HOME
DETAILS

കരുതലിന്റെ കരുത്തിലാകട്ടെ അധ്യയനം

  
backup
January 01 2021 | 20:01 PM

5413541-2

 


പുതുവര്‍ഷാരംഭത്തില്‍ കുട്ടികള്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി സ്‌കൂളുകള്‍ തുറന്നിരിക്കുകയാണ്. വരാനിരിക്കുന്ന പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടാന്‍ കുട്ടികളെ അധ്യയന തുടക്കത്തില്‍ തന്നെ പ്രാപ്തരാക്കേണ്ടതുണ്ട്. രണ്ടായിരത്തി പത്തൊന്‍പതില്‍ ആരംഭിക്കുകയും രണ്ടായിരത്തി ഇരുപതില്‍ പിടിമുറുക്കുകയും ചെയ്ത കൊറോണ വൈറസിന്റെ ധൃതരാഷ്ട്രാലിംഗനത്തില്‍നിന്നു രാജ്യം പതുക്കെ മോചനം നേടിക്കൊണ്ടിരിക്കുകയാണ്. അതേ അവസരത്തിലാണ് വകഭേദം വന്ന അതിവേഗ വ്യാപന വൈറസിനെക്കുറിച്ചുള്ള വാര്‍ത്ത ബ്രിട്ടനില്‍നിന്നു വന്നത്. വളരെ പെട്ടെന്ന് വ്യാപിക്കുന്ന 'കൊവിഡ് - 20' നമ്മുടെ അതിജീവന പരിശ്രമത്തെ പരാജയപ്പെടുത്തുമോ എന്ന ഭീതി ഇതിനകം ഉയരുകയും ചെയ്തു. ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലെത്തിയ മുപ്പതിലധികം പേരില്‍ വകഭേദം വന്ന അതിതീവ്ര വൈറസ് ബാധ കണ്ടെത്തുകയും അവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിലാണ് ഇന്നലെ മുതല്‍ 10,12 ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്നത്.


നീണ്ട പത്തു മാസങ്ങള്‍ക്കുശേഷം ക്ലാസ് മുറികളിലേയ്ക്ക് കുട്ടികള്‍ വീണ്ടും കാലെടുത്ത് വച്ചപ്പോള്‍ അതവരില്‍ വലിയൊരു വികാര പ്രപഞ്ചം സൃഷ്ടിച്ചിരിക്കാം. പുതുവര്‍ഷാരംഭത്തിലെ ക്ലാസ് മുറികളിലെ ആഹ്ലാദത്തോടൊപ്പം വിദ്യാര്‍ഥികളെ കാത്തുനില്‍ക്കുന്നത് വെല്ലുവിളികള്‍ നിറഞ്ഞ അധ്യയന ദിനങ്ങളുമാണ്. എന്നാല്‍ ഒരു വര്‍ഷം നീണ്ടുനിന്ന മഹാമാരി കാലത്തെ പഠനത്തെ സമചിത്തതയോടെ നേരിട്ട കുട്ടികള്‍ക്ക് വരാനിരിക്കുന്ന പഠനകാല വെല്ലുവിളികളെയും അതേ നിശ്ചയദാര്‍ഢ്യത്തോടെ നേരിടാന്‍ കഴിയേണ്ടതുണ്ട്.
കോളജുകളില്‍ തിങ്കളാഴ്ച മുതല്‍ പഠനം ആരംഭിക്കുമ്പോള്‍ അനിശ്ചിതത്വത്തിന്റെ പത്ത് മാസത്തെ മരവിപ്പില്‍ കഴിഞ്ഞ വിദ്യാഭ്യാസ മേഖല പുത്തനുണര്‍വോടെ പുതുവര്‍ഷത്തെ എതിരേല്‍ക്കുകയും കൂടിയാണ്. വിദ്യാഭ്യാസ മേഖലയ്ക്ക് ഈ ഉദ്യമം പുതിയൊരു പ്രത്യാശയും ഊര്‍ജവുമാണ് നല്‍കുന്നത്. അയ്യായിരത്തി അഞ്ഞൂറിലേറെ സ്‌കൂളുകളില്‍ പത്ത് ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ എത്തുമ്പോള്‍ ആഹ്ലാദത്തോടൊപ്പം ആശങ്കയും ഉണ്ടാകുന്നുണ്ട്. മഹാമാരി ഇപ്പോഴും നമ്മെ വിട്ടൊഴിഞ്ഞിട്ടില്ലാത്ത ഈ അവസരത്തില്‍ പ്രത്യേകിച്ചും. കൊവിഡിനെ പ്രതിരോധിച്ചു കൊണ്ട് അധ്യയനം തുടരുക എന്നത് വിദ്യാഭ്യാസ വകുപ്പിനും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വലിയൊരു കടമ്പ തന്നെയായിരിക്കും.


നേരത്തെ ഒന്നിച്ചിരുന്ന് കുസൃതികള്‍ പറഞ്ഞും വില്ലത്തരങ്ങള്‍ കാണിച്ചും ചിരിച്ചുമായിരുന്നു പഠന കാലത്തെ വിദ്യാര്‍ഥികള്‍ പഠനോത്സവമാക്കിയിരുന്നതെങ്കില്‍ ഇന്നലെ മുതല്‍ക്കുള്ള ക്ലാസ് മുറികള്‍ തീര്‍ത്തും വിഭിന്നമായിരിക്കുകയാണ്. നേരത്തെ ഇടപഴകിയതില്‍ നിന്നൊക്കെയും വ്യത്യസ്തമായ ഒരു ചുറ്റുപാടിലേക്ക് ക്ലാസ് മുറികള്‍ മാറുമ്പോള്‍ കുട്ടികള്‍ക്ക് അത് അരോചകവും അസ്വഭാവികവും ആകുമെന്നതിനു സംശയമില്ല. വീടുകള്‍ക്കുള്ളിലെ ഓണ്‍ലൈന്‍ പഠനം തുടക്കത്തില്‍ കുട്ടികള്‍ക്ക് വലിയ ആവേശം നല്‍കിയിരുന്നെങ്കിലും ആവര്‍ത്തന വിരസതയും സ്‌കൂള്‍ അന്തരീക്ഷം നഷ്ടപ്പെട്ടതും അവരില്‍ പലരെയും ഇച്ഛാഭംഗത്തിന് ഇടയാക്കി. ഇതിനാല്‍ പലരും ഓണ്‍ലൈന്‍ ക്ലാസ് മുറികളില്‍നിന്നു വിട്ടുപോരാന്‍ തുടങ്ങുകയും ചെയ്തു. പഠനത്തിലെ മടുപ്പ് തന്നെയായിരുന്നു ഇത്തരം പഠന പരീക്ഷണങ്ങളില്‍നിന്നു അവരെ അകറ്റിയത്. വിലക്കുകളുടെയും നിബന്ധനകളുടെയും പുതിയ സ്‌കൂള്‍ അന്തരീക്ഷവും ഇത്തരമൊരവസരത്തിന് കാരണമാകുമോ എന്ന് കരുതേണ്ടിയിരിക്കുന്നു.


ഈ വിരസകാലത്തിനൊരു പരിസമാപ്തി കുറിച്ചുകൊണ്ട് വീണ്ടും സ്‌കൂള്‍ മുറ്റത്തേക്ക് കാലെടുത്ത് വച്ചപ്പോള്‍ പഴയകാല സ്‌കൂള്‍ അന്തരീക്ഷമായിരുന്നില്ല ഇന്നലെ അവരെ വരവേറ്റിട്ടുണ്ടാവുക. മാസങ്ങള്‍ക്ക് ശേഷം സഹപാഠികളെ വീണ്ടും കാണുമ്പോള്‍, അധ്യാപകരെ കാണുമ്പോള്‍ മനസ് തുറന്നു സംസാരിക്കാന്‍ മാസ്‌ക് തടസമാണ്. അരികത്തു വരാന്‍ കഴിയില്ല. അകലം പാലിച്ചുകൊണ്ടുള്ള സംസാരവും ക്ലാസ് മുറികളിലെ വേറിട്ടുള്ള ഇരുത്തവും കുട്ടികളെ പ്രത്യേകമൊരു മാനസികാവസ്ഥയില്‍ എത്തിച്ചേക്കാം. സ്‌കൂളുകളിലെ മുഴുവന്‍ സമയവും മാസ്‌ക് ധരിക്കേണ്ടി വരികയും ഒഴിവു സമയങ്ങളില്‍ പോലും ക്ലാസ് മുറികള്‍ക്കുള്ളിലോ, പുറത്തോ കൂട്ടം കൂടാതെ കഴിയേണ്ടി വരികയും ചെയ്യുക എന്നത് കുട്ടികളെ സംബന്ധിച്ചു ദുസ്സഹം തന്നെയായിരിക്കും.


കൗമാരകാല പഠന വര്‍ഷങ്ങളിലെ സൗഹൃദങ്ങളാണ് പലരേയും ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന സ്‌നേഹ ബന്ധത്താല്‍ ഉറപ്പിച്ചുനിര്‍ത്തുന്നത്. അത്തരമൊരു സാഹചര്യം കൊവിഡ് കാലത്തെ അധ്യയന ദിനങ്ങള്‍ ഇല്ലാതാക്കുമെന്ന ഭയം അസ്ഥാനത്തല്ല. അധ്യാപകരുടെ സമയോചിതമായ ഇടപെടലുകളിലൂടെ മാത്രമേ ഇത്തരം സാഹചര്യങ്ങളെ തരണം ചെയ്യാന്‍ കഴിയൂ. പരിചയിച്ചു പോന്നതില്‍നിന്നു തീര്‍ത്തും വ്യത്യസ്തമായ ഒരു ഇടപഴകലിന് വിദ്യാര്‍ഥികളും അധ്യാപകരും വിധേയരാകുമ്പോള്‍ മാനസിക സംഘര്‍ഷത്തിന് ഇടവരുത്തിയേക്കാം. കൈ കൊണ്ട് കണ്ണ്, മൂക്ക് സ്പര്‍ശിക്കരുത്. എവിടെയും കൂട്ടം കൂടി നില്‍ക്കരുത്. പേന, പെന്‍സില്‍, പുസ്തകങ്ങള്‍ പരസ്പരം കൈമാറരുത്. ഇടക്കിടെ സാനിറ്റൈസര്‍ ഉപയോഗിച്ചോ സോപ്പും വെള്ളവും ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കണം. ഒന്നിച്ചിരുന്നു ആഹാരം കഴിക്കരുത്. ഭക്ഷണ സാധനങ്ങള്‍ പങ്കുവയ്ക്കരുത്. കുടിവെള്ളം കൈമാറരുത്. ക്ലാസ് മുറികളിലെ വാതില്‍ പിടികള്‍, ഡെസ്‌ക്ക്, ഡെസ്റ്റര്‍ എന്നിവയൊക്കെ രണ്ടു മണിക്കൂര്‍ കൂടുമ്പോള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കണം തുടങ്ങിയ നിബന്ധനകളോടെയുള്ള പഠനം കുട്ടികള്‍ക്ക് മനഃപ്രയാസം ഉണ്ടാക്കുന്നവയാണ്. അധ്യാപകരാണ് ഈ സന്ദര്‍ഭങ്ങളെ വിജയപൂര്‍വം അഭിമുഖീകരിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കേണ്ടത്. ഓരോ സ്‌കൂളുകളിലും മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിച്ചു ക്ലാസുകള്‍ തോറും ഒരു മണിക്കൂറോ, അര മണിക്കൂറോ ദൈര്‍ഘ്യമുള്ള കൗണ്‍സിലിങ്ങ് നല്‍കുന്നത് ഉചിതമായിരിക്കും. പുതിയ സ്‌കൂള്‍ സാഹചര്യവുമായി ഒത്തുപോകാന്‍ കുട്ടികളെ ഇതു സഹായിക്കും. സ്‌കൂളുകളിലെ പി.ടി.എ കമ്മിറ്റികള്‍ക്ക് ഈ വിഷയത്തില്‍ വലിയ തോതിലുള്ള സേവനങ്ങള്‍ ചെയ്യാന്‍ കഴിയും.


കൊവിഡ് വ്യാപന ഭീതി പൂര്‍ണമായും അകന്നിട്ടില്ലാത്ത സാഹചര്യത്തിലും വകഭേദം വന്ന കൊറോണ വൈറസ് മറ്റൊരു വിപത്തായി മുന്നില്‍ വന്ന് നില്‍ക്കുകയും ചെയ്യുമ്പോള്‍, കൊവിഡിനൊപ്പം ജീവിക്കുക എന്നതു പോലെ കൊവിഡിനൊപ്പം വിദ്യാഭ്യാസവും തുടരുക എന്ന വെല്ലുവിളി നാം ഏറ്റെടുക്കേണ്ടിയിരിക്കുന്നു. അതിന്റെ പരിമിതികളും പരാധീനതകളും തരണം ചെയ്യുക എന്നതു തന്നെയാണ് മുന്നിലുള്ള വഴി. സ്‌കൂളുകളിലെ നിബന്ധനകളുടെ ആവര്‍ത്തനങ്ങള്‍ കുട്ടികളെ അത്തരം നിയന്ത്രണങ്ങളില്‍നിന്നു കുതറി മാറാന്‍ പ്രേരിപ്പിച്ചേക്കാം. അതിന്റെ അപകടങ്ങള്‍ കുട്ടികളെ പറഞ്ഞു മനസിലാക്കാന്‍ അധ്യാപകരും കൗണ്‍സിലിങ് ട്രെയ്‌നര്‍മാരുമാണ് ശ്രദ്ധിക്കേണ്ടത്.
പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞ ഒരു വര്‍ഷമാണ് കടന്നുപോയത്. പുതുവര്‍ഷത്തെ പ്രതീക്ഷാപൂര്‍വം എതിരേല്‍ക്കാന്‍ കരുതലുകള്‍ നമ്മുടെ കുട്ടികള്‍ക്ക് കരുത്താകേണ്ടതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  10 minutes ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  39 minutes ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  44 minutes ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  an hour ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  5 hours ago