വീട്ടിലെ പ്രസവത്തിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം: ഭർത്താവ് റിമാൻഡിൽ, കൂടുതൽ പേരുടെ പങ്ക് അന്വേഷിക്കുന്നു
വീട്ടിലെ പ്രസവത്തിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം: ഭർത്താവ് റിമാൻഡിൽ, കൂടുതൽ പേരുടെ പങ്ക് അന്വേഷിക്കുന്നു
തിരുവനന്തപുരം: തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് പ്രസവത്തിനിടെ ചികിത്സ കിട്ടാതെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഭർത്താവ് നയാസിനെ റിമാൻഡ് ചെയ്തു. ഇന്നലെ വൈകിട്ടോടെയാണ് പൊലിസ് അറസ്റ്റ് രേഖപ്പെടുത്തിയത്. വീട്ടിൽ വെച്ച് നടത്തിയ പ്രസവത്തിനിടെ പാലക്കാട് സ്വദേശിയായ ഷമീറയും കുഞ്ഞും മരിച്ച സംഭവത്തിൽ നരഹത്യാകുറ്റമാണ് നയാസിനെതിരെ പൊലിസ് ചുമത്തിയിരിക്കുന്നത്. കൂടുതൽ പേരെ പ്രതിചേർക്കേണ്ടത് ഉണ്ടോ എന്ന് പൊലിസ് അന്വേഷിച്ച് വരികയാണ്.
നയാസിന്റെ ഇയാളുടെ ആദ്യഭാര്യയും, മകളും ചേർന്നാണ് ഷമീറയുടെ പ്രസവം എടുത്തതെന്നാണ് വിവരം. പൊലിസ് ഇവരെ ചോദ്യം ചെയ്തതിന് പിന്നാലെയാകും ഇവരുടെ പങ്കിന്റെ കാര്യത്തിൽ പൊലിസ് തീരുമാനത്തിൽ എത്തുക. അതോടൊപ്പം ഇവർ നടത്തിയെന്ന് കരുതപ്പെടുന്ന അക്യുപങ്ചർ ചികിത്സ സംബന്ധിച്ച കാര്യങ്ങളും അന്വേഷണ പരിധിയിലാണ്.
ചൊവാഴ്ച വൈകീട്ടാണ് പ്രസവത്തിനിടെ ഷമീറയും കുഞ്ഞും മരിച്ചത്. ഇരുവർക്കും നയാസ് ചികിത്സ നിഷേധിക്കുകയായിരുന്നു. അക്യുപങ്ചര്‍ ചികിത്സ രീതിയിലൂടെ വീട്ടില്‍ തന്നെ പ്രസവം എടുക്കാനുള്ള ശ്രമമായിരുന്നുവെന്നും ആവശ്യമായ സമയത്ത് യുവതിക്ക് ആശുപത്രി സേവനം കുടുംബം ലഭ്യമാക്കിയില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പൊലിസും ആശാ വര്‍ക്കര്‍മാരും ഗര്‍ഭണിയെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഭര്‍ത്താവ് നയാസ് അതിനു തയ്യാറായില്ല. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അവശ്യപ്പെട്ടവരോട് ഇയാള്‍ തട്ടിക്കയറി. ഷമീനയുടെ കഴിഞ്ഞ മൂന്ന് പ്രസവവും സിസേറിയനായിരുന്നു.
അതേസമയം, ജില്ലയിൽ അക്യുപങ്ചർ രീതിയിൽ വീട്ടിൽ പ്രസവങ്ങൾ നടക്കുന്നു എന്ന് ആരോഗ്യവകുപ്പ് നേരത്തെ വിവരം നൽകിയിട്ടും പൊലിസ് ഇക്കാര്യത്തിൽ നടപടി എടുത്തിരുന്നില്ല. ആരോഗ്യ വകുപ്പിന്റെ കത്ത് ലഭിച്ചതിന് ശേഷമാണ് ഷമീറയ്ക്ക് ചികിത്സ നിഷേധിക്കുന്നത് അറിഞ്ഞ് പൊലിസ് വീട്ടിൽ എത്തുന്നതും ഒന്നും ചെയ്യാതെ മടങ്ങുന്നതും. പൊലിസിന്റെ അനാസ്ഥകൂടിയാണ് രണ്ടുപേരുടെ മരണത്തിലേക്ക് നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."