ജയിച്ചാല്‍ മാതാവിന് 10 ലക്ഷത്തിന്റെ സ്വര്‍ണം നല്‍കും; അതും ചുരണ്ടാന്‍ വരുമോ? : സുരേഷ് ഗോപി
ജയിച്ചാല്‍ 10 ലക്ഷത്തിന്റെ സ്വര്‍ണം നല്‍കും; അതും ചുരണ്ടാന്‍ വരുമോ? : സുരേഷ് ഗോപി
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ലൂര്‍ദ് മാതാവിന് 10 ലക്ഷം രൂപയുടെ സ്വര്‍ണം നേര്‍ച്ചയായി നല്‍കുമെന്ന് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. ലൂര്‍ദ് മാതാവിന്റെ പള്ളിയില്‍ സുരേഷ് ഗോപി സമര്‍പ്പിച്ച കിരീടം സ്വര്‍ണമല്ലെന്ന് വ്യാപകമായി പ്രചാരണം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്.
തന്റെ കുടുംബത്തിന്റെ നേര്‍ച്ചയായിരുന്നു കിരീടമെന്നും അത് ഓഡിറ്റ് നടത്താന്‍ മറ്റ് പാര്‍ട്ടികള്‍ക്ക് എന്ത് അധികാരമാണുള്ളതെന്നും വിരോധം സൃഷ്ടിക്കാന്‍ വര്‍ഗീയത ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തൃശൂരിലെ ലൂര്‍ദ്ദ് പള്ളിയിലെ മാതാവിന് കിരീടം സമര്‍പ്പിച്ചത് തന്റെ ആചാരത്തിന്റെ ഭാഗമാണെന്നും മാതാവത് സ്വീകരിക്കുമെന്നും ആയിരുന്നു ഇന്നലെ സുരേഷ് ഗോപി പ്രതികരിച്ചത്. താന്‍ കിരീടം നല്‍കിയത് വിശ്വാസികള്‍ക്ക് പ്രശ്‌നമില്ലെന്നും ആരാണ് വര്‍ഗീയത പറയുന്നതെന്നും സുരേഷ് ഗോപി ചോദിച്ചു.
''നേര്‍ച്ചയൊക്കെ വിളിച്ചു പറയുക എന്ന ഗതികേടിലേക്ക് ഈ മോശപ്പെട്ട ആള്‍ക്കാര്‍ എന്നെ നയിക്കുകയാണ്. കിരീടം പണിയാന്‍ കൊടുത്ത സ്വര്‍ണത്തില്‍ പകുതിയും പണിതയാള്‍ തിരിച്ചുനല്‍കി. അതുചേര്‍ക്കാന്‍ പറ്റില്ലെന്നാണ് പറഞ്ഞത്. ഒരു കല്ലെങ്കിലും പതിപ്പിക്കണമെങ്കില്‍ 18 കാരറ്റ് സ്വര്‍ണമായിരിക്കണം. അതിനു തയാറാണ്. അപ്പോഴും വലിയ വിലവ്യത്യാസം വരില്ല. ഇനി ഇവന്മാര്‍ അതു ചുരണ്ടാന്‍ വരുമോ?'' സുരേഷ് ഗോപി ചോദിച്ചു.
മകളുടെ വിവാഹത്തിന് മുന്നോടിയായി ജനുവരി 15നാണ് സുരേഷ് ഗോപി ലൂര്‍ദ്ദ് മാതാ ദേവാലയത്തില്‍ കുടുംബത്തോടൊപ്പം എത്തി കിരീടം സമര്‍പ്പിച്ചത്. ഇതിന് പിന്നാലെ കിരീടം ചെമ്പില്‍ സ്വര്‍ണം പൂശിയതാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കിരീടത്തിലെ സ്വര്‍ണത്തിന്റെ തൂക്കം അറിയാന്‍ അന്വേഷണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പള്ളി വികാരിയെയും ട്രസ്റ്റിയെയും കൈക്കാരന്മാരെയും ചേര്‍ത്തായിരുന്നു കമ്മിറ്റി രൂപീകരിച്ചത്. ഈ കമ്മിറ്റി കിരീടത്തിലെ സ്വര്‍ണത്തിന്റെ അളവ് ശാസ്ത്രീയമായി പരിശോധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."