HOME
DETAILS
MAL
ചലച്ചിത്രമേള ഇത്തവണ നാലു മേഖലകളിലായി
backup
January 01 2021 | 20:01 PM
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ 25ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള നാലു മേഖലകളിലായി നടത്തുമെന്ന് മന്ത്രി എ.കെ ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊവിഡ് മാനദണ്ഡം പാലിച്ച് തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലാണ് മേള നടക്കുക. ഓരോ മേഖലയിലും അഞ്ചു ദിവസങ്ങളിലായി അഞ്ചു തിയേറ്ററുകളിലാണ് മേള.
തിരുവനന്തപുരത്ത് ഫെബ്രുവരി 10 മുതല്‍ 14 വരെയും എറണാകുളത്ത് 17 മുതല്‍ 21 വരെയും തലശ്ശേരിയില്‍ 23 മുതല്‍ 27 വരെയും പാലക്കാട്ട് മാര്‍ച്ച് ഒന്നു മുതല്‍ അഞ്ചു വരെയുമാണ് മേള. ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായവര്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ഡെലിഗേറ്റ് പാസ് വാങ്ങുന്നതിനു മുന്‍പ് ആന്റിജന്‍ ടെസ്റ്റ് നടത്താനുള്ള സജ്ജീകരണം ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ചലച്ചിത്ര അക്കാദമി ഒരുക്കും.
മേള തുടങ്ങുന്നതിന് 48 മണിക്കൂര്‍ മുന്‍പ് കൊവിഡ് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും പാസ് അനുവദിക്കും. ഐ.എഫ്.എഫ്.കെയുടെ സ്ഥിരം വേദി തുടര്‍ന്നും തിരുവനന്തപുരം തന്നെയായിരിക്കും.
മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാട്ടുമായിരിക്കും. മേളയുടെ ഭാഗമായി പൊതുപരിപാടികളോ ആള്‍ക്കൂട്ടമുള്ള സാംസ്‌കാരിക പരിപാടികളോ ഉണ്ടാവില്ല. ഉദ്ഘാടന, സമാപനച്ചടങ്ങുകളില്‍ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കുകയുള്ളൂ. ഡെലിഗേറ്റ് ഫീസ് പൊതുവിഭാഗത്തിന് 750 രൂപയായും വിദ്യാര്‍ഥികള്‍ക്ക് 400 രൂപയായും കുറച്ചിട്ടുണ്ട്. പ്രതിനിധികള്‍ സ്വദേശം ഉള്‍പ്പെടുന്ന മേഖലയില്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്തണം.
തിയേറ്ററുകളിലേക്കുള്ള പ്രവേശനം പൂര്‍ണമായും റിസര്‍വേഷന്‍ അടിസ്ഥാനത്തില്‍ ആയിരിക്കും. സീറ്റ് നമ്പരടക്കം റിസര്‍വേഷനില്‍ ലഭിക്കും. ഓരോ തിയേറ്ററിലും 200 പേര്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കൂ. തെര്‍മല്‍ സ്‌കാനിങ് നടത്തിയതിനു ശേഷമായിരിക്കും പ്രവേശനം. കൃത്യമായി സാമൂഹ്യ അകലം പാലിച്ചുകൊണ്ടു മാത്രമേ തിയേറ്ററുകളില്‍ സീറ്റ് നല്‍കുകയുള്ളൂ. ഓരോ പ്രദര്‍ശനം കഴിയുമ്പോഴും തിയേറ്ററുകള്‍ സാനിറ്റൈസ് ചെയ്യും.
മീറ്റ് ദ ഡയരക്ടര്‍, പ്രസ് മീറ്റ്, മാസ്റ്റര്‍ ക്ലാസ്, വിദേശ അതിഥികളുടെ സാന്നിധ്യം എന്നിവയെല്ലാം ഓണ്‍ലൈന്‍ വഴിയായിരിക്കും. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിദേശ പ്രതിനിധികളോ അതിഥികളോ മേളയില്‍ നേരിട്ടു പങ്കെടുക്കില്ല. അന്താരാഷ്ട്ര മത്സര വിഭാഗം, ലോക സിനിമാ വിഭാഗം, മലയാളം സിനിമ റ്റുഡേ, ഇന്ത്യന്‍ സിനിമ നൗ, കലൈഡോസ്‌കോപ്പ്, റെട്രോസ്‌പെക്ടീവ് എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും മേളയിലുണ്ടായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."