കണ്ടുകണ്ടങ്ങിരിക്കെ
‘തുടങ്ങിയത് ബിസിനസായാണെങ്കിലും ഇത് ബിസിനസല്ല, എന്റെ അഭിനിവേശമാണ്; ബിസിനസില്‍ കലാശിച്ചിരിക്കുന്നുവെന്നു മാത്രം’-− സാങ്കേതികവിദ്യാധിഷ്ഠിത അധ്യയന കച്ചവടത്തില്‍ വിസ്മയം തീര്‍ത്ത ബൈജു രവീന്ദ്രന്റെ വാക്കുകളാണിത്. വിദേശ സാമ്പത്തിക ഇടപാടില്‍, രാജ്യം വിടരുതെന്ന നിര്‍ദേശം നിലനില്‍ക്കുന്നതിനിടെ നാടുവിടുകയും സ്വന്തം കമ്പനിയില്‍നിന്ന് പുറത്താക്കല്‍ ഭീഷണിയെ അഭിമുഖീകരിക്കുകയും ചെയ്യുകയാണ് ബൈജു ഇപ്പോള്‍. ഇന്ത്യയിലെ ശതകോടീശ്വരന്‍മാരായ നൂറുപേരെ ഫോബ്‌സ് എണ്ണിയപ്പോള്‍ 54ലെത്തിയ ബൈജു, കണ്ടുകണ്ടങ്ങിരിക്കെ പ്രതിസന്ധിയുടെ വന്‍കുളക്കരയിലാണ്. ഇല്ല, ഓഹരിയുടമകൾക്ക് ബൈജു എഴുതിയ കത്തിലെ പോലെ സുതാര്യതയും കാര്യക്ഷമതയും കൈവരുത്തി മുന്നോട്ടു ഗമിക്കുകതന്നെ ചെയ്യും.
കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് ഗ്രാമത്തിലെ വന്‍കുളത്തുവയല്‍ രവീന്ദ്രന്‍ മാസ്റ്ററുടെയും ശോഭനവല്ലി ടീച്ചറുടെയും മകന്‍ ബൈജു, 2011ല്‍ ആരംഭിച്ച തിങ്ക് ആന്‍ഡ് ലേണ്‍ കമ്പനി പത്തുവര്‍ഷംകൊണ്ട് നേടിയത് ലോകോത്തര വളര്‍ച്ചയാണ്. ഷാറൂഖ് ഖാനും ലയണല്‍ മെസിയും ബ്രാന്റ് അംബാസഡര്‍മാരാവുകയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രയോജകരാവുകയും ചെയ്യുന്ന വിധത്തിലായിരുന്നു ഉയിര്‍പ്പ്. ഫേസ്ബുക്ക് ഉടമ സുക്കര്‍ബര്‍ഗിനു മുന്നില്‍ കസേര വലിച്ചിട്ടിരുന്ന ഈ കണ്ണൂരുകാരനെ സ്വന്തം കമ്പനിയിലെ സി.ഇ.ഒ സ്ഥാനത്തുനിന്ന് നീക്കാന്‍ കഴിഞ്ഞ ദിവസമാണ് ഒരുവിഭാഗം ഓഹരിയുടമകള്‍ അസാധാരണ യോഗം ചേര്‍ന്നത്. കമ്പനിയില്‍ 32 ശതമാനം ഓഹരിയുള്ള ആറു നിക്ഷേപകര്‍ യോഗം ചേര്‍ന്ന് ബൈജുവിനെയും ഭാര്യ ദിവ്യ ഗോകുല്‍നാഥ്, സഹോദരന്‍ റിജു എന്നിവരെയും ചുമതലകളില്‍നിന്ന് നീക്കാനും അക്കൗണ്ടുകള്‍ ഫൊറന്‍സിക് ഓഡിറ്റിങ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഈ യോഗം നിയമപ്രകാരമല്ലെന്നു ചൂണ്ടിക്കാട്ടി ബൈജു പങ്കെടുത്തില്ലെന്നു മാത്രമല്ല, കര്‍ണാടക ഹൈക്കോടതിയില്‍നിന്ന് യോഗതീരുമാനം മാര്‍ച്ച് 13 വരെ നടപ്പാക്കരുതെന്ന വിധിയും സമ്പാദിച്ചു. വിദേശവിനിമയചട്ടം ലംഘിച്ചു എന്ന പരാതിയില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയരക്ടറേറ്റ് നവംബറില്‍ തന്നെ ബൈജുവിനെതിരേ നടപടി തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചെങ്കിലും ബൈജു ഇപ്പോള്‍ ദുബൈയിലാണെന്നാണ് ധാരണ.
അച്ഛനും അമ്മയും അധ്യാപകരായ അഴീക്കോട് മലയാളം മാധ്യമ സ്‌കൂളില്‍ പത്താംതരം പൂര്‍ത്തിയാക്കിയ ബൈജു പ്രീഡിഗ്രിക്കു ശേഷം കണ്ണൂരിലെ തന്നെ ഗവണ്‍മെന്റ് മെക്കാനിക്കൽ എന്‍ജിനീയറിങ് കോളജില്‍ ചേര്‍ന്ന് ---മെക്കുവാകുകയും പതിവ് വിടാതെ ഒരു ഷിപ്പിങ് കമ്പനിയില്‍ ജോലിക്ക് ചേരുകയും ചെയ്തതാണ്. കുട്ടിക്കാലം മുതല്‍ ക്രിക്കറ്റിലും കാല്‍പന്തുകളിയിലുമെല്ലാം തല്‍പരനായിരുന്നു. കൂട്ടുകാരെ തേടി ബംഗളൂരുവിലെത്തിയത് വഴിത്തിരിവായി. കൂട്ടുകാര്‍ ഐ.ഐ.എം പ്രവേശനത്തിന് ക്യാറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു. കണക്കിനോട് ബൈജുവിന് വല്ലാത്തൊരു പ്രണയമുണ്ടായിരുന്നു. എട്ടാംതരത്തില്‍ പഠിക്കുമ്പോള്‍ തന്നെ പത്തിലെയും പന്ത്രണ്ടിലെയും ചേട്ടന്മാര്‍ക്ക് കണക്കില്‍ ട്യൂഷന്‍ കൊടുത്ത ബൈജു, ക്യാറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന കൂട്ടുകാരെ സഹായിക്കാന്‍ പഠിപ്പിച്ചു തുടങ്ങി. അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ക്യാറ്റ് പരീക്ഷ എഴുതിയപ്പോള്‍ നൂറു ശതമാനം മാര്‍ക്ക്. ഐ.ഐ.എമ്മിലേക്ക് പോയില്ല. രണ്ടാംവര്‍ഷം വീണ്ടും പരീക്ഷയെഴുതി. അപ്പോഴും നൂറു മാര്‍ക്ക്. ബംഗളൂരു ജ്യോതി നിവാസ് കോളജിലെ ക്ലാസ് മുറിയില്‍ 35 പേരെ വച്ച് സയന്‍സിലും കണക്കിലും ട്യൂഷന്‍ എടുത്തു.
കുട്ടികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരുന്നപ്പോള്‍ ഷിപ്പിങ് കമ്പനിയിലെ ജോലി രാജിവച്ച് ട്യൂഷനിലേക്ക് തിരിഞ്ഞു. രാജ്യമെങ്ങും സ്റ്റേഡിയങ്ങളില്‍ കാല്‍ലക്ഷം പേര്‍ക്ക് വീതം ക്ലാസെടുത്തു. പിന്നിട്ട വര്‍ഷങ്ങളില്‍ 2011ല്‍ കമ്പനിയായി. 2015ല്‍ ആപ്പും പുറത്തിറക്കി. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായിരുന്നു ആദ്യത്തെ ലക്ഷ്യം. കണക്കും ശാസ്ത്രവിഷയങ്ങളും രസത്തോടെ പഠിപ്പിക്കുന്ന ആപ്പ്, അതിവേഗം വിദ്യാര്‍ഥികളുടെ മനസ് കീഴടക്കി. സംശയങ്ങള്‍ ചോദിക്കേണ്ടത് അധ്യാപകരോടോ രക്ഷിതാക്കളോടോ അല്ല, അവനവനോടാണ് എന്ന ബൈജുവിന്റെ പഠനരീതി വിദ്യാര്‍ഥികള്‍ക്ക് അത്രമേല്‍ സ്വീകാര്യമായി.
ആനിമേഷന്റെയും വെര്‍ച്വല്‍ സാങ്കേതികവിദ്യയുടെയും സാധ്യതകളിലൂടെ പഠനം അനുഭവമാക്കി മാറ്റിയ ആപ്പിന്റെ പ്രചാരം അധികം വൈകാതെ കടല്‍കടന്നു. ബ്രിട്ടന്‍, അമേരിക്ക തുടങ്ങി വിവിധ രാജ്യങ്ങളില്‍ പടര്‍ന്നു. പുതിയ കമ്പനികളെ ഏറ്റെടുത്തും പലതുമായി കൈകോര്‍ത്തും ലോകത്തെ ഒന്നാമത് സാങ്കേതികവിദ്യാധിഷ്ഠിത അധ്യയന കമ്പനിയായി ബൈജൂസ് മാറിയത് കൊവിഡ് പടര്‍ച്ച പോലെയായിരുന്നു. കൊവിഡ് ഈ അവസ്ഥയെ ഉയരത്തിലെത്തിക്കുകയും ചെയ്തു. അങ്ങനെയാണ് സുക്കര്‍ബര്‍ഗ് പണം മുടക്കുന്ന ഏഷ്യയിലെ ആദ്യത്തെ കമ്പനിയായി ബൈജൂസ് മാറുന്നത്.
2022ല്‍ കമ്പനിയുടെ മൂല്യം അത്യുന്നതങ്ങളിലായിരുന്നെങ്കില്‍ അക്കാലത്തുതന്നെ നഷ്ടത്തിന്റെ ആരംഭം കുറിച്ചിരുന്നു. 8,245 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയ വര്‍ഷത്തിലാണ് ഏറ്റവും മികച്ച മൂല്യം കമ്പനിക്കുണ്ടായത്. 15,000ത്തിലേറെ പേര്‍ ജോലി ചെയ്ത കമ്പനിയില്‍ ശമ്പളം മുടങ്ങി. കോര്‍പറേറ്റ് ഓഫിസ് ഒഴിഞ്ഞുകൊടുത്തും വീടുകള്‍ പണയംവച്ചും ശമ്പളം നല്‍കി പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഭാര്യ ദിവ്യ ഗോകുല്‍നാഥ് ബംഗളൂരുകാരിയാണ്. ബൈജുവിന്റെ വിദ്യാര്‍ഥിയായി പരിചയപ്പെട്ടതാണ്. അവരും കമ്പനിയുടെ നടത്തിപ്പില്‍ പങ്കാളിയായി. 1.94 കോടി രൂപയായിരുന്നു ബൈജുവിന്റെ ഭാര്യ ദിവ്യയുടെ വാര്‍ഷിക ശമ്പളം. അന്താരാഷ്ട്ര തലത്തില്‍ തട്ടിപ്പു പരാതി ഉയര്‍ന്നിട്ടും അദാനിയെ തൊടാത്ത കേന്ദ്ര ഏജന്‍സികള്‍ ബൈജുവിനെതിരേ നിയമനടപടികള്‍ നീക്കുകയാണ്. വിദേശത്തുള്ള ബൈജു നാട്ടില്‍ തിരിച്ചെത്തുമോ എന്ന് ആര്‍ക്കും വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."