സിദ്ധാര്‍ഥന്റെ മരണം: ആള്‍ക്കൂട്ട വിചാരണയുടെ ആസൂത്രകന്‍ സിന്‍ജോ ഉള്‍പ്പെടെ രണ്ടുപേര്‍കൂടി പിടിയില്‍
സിദ്ധാര്‍ഥന്റെ മരണം: ആള്‍ക്കൂട്ട വിചാരണയുടെ ആസൂത്രകന്‍ സിന്‍ജോ ഉള്‍പ്പെടെ രണ്ടുപേര്‍കൂടി പിടിയില്‍
കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍. സിദ്ധാര്‍ഥനെ ക്രൂരമായി മര്‍ദിച്ചവരില്‍ പ്രധാനിയായ സിന്‍ജോ ജോണ്‍സണ്‍, കാശിനാഥന്‍ എന്നിവരാണ് ശനിയാഴ്ച പിടിയിലായത്. ഇന്നു പുലര്‍ച്ചെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് സിന്‍ജോയെ പിടികൂടിയത്. കാശിനാഥന്‍ പൊലിസില്‍ കീഴടങ്ങുകയായിരുന്നു.
സിന്‍ജോയ്ക്കും കാശിനാഥനും ഉള്‍പ്പെടെ പിടിലാകാനുള്ള നാല് പേര്‍ക്കെതിരെ പൊലിസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കൊല്ലം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം സിന്‍ജോ ജോണിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി പൊലീസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബന്ധുവീട്ടില്‍ നിന്ന് സിന്‍ജോയെ പൊലീസ് പിടികൂടിയത്. കേസില്‍ 31 പേര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
അതേസമയം യുവാവിന്റെ മരണത്തില്‍ കോളജ് അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണം ഉയരുന്നുണ്ട്. ആള്‍ക്കൂട്ട വിചാരണയും ക്രൂരമര്‍ദ്ദനവുമെല്ലാം നടന്നിട്ടും ഇതേകുറിച്ച് ആഭ്യന്തര അന്വേഷണം നടന്നിട്ടില്ല. പൊലിസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതോടെയാണ് അധികൃതര്‍ ഇടപെട്ടത്. ഹോസ്റ്റല്‍ വാര്‍ഡന്റെ ചുമതലയുള്ള ഡീന്‍ എം.കെ നാരായണനെ വെറ്റിനറി സര്‍വകലാശാല വി.സി സംരക്ഷിക്കുന്നതായും ആക്ഷേപമുയരുന്നുണ്ട്.
കേസില്‍ 12 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൂടി നടപടിയെടുക്കും. 10 വിദ്യാര്‍ത്ഥികളെ ഒരു വര്‍ഷത്തേക്ക് വിലക്കുകയും ചെയ്തു. ഇവര്‍ക്ക് ക്ലാസില്‍ പങ്കെടുക്കാനും പരീക്ഷ എഴുതാനും സാധിക്കില്ല. പ്രതികള്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ മര്‍ദിച്ചവരാണ് ഇവരെന്നാണ് വിവരം. മറ്റ് രണ്ട് പേരെ ഒരു വര്‍ഷത്തേക്ക് ഇന്റേണല്‍ പരീക്ഷ എഴുതുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. മര്‍ദനമേറ്റതായി കണ്ടിട്ടും ആശുപത്രിയില്‍ എത്തിക്കാത്തതിലാണ് നടപടി. ഈ 12 വിദ്യാര്‍ത്ഥികളേയും ഹോസ്റ്റലില്‍ നിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ട്.
മാത്രമല്ല അക്രമം നോക്കി നിന്ന മുഴുവന്‍ പേരെയും ഏഴ് ദിവസം കോളേജില്‍ നിന്ന് സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ഹോസ്റ്റലിലും പ്രവേശിക്കാന്‍ കഴിയില്ല. ഫെബ്രുവരി 16,17,18 തീയതികളില്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നവര്‍ക്കാണ് ശിക്ഷ. റാഗിങ് വിരുദ്ധ സമിതിയുടേതാണ് നടപടി. വിദ്യാര്‍ത്ഥികള്‍ക്ക് വേണമെങ്കില്‍ വിസിക്ക് അപ്പീല്‍ നല്‍കാമെന്നും ആഭ്യന്തര പരാതി പരിഹാര സമിതി വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."