തെരഞ്ഞെടുപ്പുകളുടെവിശ്വാസ്യത
എൻ.പി.ചെക്കുട്ടി
പതിനെട്ടാമത് ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അതിന്റെ തെരഞ്ഞെടുപ്പുപ്രക്രിയയുടെ വിശ്വാസ്യത ഉറപ്പുവരുത്തുകയെന്നതാണ്. ലോകമെങ്ങും ജനാധിപത്യപ്രക്രിയ ഇന്നു വലിയ വെല്ലുവിളി നേരിടുന്നുണ്ട്. പലയിടത്തും ജനവിധിയെ അട്ടിമറിച്ച് ഏകാധിപത്യ-_സമഗ്രാധിപത്യ ശക്തികൾ അധികാരം പിടിക്കുന്നുമുണ്ട്. അതിനാൽ ജനവിധി പൂർണമായും മാനിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തൽ ഇന്ന് അങ്ങേയറ്റം പ്രധാനമാണ്.
ഭരണഘടനാപരമായി അതിന് ഉത്തരവാദപ്പെട്ട സ്ഥാപനം രാജ്യത്തെ തെരഞ്ഞെടുപ്പു കമ്മിഷനാണ്. സുതാര്യവും സ്വതന്ത്രവുമായ നിലയിൽ തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ വമ്പിച്ച അധികാരങ്ങൾ തെരഞ്ഞെടുപ്പു കമ്മിഷനിൽ നിക്ഷിപ്തമാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു പെരുമാറ്റച്ചട്ടം നിലവിൽവന്നാൽ പുതിയ ജനപ്രതിനിധികളെ പ്രഖ്യാപിക്കുന്ന സമയംവരെ കമ്മിഷൻ സമ്പൂർണ അധികാരങ്ങൾ കൈയാളുന്നുണ്ട്. ഏതെങ്കിലും കാരണവശാൽ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നതായി സംശയിക്കപ്പെട്ടാൽ മൊത്തം തെരഞ്ഞെടുപ്പ് അസാധുവാക്കാനും ബന്ധപ്പെട്ടവർക്കെതിരേ കടുത്ത നടപടികൾ സ്വീകരിക്കാനും കമ്മിഷന് അധികാരമുണ്ട്. ടി.എൻ ശേഷൻ ആ പദവി അലങ്കരിച്ച കാലത്ത് കർക്കശ നടപടികളിലൂടെ സർക്കാരിനെയും വിവിധ രാഷ്ട്രീയ പാർട്ടികളെയും മുൾമുനയിൽ നിർത്താൻ അദ്ദേഹം മടിക്കുകയുണ്ടായില്ല. അദ്ദേഹത്തിന്റെ കടുത്ത നയങ്ങൾ അധികാരികൾക്കും രാഷ്ട്രീയക്കാർക്കും വലിയ അലോസരം ഉണ്ടാക്കിയെങ്കിലും ജനങ്ങൾക്കിടയിൽ അതിനു വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
അതിനുകാരണം കാലാകാലങ്ങളായി ഇന്ത്യയിൽ തെരഞ്ഞെടുപ്പു പ്രക്രിയയിൽ വന്നുഭവിച്ചതായി ജനസമൂഹം സംശയിച്ച വിവിധങ്ങളായ അപച്യുതികളാണ്. വോട്ടു കുത്തി ബാലറ്റുകൾ പെട്ടിയിൽ നിക്ഷേപിക്കുന്ന പഴയ സംവിധാനത്തിൽ പോളിങ് ബൂത്തുകൾ ആയുധധാരികളായ ഗുണ്ടകൾ കൈയടക്കുന്നതും ബാലറ്റുകൾ ഒന്നടങ്കം കൈക്കലാക്കി വോട്ടുകൾ ഒന്നിച്ചു കുത്തി അവർ പെട്ടിയിൽ നിക്ഷേപിക്കുന്നതും പതിവായിരുന്നു. ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങളിൽ ഇങ്ങനെ നഗ്നമായി ബൂത്തുകൾ കൈയടക്കുന്നതും വോട്ടർമാരെ ആട്ടിയോടിച്ച് അധികാരവും ശക്തിയുമുള്ള പാർട്ടികളുടെ നിയന്ത്രണത്തിലുള്ള ഗുണ്ടകൾ ജനവിധി നടപ്പാക്കുന്നതും പതിവായി മാറി. നളിനി സിങ് അടക്കമുള്ള ചില മാധ്യമപ്രവർത്തകർ അന്ന് അത്തരം ചില സംഭവങ്ങൾ വിഡിയോയിൽ പകർത്തി സമൂഹത്തിനു മുന്നിലെത്തിച്ചു. ജീവൻപോലും പണയപ്പെടുത്തിയാണ് പല മാധ്യമപ്രവർത്തകരും അത്തരം വിവരങ്ങൾ സമൂഹത്തിനു മുന്നിലെത്തിച്ചത്. അതിനാൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതെല്ലാം നോക്കിനിൽക്കുന്ന രീതി അവസാനിപ്പിച്ച് ഉഗ്രശാസനം പുറപ്പെടുവിക്കാൻ തുടങ്ങിയതോടെ ജനങ്ങൾ അതിനെ സന്തോഷപൂർവം സ്വാഗതം ചെയ്തു.
പിന്നീട് കമ്മിഷന്റെ അധികാരങ്ങൾ നിയന്ത്രിക്കാനുള്ള നീക്കങ്ങൾ പലതും കേന്ദ്രസർക്കാരുകൾ നടത്തുകയുണ്ടായി. നേരത്തെ ഒരു അംഗം മാത്രം ഉണ്ടായിരുന്ന കമ്മിഷനിൽ മൂന്നു അംഗങ്ങൾ വന്നത് അതിന്റെ ഭാഗമായിട്ടായിരുന്നു. എന്നിരുന്നാലും കമ്മിഷൻ ഇന്നും ശക്തമാണ്; തെരഞ്ഞടുപ്പുകളിൽ പുറത്തുനിന്നുള്ള ഇടപെടലുകൾ കർശനമായി നിയന്ത്രിക്കാനും തടയാനുമുള്ള ശേഷിയും അതിനുണ്ട്.
തെരഞ്ഞെടുപ്പിന്റെ സുതാര്യതയുമായി ബന്ധപ്പെട്ട് ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയം വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയുടെ പ്രശ്‍നം തന്നെയാണ്. സാധാരണനിലയിൽ ഒരുതരത്തിലുള്ള അവിശ്വാസവും അത്തരം യന്ത്രങ്ങളെപ്പറ്റി ഉണ്ടാവേണ്ടതില്ല. മാത്രമല്ല, അതിന്റെ ഉപയോഗം നടപ്പിൽ വന്നശേഷം ബൂത്തുകളിലെ കൈയേറ്റവും മറ്റു അതിക്രമങ്ങളും നിശ്ശേഷം അപ്രത്യക്ഷമായി. പുതിയ സാങ്കേതികവിദ്യയിൽ ആരെങ്കിലും അതിക്രമിച്ചു കടന്നു യന്ത്രങ്ങൾ കൈയടക്കി വോട്ടുകൾ ഒന്നിച്ചുകുത്താനുള്ള സൗകര്യമില്ല. മാത്രമല്ല, വോട്ടർമാരുടെ എണ്ണവും പെട്ടിയിൽ പതിച്ച വോട്ടുകളുടെ എണ്ണവും ഒത്തുനോക്കുന്നതിനായി വി.വി.പാറ്റ് പോലുള്ള സംവിധാനങ്ങളും നിലവിലുണ്ട്. യന്ത്രത്തിൽ ഓരോ വോട്ടും രേഖപ്പെടുത്തുമ്പോൾ അതിന്റെ ഭാഗമായി മറ്റൊരു പെട്ടിയിൽ വീഴുന്ന രസീതിയാണ് വി.വി.പാറ്റ് എന്നറിയപ്പെടുന്നത്. തർക്കങ്ങൾ വരുമ്പോൾ കൃത്രിമം നടന്നുവോ എന്നു പരിശോധിക്കാൻ അവ സഹായകമാണ്.
എന്നാൽ വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടത്താനുള്ള സാങ്കേതിക സൗകര്യങ്ങൾ ലഭ്യമാണെന്ന ആരോപണം ഇന്നു ശക്തമായി ഉയർന്നുവന്നിട്ടുണ്ട്. സമീപകാലത്തു സുപ്രിംകോടതിയിലെ ചില അഭിഭാഷകർ തന്നെ അത് എങ്ങനെയാണ് സംഭവിക്കുന്നത് എന്നതിനെപ്പറ്റി ഡൽഹിയിൽ മാധ്യമങ്ങൾക്കു മുന്നിൽ തെളിവുസഹിതം വിവരിക്കുകയുണ്ടായി. ഓരോ യന്ത്രവും ഓരോ യൂനിറ്റാണെന്നും അവ നേരിട്ട് ഇന്റർനെറ്റുമായി ബന്ധപ്പെടുന്നില്ലെന്നും അതിനാൽ വിദൂരതലങ്ങളിൽനിന്ന് വോട്ടുകൾ നിയന്ത്രിക്കൽ അസാധ്യമാണെന്നുമാണ് കമ്മിഷൻ വ്യക്തമാക്കിയിരുന്നത്. അതിനാൽ വേഗത്തിലും എളുപ്പത്തിലും വോട്ടെടുപ്പ് പ്രക്രിയ പൂർത്തിയാക്കാനും വോട്ടുകൾ എണ്ണുന്നത് എളുപ്പമാക്കാനും സഹായിക്കുന്ന ഈ സംവിധാനം പുനഃപരിശോധനയ്ക്കു വിധേയമാക്കേണ്ടതില്ലെന്ന നിലപാടാണ് കമ്മിഷൻ സ്വീകരിക്കുന്നത്.
വോട്ടിങ് യന്ത്രങ്ങൾ തെരഞ്ഞെടുപ്പ് എളുപ്പവും വേഗതയുള്ളതുമാക്കുന്നു എന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. എന്നാൽ അവ സുതാര്യമാണോ? അവയിൽ കൃത്രിമം നടത്താനാവുമെന്ന ആരോപണം ഉണ്ടെങ്കിലും ജയാപചയങ്ങൾ മാറിമറിഞ്ഞുവരുന്നതു പതിവായതിനാലും കൃത്യമായ തെളിവുകൾ ആരും ഇന്നുവരെ ഹാജരാക്കിയിട്ടില്ല എന്നതിനാലും അത്തരം ആരോപണങ്ങൾക്ക് വലിയ വിശ്വാസ്യത കിട്ടുകയുണ്ടായില്ല. അതിനാൽ അമേരിക്കയടക്കമുള്ള മറ്റു രാജ്യങ്ങളിൽ ഇന്നും പിന്തുടരുന്ന വോട്ടുകുത്തി പെട്ടിയിൽ ഇടുന്ന രീതിയിലേക്ക് ഇന്ത്യയും തിരിച്ചുപോകണമെന്ന ആവശ്യത്തിന് ഇനിയും വലിയ ജനപിന്തുണ കിട്ടിയിട്ടുമില്ല.
എന്നാൽ കാര്യങ്ങൾ മാറിവരികയാണെന്ന വസ്തുതയുണ്ട്. വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാൻ വി.വി.പാറ്റ് രസീതി നേരിട്ട് പെട്ടിയിൽ വീഴുന്നതിനു പകരം അവ വോട്ടർമാർ പരിശോധിച്ച് പെട്ടിയിൽ നിക്ഷേപിക്കുന്ന രീതി അടക്കമുള്ള ചില പരിഷ്കരണങ്ങൾ പ്രമുഖ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് നിർദേശിക്കുകയുണ്ടായി. എന്നാൽ തെരഞ്ഞെടുപ്പു കമ്മിഷൻ അതിനോടു പ്രതികരിക്കാൻ പോലും തയാറായില്ല എന്നാണ് കോൺഗ്രസ് ദേശീയ വക്താവ് ജയ്റാം രമേശ് ഈയിടെ ചൂണ്ടിക്കാട്ടിയത്. വോട്ടെടുപ്പ് സംബന്ധമായി തങ്ങളുടെ വെബ്സൈറ്റിൽ നൽകിയ വിവരങ്ങൾ പരിശോധിക്കുകയെന്ന പതിവ് ഉത്തരം മാത്രമാണ് കമ്മിഷൻ നൽകിയതെന്നാണ് കോൺഗ്രസ് വക്താവ് പറഞ്ഞത്.
വിശ്വാസ്യത ഉറപ്പുവരുത്താൻ സഹായിക്കുന്ന സമീപനമല്ല കമ്മിഷൻ ഇക്കാര്യത്തിൽ സ്വീകരിച്ചത് എന്നുറപ്പാണ്. യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കുക മാത്രമല്ല, അത് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുകയും പ്രധാനമാണ്. അതിനുള്ള ശ്രമങ്ങൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ സംശയങ്ങൾ ഒരു പുകമറപോലെ അന്തരീക്ഷത്തിൽ തങ്ങിനിൽക്കും. അതു നമ്മുടെ ജനാധിപത്യ പ്രക്രിയയുടെ ആരോഗ്യത്തെ ബാധിക്കാനിടയുള്ള പ്രതിസന്ധിയാണ്. അത്തരം സംശയങ്ങളെ ശക്തിപ്പെടുത്തുന്ന നിരവധി സാഹചര്യങ്ങൾ ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലും നിലനിൽക്കുന്നുണ്ട് എന്ന കാര്യവും ശ്രദ്ധിക്കണം.
ഈയിടെ ചണ്ഡീഗഡിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ നടന്ന അട്ടിമറി നോക്കുക. രണ്ടു ഡസനിൽ താഴെ മാത്രം അംഗങ്ങൾ വോട്ടുചെയ്ത തെരഞ്ഞെടുപ്പിൽ മാധ്യമങ്ങളും പ്രതിപക്ഷപാർട്ടി പ്രവർത്തകരും നോക്കിനിൽക്കേയാണ് വരണാധികാരി അട്ടിമറിക്കു കളമൊരുക്കിയത്. അധികാരം കൈയാളുന്ന കക്ഷിയായ ബി.ജെ.പിയുടെ പരസ്യമായ പിന്തുണയും പ്രോത്സാഹനവും മാത്രമാണ് പട്ടാപ്പകൽ ഇത്തരമൊരു അട്ടിമറി നടത്താനുള്ള ധൈര്യം പ്രസ്തുത വരണാധികാരിക്ക് നൽകിയത്. അത്തരം വരണാധികാരികളാണ് ഇന്ത്യയുടെ നാനാഭാഗങ്ങളിൽ നടക്കുന്ന വിപുലവും വിശാലവുമായ പൊതു തെരഞ്ഞെടുപ്പിൽ പൊതുതാൽപര്യം സംരക്ഷിക്കാന് ചുമതലയേൽക്കുന്നത്. അതിനാൽ അട്ടിമറിക്കുള്ള എല്ലാ സാധ്യതകളും പൂർണമായും അടയ്ക്കുകതന്നെ വേണം. അത് സംബന്ധിച്ച സംശയങ്ങൾ പൂർണമായും ദൂരീകരിക്കുകയും വേണം.
അല്ലെങ്കിൽ പാകിസ്താനും മ്യാന്മറും അടക്കമുള്ള അയൽരാജ്യങ്ങളിൽ ഈയിടെ നടന്ന തെരഞ്ഞെടുപ്പുകൾ പോലെ ഇന്ത്യയിലും അതൊരു പ്രഹസനമായി മാറുന്നു എന്ന ആരോപണം ഉന്നയിക്കപ്പെടും. വിജയിക്കുന്ന കക്ഷികൾക്കുപോലും അത് ഗുണം ചെയ്യില്ല. കാരണം വിജയിച്ചത് ജനപിന്തുണ കൊണ്ടല്ല, മറിച്ചു അട്ടിമറി നടത്താനുള്ള ശേഷിയും അതിനുള്ള ഉദ്യോഗസ്ഥ പിന്തുണയും കൊണ്ടാണ് എന്നുവരുന്നത് ലോകസമൂഹത്തിനു മുന്നിൽ തലകുനിച്ചുനിൽക്കേണ്ട അവസ്ഥ ഭാവിയിൽ ഇന്ത്യൻ ഭരണാധികാരികൾക്കും ഉണ്ടാക്കിയേക്കും. മൂന്നാമത്തെ ലോക സാമ്പത്തിക ശക്തയാകാനായി വെമ്പുന്ന ഒരു രാജ്യത്തിന് അതൊട്ടും ഭൂഷണമാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."