തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം, പതഞ്ജലിക്ക് കോടതിയലക്ഷ്യ നോട്ടിസ്
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം, പതഞ്ജലിക്ക് കോടതിയലക്ഷ്യ നോട്ടിസ്
ന്യൂഡല്‍ഹി: ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന കോടതിയുടെ മുന്നറിയിപ്പ് അവഗണിച്ച ബാബാ രാംദേവിന്റെ പതഞ്ജലിക്ക് സുപ്രിംകോടതി കോടതിയലക്ഷ്യ നോട്ടിസയച്ചു. ഇനി ഇത്തരം പരസ്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന കോടതിയില്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന് ജസ്റ്റിസുമാരായ ഹിമാ കോഹ്ലി, അഹ്‌സനുദ്ദീന്‍ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. കോടതിയലക്ഷ്യ നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് മാനേജിങ് ഡയരക്ടര്‍ ആചാര്യ ബാലകൃഷ്ണയ്ക്കാണ് നോട്ടിസയച്ചിരിക്കുന്നത്.
തങ്ങളുടെ മരുന്നുകള്‍ രോഗം മാറ്റുമെന്ന പരസ്യം പ്രസിദ്ധീകരിക്കരുതെന്നും കോടതി ഉത്തരവിട്ടു. കേസ് രണ്ടാഴ്ചയ്ക്കുള്ളില്‍ വീണ്ടും പരിഗണിക്കും മുമ്പ് മറുപടി സമര്‍പ്പിച്ചിരിക്കണം. വാക്‌സിനേഷനെതിരേ പതഞ്ജലി പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നല്‍കിയ ഹരജിയിലാണ് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കില്ലെന്ന ഉറപ്പ് പതഞ്ജലി കോടതിക്ക് നല്‍കിയിരുന്നത്. പതഞ്ജലിയുടെ പരസ്യങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജ് കോടതില്‍ സമ്മതിച്ചു.
എന്നിട്ടും നടപടിയെടുക്കാന്‍ എന്താണ് രണ്ടുവര്‍ഷം വൈകിയതെന്ന് കോടതി തിരിച്ചു ചോദിച്ചു. ഇക്കാര്യത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ സത്യവാങ്മൂലത്തിലൂടെ അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. അരുതെന്ന് കോടതി ഉത്തരവിട്ടിട്ടും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കാന്‍ പതഞ്ജലിക്ക് ധൈര്യമുണ്ടായെന്ന് കോടതി ചൂണ്ടിക്കാട്ടി.
നിരവധി രോഗങ്ങള്‍ക്ക് ശാശ്വത ശമനമുണ്ടാകുമെന്നാണ് പരസ്യത്തിലുള്ളത്. അതിനര്‍ത്ഥം രോഗം ഭേദമാകുമെന്നാണ്. തങ്ങള്‍ ഇക്കാര്യത്തില്‍ ശക്തമായ ഉത്തരവ് പുറപ്പെടുവിക്കാന്‍ പോകുകയാണെന്നും ജസ്റ്റിസ് അഹ്‌സനുദ്ദീന്‍ അമാനുല്ല പറഞ്ഞു.
കോടതിയുത്തരവിന് ശേഷവും ബാബാ രാംദേവും ബാലകൃഷ്ണയും വാര്‍ത്താ സമ്മേളനം വിളിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാക്കുകള്‍ ആവര്‍ത്തിച്ചതായി ഹരജിക്കാരുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. സുപ്രിംകോടതിയുത്തരവിന്റെ ലംഘനമുണ്ടായെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും നോട്ടീസ് അയക്കണമെന്നും കോടതി നിരീക്ഷിച്ചു. പതഞ്ജലിയുടെ പരസ്യങ്ങള്‍ പൂര്‍ണമായും നിരോധിക്കുകയാണ് വേണ്ടതെന്ന നിരീക്ഷണവും കോടതി നടത്തി. സമ്പൂര്‍ണ നിരോധനം ടൂത്ത് പേസ്റ്റ് പോലുള്ള മറ്റു ഉത്പന്നങ്ങളെയും ബാധിക്കുമെന്നതിനാല്‍ മരുന്നുകളുടെ പരസ്യങ്ങള്‍ക്കെതിരേ നടപടിയെടുക്കാമെന്ന് അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."