണ്ട്
ഓൺലൈൻ വഴി ടിക്കറ്റ് എടുത്ത് ക്യാൻസൽ ചെയ്യുകയോ, ടിക്കറ്റ് കൺഫേം ആകാതിരിക്കുകയോ ചെയ്യുമ്പോൾ നേരിടുന്ന പ്രധാന പ്രശ്നമാണ് കൊടുത്ത പണം തിരിച്ചുകിട്ടാൻ എടുക്കുന്ന സമയം. സാധാരണ ഗതിയിൽ തുക മൂന്നോ നാലോ പ്രവൃത്തി ദിവസങ്ങൾക്കുള്ളിലാകും റീഫണ്ട് ചെയ്യുക. എന്നാൽ വെയ്‌റ്റ്‌ലിസ്റ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഒരു വ്യക്തി ഓട്ടോപേ ഫീച്ചർ ആണ് ഉപയോഗിക്കുന്നതെങ്കിൽ പണം ഉടനടി റീഫണ്ട് ചെയ്യപ്പെടും എന്ന പ്രത്യേകത ഉണ്ട്. അതിനാൽ ആ പണം തന്നെ ഉപയോഗിച്ച് ഉടനെ മറ്റൊരു ടിക്കറ്റ് നോക്കാം.
'ഓട്ടോപേ' എങ്ങനെ ഉപയോഗിക്കാം
- ആദ്യം ഐആർസിടിസി വെബ്സൈറ്റിലോ ആപ്പിലോ കയറി യാത്രയുടെ വിശദാംശങ്ങളും യാത്രക്കാരുടെ വിവരങ്ങളും നൽകുക.
- ശേഷം പേയ്‌മെന്റ് ഓപ്‌ഷൻ തിരഞ്ഞെടുക്കുക. ഇവിടെ നിങ്ങൾക്ക് റെയിൽവേയുടെ സ്വന്തം ഐ പേ ഉൾപ്പെടെ നിരവധി പേയ്‌മെന്റ് ഗേറ്റ്‌വേകൾ കാണാം.
- ഒരു ഗേറ്റ്‌വേയിൽ ക്ലിക്ക് ചെയ്യുക. ക്ലിക്ക് ചെയ്‌തയുടൻ, ഒരു പുതിയ പേജ് തുറക്കും. ഇതിൽ ഓട്ടോപേ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഐആർസിടിസി ക്യാഷ്, നെറ്റ് ബാങ്കിംഗ് തുടങ്ങിയ നിരവധി പേയ്‌മെന്റ് ഓപ്‌ഷനുകൾ കാണാം
- പേയ്‌മെന്റ് ഓപ്‌ഷനിൽ നിന്ന് 'ഓട്ടോപേ' യിൽ ക്ലിക്ക് ചെയ്യുക തിരഞ്ഞെടുക്കുക.
- 'ഓട്ടോപേ' യിൽ ക്ലിക്ക് ചെയ്യുന്നതോടെ പുതിയ 3 ഓപ്ഷനുകൾ കാണാം. യുപിഐ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവയാകും അവ.
- ഈ മൂന്നിൽ നിങ്ങൾ പണം നൽകാൻ ഉപയോഗിക്കുന്ന വഴി ഏതാണോ അത് സെലക്ട് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകി ടിക്കറ്റ് ബുക്ക് ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."