HOME
DETAILS
MAL
പാകിസ്താനില്‍ ക്ഷേത്രം തകര്‍ത്തതിന് 30 പേര്‍ അറസ്റ്റില്‍ പുനര്‍നിര്‍മിച്ചു നല്‍കുമെന്ന് പ്രവിശ്യാ സര്‍ക്കാര്‍
backup
January 01 2021 | 20:01 PM
പെഷവാര്‍: പാകിസ്താനിലെ ഒരു ഹൈന്ദവ ക്ഷേത്രത്തിന്റെ വിപുലീകരണത്തില്‍ പ്രതിഷേധിച്ച് അതു തകര്‍ക്കുകയും തീവയ്ക്കുകയും ചെയ്ത കേസില്‍ 30 പേരെ പൊലിസ് അറസ്റ്റ് ചെയ്തു. ക്ഷേത്രം പുനര്‍നിര്‍മിച്ചു കൊടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ബുധനാഴ്ച ഖൈബര്‍ പക്തൂണ്‍ഖ്വ (കെ.പി) പ്രവിശ്യയിലെ ടെരി ഗ്രാമത്തിലാണ് ക്ഷേത്രം തകര്‍ക്കപ്പെട്ടത്. സംഭവത്തെ മന്ത്രിമാരും മനുഷ്യാവകാശ പ്രവര്‍ത്തകരും അപലപിച്ചു. കുറ്റക്കാരെ നീതിക്കു മുന്നില്‍ കൊണ്ടുവരാനും ക്ഷേത്രം പുനര്‍നിര്‍മിച്ചു കൊടുക്കാനും പ്രവിശ്യാ സര്‍ക്കാര്‍ അധികൃതരോട് ഉത്തരവിടുകയായിരുന്നു.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രം നവീകരിക്കാന്‍ പ്രാദേശിക ഭരണകൂടം അനുമതി നല്‍കിയതോടെ ജനക്കൂട്ടം ആക്രമണം നടത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു.സംഭവത്തില്‍ 30 പേരെ അറസ്റ്റ് ചെയ്ത പൊലിസ് 350 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ക്ഷേത്രം സര്‍ക്കാര്‍ നിര്‍മിച്ചുകൊടുക്കുമെന്ന് പ്രവിശ്യാ മുഖ്യമന്ത്രിയുടെ വക്താവ് കമ്രാന്‍ ബന്‍ഗാഷ് അറിയിച്ചു. ന്യൂനപക്ഷങ്ങള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കും സംരക്ഷണം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രം തകര്‍ത്തതിനെ മനുഷ്യാവകാശ മന്ത്രി ഷിരീന്‍ മസാരി അപലപിച്ചു. സംഭവം ദൗര്‍ഭാഗ്യകരമെന്നു പറഞ്ഞ കെ.പി മുഖ്യമന്ത്രി മഹ്മൂദ് ഖാന്‍ കുറ്റക്കാരെ ശിക്ഷിക്കുമെന്നും ആരാധനാലയങ്ങള്‍ സംരക്ഷിക്കുമെന്നും പ്രഖ്യാപിച്ചു. കുറ്റകൃത്യത്തില്‍ പങ്കാളികളായ മുഴുവന്‍ പേരെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാന്‍ അദ്ദേഹം ഉത്തരവിട്ടു.
പാകിസ്താനില്‍ ഔദ്യോഗിക കണക്കുപ്രകാരം 75 ലക്ഷം ഹിന്ദുമതക്കാരാണുള്ളത്. ഇതില്‍ കൂടുതലും സിന്ധ് പ്രവിശ്യയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."