ഒടുവില്‍ പാസഞ്ചര്‍, മെമു ട്രെയിനുകളില്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നു
ഒടുവില്‍ പാസഞ്ചര്‍, മെമു ട്രെയിനുകളില്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നു
കൊല്ലം: കൊവിഡ് കാലത്ത് വര്‍ധിപ്പിച്ച പാസഞ്ചര്‍ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ച് റെയില്‍വേ. പാസഞ്ചര്‍, മെമു ട്രെയിനുകളില്‍ മിനിമം ചാര്‍ജ് 10രൂപയായി കുറയ്ക്കും. കൊവിഡിന് മുമ്പുള്ള നിരക്കാണിത്. കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം സര്‍വിസ് പുനരാരംഭിച്ചപ്പോള്‍ പാസഞ്ചര്‍, മെമു ട്രെയിനുകള്‍ അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷല്‍ ട്രെയിനുകളായാണ് ആരംഭിച്ചത്. മിനിമം ചാര്‍ജ് എക്‌സ്പ്രസ് ട്രെയിനുകളുടെ ചാര്‍ജായ 30 രൂപയായി വര്‍ധിപ്പിച്ചിരുന്നു.
ഈ ട്രെയിനുകളെ ഉടന്‍ ഓര്‍ഡിനറി പാസഞ്ചര്‍ എന്നാക്കി മാറ്റി നിരക്കു കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. അതേസമയം, സ്‌പെഷല്‍ ട്രെയിനുകളില്‍ ചിലത് എക്‌സ്പ്രസ് ട്രെയിനുകളായി സര്‍വിസ് നടത്താനും സാധ്യയുണ്ടെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ കഴിഞ്ഞ ദിവസം മുതല്‍ പഴയ നിരക്ക് നിലവില്‍ വന്നു. പാസഞ്ചര്‍, മെമു, ഡെമു സര്‍വിസുകളില്‍ കൊവിഡിന് മുമ്പുള്ള നിരക്കുമാത്രമേ ഈടാക്കാവൂവെന്നും അടിയന്തരമായി ഇതു പ്രാബല്യത്തില്‍ വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണ റെയില്‍വേയിലടക്കം രാജ്യത്ത് പാസഞ്ചര്‍ ടിക്കറ്റ് നിരക്കുകുറയുന്നത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. കൊവിഡിന് ശേഷം സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ സോണില്‍ പുതിയതായി പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വിസ് ആരംഭിച്ചിരുന്നു.
ഈ ഉത്തരവിന് പിന്നാലെ ടിക്കറ്റിങ് ആപ്ലിക്കേഷനായ യു.ടി.എസില്‍ ഓര്‍ഡിനറി ടിക്കറ്റുകള്‍ എടുക്കാനുള്ള സംവിധാനവും സജീവമായി. മിനിമം ചാര്‍ജായ പത്തുരൂപയ്ക്ക് ടിക്കറ്റ് ലഭിച്ചു. എന്നാല്‍ ഈ ടിക്കറ്റ് ഉപയോഗിച്ച് ദക്ഷിണ റെയില്‍വേ സോണിലെ ട്രെയിനുകളില്‍ യാത്ര ചെയ്യാനാകില്ല. ദക്ഷിണ റെയില്‍വേയില്‍ ഉത്തരവിറങ്ങിയാല്‍ മാത്രമെ ഈ യാത്ര നിയമപരമാകൂ. ടിക്കറ്റിങ് സംവിധാനത്തില്‍ ഇത് ലഭ്യമായിട്ടില്ല. രാജ്യത്തൊട്ടാകെ പാസഞ്ചര്‍ ട്രെയിനുകളില്‍ ടിക്കറ്റ് നിരക്കു കുറയ്ക്കുന്നതിന്റെ ആദ്യപടിയാണ് യു.ടി.എസിലെ പരിഷ്‌കരണമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."