HOME
DETAILS

കനിവൊഴുകിയ കൈപ്പൊതികൾ

  
backup
March 09 2024 | 22:03 PM

hand-wraps-that-overflow

റഹീം വാവൂർ
സത്യമാണെന്നറിഞ്ഞിട്ടും പ്രവാചകൻമുഹമ്മദ് (സ്വ) യെ അംഗീകരിക്കാൻ ഖുറൈഷി പ്രമാണിമാരെ സമ്മതിക്കാതിരുന്ന കാര്യങ്ങളിലൊന്ന്, പ്രവാചകൻ എപ്പോഴും പാവങ്ങൾക്കൊപ്പമായിരുന്നു നടപ്പും നിൽപ്പും കൂട്ടുമെല്ലാം എന്നതായിരുന്നു. അശരണരുടെ ആലംബമായിരുന്നു നബിയുള്ള ഏതിടവും. ചികിത്സിക്കാൻ, പശിയടക്കാൻ, നഗ്‌നത മറക്കാൻ, കൂട്ടിരിക്കാൻ എന്തിനുമേതിനും ഉറപ്പുള്ളൊരു വാക്കായിരുന്നു പാവങ്ങൾക്ക് വിശ്വപ്രവാചകൻ.


കപില വസ്തുവിലെ രാജകുമാരനായിരുന്ന ഗൗതമ സിദ്ധാർഥൻ ശ്രീബുദ്ധനായി മാറിയതും ഇതേ വഴിയിലൂടെയാണെന്ന് ചിത്രം. ആഭിജാത്യങ്ങളുടെ കൊട്ടാരകുമാരൻ തന്റെ ബാൽക്കണിയിലിരിക്കേ ഒരിടയൻ ആടുകളെയും തെളിച്ചു പോകുന്നത് കാണാനിടയായി. പക്ഷേ, കാലിനു മുടന്തുള്ള ഒരു കുഞ്ഞാടിന് കൂട്ടത്തിലെത്തിപ്പെടാനാവാതെ ഉഴറുന്നതും സിദ്ധാർഥൻ കണ്ടു. വികലാംഗയായ ആടിനെ ഇടയനും ശ്രദ്ധിക്കുന്നില്ല. വിലകിട്ടാത്ത ജീവിക്ക് വിലകൽപ്പിക്കാത്ത സമൂഹത്തോട് വിപ്രതിപത്തി തോന്നിയ രാജകുമാരൻ കൊട്ടാരത്തിൽ നിന്ന് ഇറങ്ങിവന്ന് മുടന്തനാടിനെ നെഞ്ചോടണച്ചു വിലക്കു വാങ്ങി. ശേഷം, കൊട്ടാര സൗഖ്യങ്ങൾ വെടിഞ്ഞ് തപസ്സനുഷ്ഠിക്കാനും പോയി.


അകത്ത് വെളിച്ചമുള്ളവരെക്കുറിച്ചുള്ള ചരിത്രകഥകളാണ് മുകളിലെ മൂന്നും. അവയെ ഗുണപാഠ കഥകളായി കാണുന്നവരും വിശ്വസിക്കുന്നവരും മനുഷ്യരിലുണ്ട്. പക്ഷേ, ഏത് മനുഷ്യനും സമ്മതിക്കുന്നൊരു സത്യം പൊതുവായി ആ കഥകളിലുണ്ട്: സഹാനുഭൂതിയാണ് മനുഷ്യപ്പറ്റ്, കരുണയാണ് അക്കക്കാഴ്ച, ദയയാണ് സമ്പത്ത് തുടങ്ങിയ മഹാപാഠങ്ങളാണത്. ജീവിതം എന്ന പാഠപുസ്തകത്തിലെ മഹാ പാഠങ്ങൾ. "സഹചാരി' സഞ്ചരിക്കുന്ന വഴിയും ചരിത്രം മനുഷ്യത്വത്തെ നിർമിച്ച ആ പാത തന്നെ.

* * *
സ്വന്തത്തെ ബാധിക്കാത്തതൊക്കെയും നമുക്ക് കഥകളാണ്. വേദന പറഞ്ഞുവരുന്ന മനുഷ്യരുടെ ജീവിതം പോലും കഥകേൾക്കുന്ന ലാഘവത്തിലാണ് നമ്മൾ കേട്ടിരിക്കാറുള്ളത്. ഒന്നും നൽകാതെ മടക്കി അയക്കുമ്പോഴും ജയിച്ചവൻ തോറ്റവനെ എന്നപോലെയാണ് നമ്മളവരുടെ പോക്കിനെ നോക്കിനിൽക്കുക. യുദ്ധമോ പട്ടിണിയോ അനുഭവിക്കാത്തവർ മനുഷ്യരാവില്ല എന്ന തത്വം പല ഫിലോസഫേഴ്‌സും ഉദ്ധരിച്ചിട്ടുണ്ട്. അതിനെ ഭീതിദമായ തീക്ഷ്ണാനുഭവങ്ങൾ എന്ന് മൊഴിമാറ്റാം. ജീവിതത്തിൽ തീപാതകളിലൂടെ സഞ്ചരിക്കാത്തവർക്ക് മനുഷ്യരാവാൻ പറ്റില്ലെന്നാണ് ആ വാക്കിന്റെ മറ്റൊരു അർഥം. പലവിധം യന്ത്രങ്ങളിലൂടെ കടന്നുപോകുന്ന ജീവനുള്ള ഒപ്പുകടലാസുകളായി തീർന്ന മനുഷ്യരുടെ ഹതാശമായ മനസ് സ്‌നേഹമമുള്ള മനുഷ്യരെ കരുണ തേടുന്നുണ്ട്.


ജീവന് കാവൽനിൽക്കുന്ന, ആരോഗ്യമുള്ള ഒരു സാമൂഹിക മനഃസ്ഥിതിയുടെ പ്രതിനിധികൾ എന്ന നിലയിൽ അങ്ങനെയുള്ളവർക്ക് ഒപ്പം നിൽക്കുക എന്നത് നമ്മുടെ കടമകൂടിയാണ്. വൈകാരികമായ അനുതാപവും സാഹതാപവുമല്ല, സ്‌നേഹാർദ്രമായ സഹാനുഭൂതിയും സഹകരണവുമാണ് അവർക്കാവശ്യം. സുരക്ഷിതത്വത്തിന്റെ ചുറ്റിടങ്ങൾക്കുള്ളിൽ ചുരുണ്ടുറങ്ങി കഷ്ടപ്പാടിന്റെ ലോകങ്ങളെ വിനോദത്തിനു കാണുകയും വായിക്കുകയും ചെയ്യുന്നവർക്ക്, ആണ്ടിലൊരിക്കൽ മുന്നിലേക്ക് നീണ്ടുവരുന്ന ബക്കറ്റിലേക്കിടുന്ന അമ്പതിന്റെയോ നൂറിന്റെയോ നോട്ടോർമയാവുമത്. അങ്ങനെയുള്ളവർ അറിയാത്തതും അനുഭവിക്കാത്തതുമായ ഒരു ലോകത്ത് അവർക്കൂഹിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ജീവിക്കുന്ന കുറേ മനുഷ്യരുമുണ്ട്. നിസ്സഹായതയുടെ നട്ടുച്ചക്കുന്നിൽ സൂര്യന്റെ ചോട്ടിലെന്നപോലെ ഒറ്റയ്ക്കു നിന്ന് വിയർക്കുന്നവർ. അവരുടെ നോവുകളെ ആറ്റിത്തണുപ്പിക്കണം എന്ന നിയ്യത്തിന്റെ പൂർത്തീകരണത്തിനാണ് റമദാനിലെ ആദ്യവെള്ളിയാഴ്ച പള്ളികൾതോറും "സഹചാരി'യ്ക്കായി ധനസമാഹരണം നടത്തുന്നത്.

* * *
ഒരാൾ മാറാരോഗിയാവുമ്പോൾ അയാൾക്കുള്ളിൽ വേറൊരാൾ ജനിക്കുന്നു. നിറങ്ങളറ്റ നിലങ്ങളിൽ ചെരിപ്പില്ലാതെ നടക്കുന്ന ഒരാൾ, സ്വന്തം പാദ പതനങ്ങളിലയാൾ മരണത്തിന്റെ കാലടികൾ കേൾക്കുന്നു. ഉള്ളിന് വാട്ടം ബാധിച്ച ആ മനുഷ്യന്റെ ചൂടുള്ള കരങ്ങൾ പിടിച്ച് ഒപ്പമുണ്ടെന്ന് തോന്നിപ്പിക്കുന്ന മനുഷ്യരുണ്ടല്ലോ, അവരാണ് മനുഷ്യർ. മുറിവുകളുടെ പുഴയിൽ നീന്തുന്നവരെ സ്വയം തോണിയായി കരയ്ക്കെത്തിക്കാൻ സഹായിക്കുന്ന ചില മനുഷ്യരുണ്ട്. നടുവിലെ തൂണായിനിന്ന് മറ്റുള്ളവർക്കു വേണ്ടി അവർ സഹനങ്ങൾ ഏറ്റെടുക്കും. ബാക്കിയുള്ളവർ ആലോചിക്കാത്ത കാര്യങ്ങളിലേക്ക് മനസിനെ ഇറക്കിവച്ച് ചുറ്റുമുള്ളവരിലേക്ക് സ്വപ്‌നം കാണാനുള്ള ഹോർമോണുകൾ നിറച്ചുകൊടുത്ത് അവർ മുന്നൽ നിൽക്കും. "സഹചാരി' സെല്ലിന്റെ പൂമുഖത്ത് കാരുണ്യത്തിന്റെ ആമുഖമെഴുതുന്നത് ഉള്ളിൽ നനവുള്ള ഒട്ടേറെ മനുഷ്യരാണ്. ലാഭം ഇച്ഛിക്കാതെ അവർ കാണിക്കുന്ന നിദാന്ത ജാഗ്രതയാണ് ഈ ഉദ്യമത്തെ കൂടുതൽ സജീവമാക്കുന്നത്.


പ്രദർശനപരതയുടെ സെൽഫിക്കാലത്ത് പലരും പലതും ചെയ്യുന്നുണ്ടെങ്കിലും കാമറക്കണ്ണിന്റെ മിന്നലാട്ടങ്ങളില്ലാതെ, കർമങ്ങളെ കാഴ്ചക്കാരന്റെ കണ്ണിലേക്കിട്ടു കൊടുക്കാതെ ഉള്ളം കൈയിൽ നിന്ന് ഉള്ളം കൈയിലേക്ക് മടക്കിക്കൊടുക്കുന്ന സ്‌നേഹവായ്പുകളാണ് "സഹചാരി' സെല്ലിന്റെ ചാരിറ്റി പ്രവർത്തനങ്ങൾ. അതൊരു ഒറ്റത്തുള്ളി പെരുവെള്ളമാണ്. നിയ്യത്ത് നന്നാക്കി ഇഹലോകത്ത് ചെയ്യുന്ന ദാനധർമങ്ങൾ പരലോകത്ത് പൊന്നായിപ്പൂക്കുന്ന അത്ഭുതമാവുമെന്ന തവക്കുലിന്റെ ബലത്തിൽ നമ്മളത് ചെയ്യുമ്പോൾ അവർക്ക് തൽക്കാലത്തേക്ക് ശ്വാസവും നമുക്കു പിൽക്കാലത്തേക്ക് ആശ്വാസവും കിട്ടും.

* * *
മക്കളോടൊപ്പം എരിയുന്ന രാവും പൊരിയുന്ന പകലുമായി മോചനത്തിന്റെ മറുകര തേടി കിടന്നു പിടക്കുന്ന ഉമ്മ ബാപ്പമാർ. പകൽ മക്കളെ പരിപാലിച്ചും രാത്രി അവരുറങ്ങുമ്പോൾ അവരെ നോക്കി വാവിട്ടും നാളുകളെണ്ണുന്ന നിസ്സഹായതയുടെ നേർചിത്രങ്ങൾ. ഇറങ്ങാത്ത വേരുകളും ഉറക്കാത്ത ചുവടുകളും നിവരാത്ത ശിരസുമായി പ്രിയപ്പെട്ടവർ അടുത്തുണ്ടാവും. അവരുടെ നൊമ്പരങ്ങൾക്ക് ഭാഷയില്ല; ഭാവമേയുള്ളൂ.


ഇറച്ചിക്കഷ്ണങ്ങളിലേക്ക് അരിച്ചിറങ്ങുന്നത് പോലുള്ള വേദനയെ കടിച്ചുപിടിച്ച് ജീവിക്കുന്നവരാണ് വൃക്കരോഗികൾ. ജീവിതം അവർക്ക് മെഷീൻ കുഴലുകളിലൂടെ ഓടുന്ന രക്തത്തുള്ളിക്കളാണ്. നിരന്തരമായി ഡയാലിസിസ് നടത്തിക്കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുനടക്കുന്നവരാണവർ. ഒരു നേരം അത് മുടങ്ങിയാൽ ജീവിതം അവതാളത്തിലാവും. അത്തരത്തിലുള്ള നൂറോളം രോഗികളെ സഹായത്തിനു കഴിഞ്ഞ വർഷം 28,92,000 രൂപയാണ് സഹചാരി ചെലവഴിച്ചത്.


കെട്ടിവച്ച അട്ടിപ്പണമുണ്ടെങ്കിൽ മാത്രം അതിനൂതന യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്ന മൾട്ടിനാഷനൽ ഹോസ്പിറ്റലുകൾക്ക് രോഗി ഒരു വിൽപനച്ചരക്ക് മാത്രമാണ്. വാടക പറഞ്ഞുറപ്പിക്കുന്ന സേവനങ്ങളിൽ രോഗിയുടെ ആശ്രിതർക്ക് പ്രതീക്ഷ നഷ്ടപ്പെടുമ്പോൾ പിന്നീടവർ നിസ്സഹായരാണ്. നഴ്‌സുമാരുടെ പുഞ്ചിരിക്കു പോലും ബില്ലിൽ വിലയിടുന്ന ചോരച്ചൂരുയരുന്ന അത്തരം അറവുശാലകൾ കൊല്ലലും ചാവലും മരുന്നുപരീക്ഷണങ്ങളും നടക്കുന്ന ഇടങ്ങളായി ചുരുങ്ങുമ്പോൾ, നിത്യരോഗത്തിന്റെ പിടിയിലമരുന്നവർക്ക് ജീവിതം വലിയ കടമ്പയാവുന്നു. കഴിഞ്ഞ വർഷം 552 നിത്യരോഗികളിലേക്കായി 16,56,000 രൂപ ചെലവഴിച്ചപ്പോൾ ഹൃദ്രോഗികളായ 692 ആളുകളിലേക്ക് 32,07,500 രൂപ സഹായമെത്തിക്കാൻ സഹചാരിക്കു കഴിഞ്ഞു. 1690 കാൻസർ രോഗികളുടെ അപേക്ഷകൾ പരിഗണിച്ച് ആ ഇനത്തിൽ 58,12,000 രൂപയാണ് സഹചാരി വിനിയോഗിച്ചത്. 93 കിഡ്‌നി രോഗികളുടെ മാത്രം ചെലവിലേക്കായി 27,90,000 രൂപയുടെ സ്‌നേഹം പകരാനായപ്പോൾ ആക്‌സിഡന്റിൽ പെട്ട 618 പേർക്ക് 48,97,000 രൂപയുടെ സഹായം സഹചാരിയിലൂടെ കൈമാറി.

* * *
വന്നുകാണാൻ പറ്റാത്തവരെ ചെന്നുകാണുക. ഒന്നിനും പറ്റുന്നില്ലെങ്കിൽ സാരമില്ലെന്നൊരു വാക്ക്, എല്ലാം നേരെയാകുമെന്നൊരു സാന്ത്വനപ്പെടുത്തൽ. വാക്കിന്റെ ഇലപ്പച്ചകൾ കൊണ്ടെങ്കിലും സാന്ത്വനമാവുക. നന്മയുടെ പക്ഷം ചേരാൻ അവസരം ഒത്തുവരുമ്പോൾ അതിൽ നിന്ന് ഓടിപ്പോവുകയല്ല, അങ്ങനെയുള്ളിടങ്ങളിലേക്ക് ഓടിക്കൂടുകയാണ് വേണ്ടത്. സദ്കർമങ്ങളെ അവസരങ്ങളായി കാണുന്നവനാണ് ബുദ്ധിമാൻ.


ഒരാൾ ഒരാവശ്യം പറയുമ്പോൾ അക്കാര്യം ചെയ്തുകൊടുക്കാൻ പടച്ചവൻ എന്നെ തിരഞ്ഞെടുത്തു എന്നാണ് കരുതേണ്ടത്. നിയ്യത്ത് പിഴക്കാത്തവന് എല്ലാം ആരാധനയാണെന്ന മതത്തിന്റെ ദാർശനിക മറക്കരുത്. നന്മ ഉദ്ദേശിച്ച് നമ്മളൊരു കാര്യം ചെയ്താൽ ആ കാര്യവും കൂടെ നമ്മുടെ കാര്യങ്ങളും നല്ലതാവും. തപിക്കുന്ന മനുഷ്യരുടെ പതക്കുന്ന പാദങ്ങളിലേക്ക് പാതകൾ വെട്ടിയും പരന്നൊഴുകിയും മുന്നോട്ടുപോവുക. അതിരുകളറിയപ്പെടാത്ത പൂർവാകാശത്തുനിന്ന് പടച്ചവൻ നമ്മെ നോക്കി ചിരിക്കുന്ന ഒട്ടേറെ സന്ദർഭങ്ങളുണ്ടാവട്ടെ. ഞാൻ രോഗിയായി കിടന്നിട്ടും നീ വന്നു കണ്ടില്ലല്ലോയെന്ന് വിചാരണനാൾ സ്രഷ്ടാവ് ചില മനുഷ്യരോട് ചോദിക്കുമെന്ന് പ്രവാചകൻ പറഞ്ഞു. "നീ രോഗിയാവുകയോ, അതെങ്ങനെ' എന്നവർ അത്ഭുതം കൂറുമ്പോൾ സ്രഷ്ടാവ് പറയുമത്രെ, നിന്റെ സമീപത്തെ ഇന്ന വ്യക്തി രോഗശയ്യയിലായിട്ടും നീ ചെന്ന് സഹായിച്ചില്ല, അതുതന്നെ കാര്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  a month ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  a month ago
No Image

ഭൂമി തര്‍ക്കത്തിനിടെ ഉത്തര്‍ പ്രദേശില്‍ കൗമാരക്കാരനെ തലയറുത്തുകൊന്നു

National
  •  a month ago