കൊടുങ്ങല്ലൂരില്‍ നാല് ദിവസമായി കുടിവെള്ള വിതരണ സ്തംഭനം
കൊടുങ്ങല്ലൂര്‍: നഗരത്തിലും പരിസര പഞ്ചായത്തുകളിലും കഴിഞ്ഞ മൂന്ന് ദിവസമായി കുടിവെള്ളമില്ല. നാട്ടുകാര്‍ കുടിവെള്ളത്തിനായി പരക്കം പായുന്നു.
വൈന്തല ശുദ്ധീകരണ ശാലയില്‍ നിന്നുമുള്ള മേത്തല ശുദ്ധജല പദ്ധതിയിലെ മേത്തല സോണിലും, എറിയാട്, എടവിലങ്ങ് ഗ്രാമപഞ്ചായത്തുകളിലുമാണ് കഴിഞ്ഞ നാല് ദിവസമായി കുടിവെള്ള വിതരണം സ്തംഭിച്ചിട്ട്. വൈന്തല ശുദ്ധീകരണ ശാലയില്‍ പുഴയില്‍ നിന്നും വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള സംവിധാനങ്ങളിലേക്കുള്ള വൈദ്യുതി കേബിളില്‍ വന്ന തകരാറാണ് കുടിവെള്ള വിതരണം സ്തംഭിക്കുവാനിടയാക്കിയിട്ടുള്ളത്.
പുഴയോരത്തുള്ള ഇരുനൂറ് മീറ്റര്‍ ദൂരത്തിലുള്ള ജനറേറ്ററിലേക്കുള്ള ഭൂഗര്‍ഭ വൈദ്യുതി കേബിളാണ് തകരാറിലായിട്ടുള്ളത്. ഒന്നര മീറ്ററോളം താഴ്ചയിലുള്ള കേബിളുകള്‍ പരിശോധിച്ച് വരികയാണ്.
എന്നത്തേക്ക് ഇതിന്റെ അറ്റകുറ്റപണികള്‍ കഴിയും എന്ന് പറയാനാവാത്ത അവസ്ഥയിലാണ് ഉദ്യോഗസ്ഥര്‍. കുടിവെള്ള വിതരണം സ്തംഭിച്ചതോടെ നൂറ്കണക്കിന് കുടുംബങ്ങളാണ് മറ്റ് മാര്‍ഗങ്ങള്‍ അന്വേഷിച്ച് വലയുന്നത്. തീരദേശ മേഖലയിലും മറ്റും മറ്റ് സംവിധാനങ്ങള്‍ കുറവായതിനാല്‍ കിലോമീറ്ററോളം സഞ്ചരിച്ചാണ് പലരും കുടിവെള്ളം ശേഖരിക്കുന്നത്.
കുടിവെള്ള വിതരണം പുനസ്ഥാപിക്കുവാന്‍ വൈകുന്തോറും തീരദേശവാസികള്‍ക്കിടയില്‍ അമര്‍ഷം പുകയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."